സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി രാജസ്ഥാന്‍, മുസ്‌ലിം സംഘടനകള്‍ കോടതിയില്‍

ജയ്പൂര്‍ - സ്‌കൂളുകളിലെ നിര്‍ബന്ധിത സൂര്യനമസ്‌കാരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.  ഫെബ്രുവരി 15 മുതല്‍ എല്ലാ സ്‌കൂളുകളിലും സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കി മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.
ഇത് മതസ്വാതന്ത്ര്യത്തിന്റെ പൂര്‍ണമായ ലംഘനമാണെന്ന് പ്രസ്താവിച്ച  മുസ്‌ലിം സംഘടനകള്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
ഫെബ്രുവരി 12 ന്, ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് സംസ്ഥാന എക്‌സിക്യൂട്ടീവ് മറ്റ് മുസ്‌ലിം സംഘടനകളുമായി ഒരു സംയുക്ത യോഗം വിളിച്ചു. ഫെബ്രുവരി 15 ന് മുസ്‌ലിം കുട്ടികളെ സ്‌കൂളുകളില്‍ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
'ഫെബ്രുവരി 15 ന് ഒരു മുസ്‌ലിം കുട്ടിയും സ്‌കൂളില്‍ പോകില്ല. ഈ തീരുമാനം രാജസ്ഥാനിലെ പള്ളികളിലുടനീളം അറിയിക്കും. ഹിന്ദുക്കള്‍ക്കും മുസ്‌ലിംങ്ങള്‍ക്കുമിടയില്‍ ഭിന്നത സൃഷ്ടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജംഇയത്ത് രാജസ്ഥാന്‍ ജനറല്‍ സെക്രട്ടറി മൗലാന അബ്ദുള്‍ വാഹിദ് ഖത്രി പറഞ്ഞു. ഫെബ്രുവരി 14 ന് രാജസ്ഥാന്‍ ഹൈക്കോടതി കേസ് പരിഗണിക്കും.

 

Latest News