Sorry, you need to enable JavaScript to visit this website.

സ്വകാര്യ സ്ഥാപനങ്ങള്‍ പോലെ വ്യക്തി ലാഭത്തിനല്ല തൊഴിലാളി സഹകരണ സംഘങ്ങള്‍: മുഖ്യമന്ത്രി

വടകര- ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുകയും ലാഭം തൊഴിലാളികളുടെയും നാടിന്റെയും ക്ഷേമത്തിനായി വിനിയോഗിക്കുകയും ചെയ്യുന്ന മാതൃകാ സ്ഥാപനമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര മടപ്പള്ളി ജി. എച്ച്. എസ്  സ്‌കൂള്‍ അങ്കണത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സൊസൈറ്റിക്കു സര്‍ക്കാരുകള്‍ നല്കുന്ന ന്യായമായ ആനുകൂല്യങ്ങളെ തെറ്റായി അവതരിപ്പിക്കുന്നവര്‍ ആരെയാണു സഹായിക്കുന്നതെന്നു ജനങ്ങള്‍ക്കു നന്നായി മനസിലാകുന്നുണ്ടെന്നും മാധ്യമങ്ങള്‍ ആ സമീപനം തിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
അഴിമതിക്കും അനീതിക്കും എതിരായ ഗുരു വാഗ്ഭടാനന്ദന്റെ ഉപദേശങ്ങള്‍ ഉദ്ധരിച്ച മുഖ്യമന്ത്രി ആ പാതയില്‍നിന്ന് വ്യതിചലിക്കാതെ പ്രവര്‍ത്തിക്കുന്നതാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ വളര്‍ച്ചയുടെ ആധാരമെന്നും അഭിപ്രായപ്പെട്ടു. 

തൊഴിലാളി സഹകരണ സംഘം സ്വകാര്യ സ്ഥാപനം പോലെ വ്യക്തികളുടെ ലാഭത്തിനായുള്ളതല്ല. അത്തരം സാമൂഹിക സംരംഭങ്ങള്‍ കൈവരിക്കുന്ന നേട്ടം ആ സമൂഹത്തിന്റെയാകെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനുമാണു വിനിയോഗിക്കപ്പെടുക. ഈ വലിയ വ്യത്യാസം മനസിലാക്കാത്തവരാണ് സാമൂഹിക സംരംഭങ്ങളായ സഹകരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നത് എന്തോ അപരാധമാണെന്നു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മുന്‍നിര കമ്പനികളോടു മത്സരിക്കാനും കരാറെടുക്കാനും കഴിയുന്ന കേരളത്തിലെ ഏക സ്ഥാപനമായ ഊരാളുങ്കല്‍ സൊസൈറ്റി സംസ്ഥാനത്തെ ഏറ്റവും വലിയ നാലാമത്തെ തൊഴില്‍ ദാതാവാണ്. കാലികമായ വൈവിധ്യവത്ക്കരണത്തിലൂടെ ലോകത്തു രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന ഊരാളുങ്കല്‍ സൊസൈറ്റി ഇനിയുമേറെ വളര്‍ന്നുവ ികസിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

'ഊരാളുങ്കല്‍: കഥകളും കാര്യങ്ങളും' എന്ന മനോജ് കെ. പുതിയവിളയുടെ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരള ഗ്രന്ഥശാലാ സഹകരണസംഘം പ്രസിദ്ധീകരിച്ച പുസ്തകം ശതബ്ദിയോടനുബന്ധിച്ചു പുറത്തിറക്കുന്ന 15 പുസ്തകങ്ങളില്‍ ആദ്യത്തേതാണ്. ടി. പദ്മനാഭന്റെ അവതാരികയോടു കൂടിയ പുസ്തകം പ്രശസ്ത എഴുത്തുകാരന്‍ എം. മുകുന്ദന്‍ ഏറ്റുവാങ്ങി.

മന്ത്രിമാരായ വി. എന്‍. വാസവന്‍, പി. എ. മുഹമ്മദ് റിയാസ്, എ. കെ ശശീന്ദ്രന്‍, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, ടി. പത്മനാഭന്‍, എം. മുകുന്ദന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, എം. എല്‍. എമാരായ കെ. കെ. രമ, ഇ. കെ. വിജയന്‍, മുന്‍ മന്ത്രിമാരായ എം. കെ. മുനീര്‍, സി. കെ. നാണു, ചീഫ് സെക്രട്ടറി ഡോ. വി. വേണു, മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സഹകരണസംഘം രജിസ്ട്രാര്‍ ടി. വി. സുഭാഷ്, വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി, ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് ഏഷ്യ- പസഫിക് മേഖലാ ഡയറക്ടര്‍ ബാലു. ജി. അയ്യര്‍, പത്മശ്രീ മീനാക്ഷിയമ്മ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ബി. സുധ, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗം സി. പി. ജോണ്‍, ലേബര്‍ഫെഡ് ചെയര്‍മാന്‍ എ. സി. മാത്യു, കേരള ഗ്രന്ഥശാല സഹകരണ സംഘം പ്രസിഡന്റ് പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, കേരള ആത്മവിദ്യാ സംഘം ജനറല്‍ സെക്രട്ടറി തോട്ടപ്പള്ളി ഗോപാലകൃഷ്ണന്‍, വടകര മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ. പി. ബിന്ദു, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കെ. പി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ശ്രീജിത്ത് ഒഞ്ചിയം, പി. പി. ചന്ദ്രശേഖരന്‍ ചോറോട്, ടി. പി. മിനിക ഏറാമല,  ആയിഷ ഉമ്മര്‍ അഴിയൂര്‍, ജില്ലാ പഞ്ചായത്ത് അംഗം  എന്‍. എം. വിമല ഉള്‍പ്പെടെ ജനപ്രതിനിധികളും, വിവിധ പാര്‍ട്ടി നേതാക്കളും പ്രസംഗിച്ചു.

Latest News