ചെന്നൈ- ഇന്ത്യന്‍ ലെന്‍ഡിംഗ്, ഇന്‍ഷുറന്‍സ് ബിസിനസ് രംഗത്ത് അറിയപ്പെടുന്ന പേരാണ് ആര്‍ ത്യാഗരാജന്‍. ചെന്നൈ ആസ്ഥാനമായുള്ള ധനകാര്യ സേവന കൂട്ടായ്മയായ ശ്രീറാം ഗ്രൂപ്പിന്റെ സഹസ്ഥാപകനാണ് അദ്ദേഹം. എവിഎസ് രാജ, ടി ജയരാമന്‍ എന്നിവര്‍ക്കൊപ്പം ആര്‍ ത്യാഗരാജനും ചേര്‍ന്ന് 1974ല്‍ കമ്പനി സ്ഥാപിച്ചു. തുടക്കത്തില്‍, ഒരു ചിട്ടി ഫണ്ട് ബിസിനസായി ആരംഭിച്ച കമ്പനി പിന്നീട് വായ്പ നല്‍കുന്ന ഭീമനായി മാറുകയായിരുന്നു. ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാത്ത താഴ്ന്ന വരുമാനക്കാരായ ആവശ്യക്കാര്‍ക്ക് വായ്പ നല്‍കിയാണ് 87,000 കോടിയുടെ ശ്രീറാം ഗ്രൂപ്പ് കെട്ടിപ്പടുക്കാന്‍ ആര്‍. ത്യാഗരാജന് കഴിഞ്ഞത്. വിജയിച്ച ബിസിനസുകാരില്‍ നിന്ന് വ്യത്യസ്തമായി, ആര്‍ ത്യാഗരാജന്‍ മിതവ്യയത്തോടെയാണ് ജീവിക്കുന്നത്. തന്റെ പണത്തിന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുകയും 6 ലക്ഷം രൂപ മാത്രം വിലയുള്ള കാര്‍ ഓടിക്കുകയും ചെയ്യുന്നു.
ബ്ലൂംബെര്‍ഗിനോട് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ, ക്രെഡിറ്റ് ചരിത്രമില്ലാത്തവര്‍ക്ക് പണം കടം കൊടുക്കുന്നത് അപകടകരമല്ലെന്ന് തെളിയിക്കാനാണ് താന്‍ കമ്പനി ആരംഭിച്ചതെന്ന് ആര്‍. ത്യാഗരാജന്‍ വെളിപ്പെടുത്തി. നിലവില്‍ ആര്‍ ത്യാഗരാജന്റെ ശ്രീറാം ഗ്രൂപ്പില്‍ 1,00,000 പേര്‍ ജോലി ചെയ്യുന്നു. ട്രക്കുകള്‍ക്കും ട്രാക്ടറുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കുമായി സമൂഹത്തിലെ ദരിദ്ര മേഖലക്ക് വായ്പ നല്‍കുന്നതില്‍ അദ്ദേഹത്തിന്റെ കമ്പനി മുന്‍നിരക്കാരയിലാണ്.
തമിഴ്‌നാട്ടിലെ ഒരു സമ്പന്ന കര്‍ഷക കുടുംബത്തില്‍ ജനിച്ച ആര്‍ ത്യാഗരാജന്‍ ഗണിതശാസ്ത്രത്തിലാണ് ബിരുദം നേടിയത്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ബിരുദാനന്തര ബിരുദം നേടി. 1961ല്‍ അദ്ദേഹം ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയില്‍ ചേര്‍ന്നു. നിരവധി ഫിനാന്‍സ് കമ്പനികളില്‍ ജീവനക്കാരനായി രണ്ട് പതിറ്റാണ്ടോളം അദ്ദേഹം ജോലി തുടര്‍ന്നു. 37 ാം വയസ്സില്‍ അദ്ദേഹം സംരംഭകത്വം ആരംഭിച്ചു. ഇപ്പോള്‍ ഗ്രൂപ്പിന് 30 കമ്പനികളുണ്ട്.
ആര്‍ ത്യാഗരാജന്‍ 6210 കോടിയിലധികം രൂപയാണ് ജീവനക്കാര്‍ക്ക് നല്‍കിയത്. തന്റെ ഓഹരികളെല്ലാം അദ്ദേഹം ഒരു കൂട്ടം ജീവനക്കാര്‍ക്ക് വിട്ടുകൊടുത്തു. മുഴുവന്‍ പണവും അദ്ദേഹം ശ്രീറാം ഉടമസ്ഥതയിലുള്ള ട്രസ്റ്റിലേക്ക് മാറ്റി. ഒരു സാധാരണ കാര്‍ ഓടിക്കുന്നു, സ്വന്തമായി മൊബൈല്‍ ഇല്ല. കാരണം അവ ശ്രദ്ധ തിരിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ചെറിയ വീട്ടിലാണ് താമസിക്കുന്നത്. കമ്പനിക്ക് 23 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. മുന്‍നിര കമ്പനിയായ ശ്രീറാം ഫിനാന്‍സ് ലിമിറ്റഡിന്റെ വിപണി മൂല്യം ഏകദേശം 865 ബില്യണ്‍ രൂപയാണ്.






