Sorry, you need to enable JavaScript to visit this website.

കേന്ദ്രവുമായി ചര്‍ച്ചക്ക് കേരള സംഘം ദല്‍ഹിക്ക്, ധനമന്ത്രി നേതൃത്വം നല്‍കും

തിരുവനന്തപുരം- സാമ്പത്തിക വിഷയങ്ങളില്‍ സുപ്രീം കോടതി മുന്നോട്ടുവച്ച പരിഹാര ചര്‍ച്ചക്ക് കേരളം തയാറാണെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. നാലംഗ പ്രതിനിധി സംഘമായിരിക്കും സംസ്ഥാന സര്‍ക്കാരിനായി ചര്‍ച്ചകളില്‍ പങ്കെടുക്കുക. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രവീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരുമുണ്ടാകും.

കടമെടുപ്പ് പരിധിയടക്കമുള്ള സാമ്പത്തിക വിഷയത്തില്‍ കേരള, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ ആരാഞ്ഞ കോടതിയോട് ഇരുപക്ഷവും സമ്മതം അറിയിക്കുകയായിരുന്നു. സംസ്ഥാനം ഉന്നയിച്ച വിഷയങ്ങള്‍ സുപ്രീം കോടതി ഗൗരവമായി തന്നെ പരിഗണിച്ചു.

ആദ്യഘട്ടത്തില്‍ കേരളത്തിന്റെ ഹരജിയെ പൂര്‍ണമായും എതിര്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും അനാവശ്യച്ചെലവുകളുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന വാദം ഉയര്‍ത്താനായിരുന്നു ശ്രമം.

എന്നാല്‍, കേരളം ഉന്നയിച്ച വിഷയങ്ങള്‍ മറ്റ് സംസ്ഥാനങ്ങളും അംഗീകരിക്കാന്‍ തുടങ്ങിയതോടെ, വിഷയം കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ കാര്യമാണന്നും കോടതിയില്‍ പരിഹരിക്കേണ്ട വിഷയമല്ലെന്നുമുള്ള നിലപാടും കേന്ദ്ര സര്‍ക്കാരിനായി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ചര്‍ച്ചയിലൂടെ പരിഹാരം തേടേണ്ടതിന്റെ ആവശ്യകതയിലാണ് സുപ്രീം കോടതി ഊന്നിയത്.

 

Latest News