Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വന്‍ അട്ടിമറി; കുബന്നൂര്‍ മാലിന്യ പ്ലാന്റ് കത്തിച്ചത് ഒന്നരക്കോടിയുടെ ബയോ മൈനിംഗ്  ടെന്റര്‍ നല്‍കിയതിന് പിന്നാലെ

കാസര്‍ക്കോട്- മംഗല്‍പാടി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന മഞ്ചേശ്വരം കുബന്നൂര്‍ മാലിന്യ പ്ലാന്റ് കത്തിച്ചത് ഒന്നരക്കോടിയുടെ ബയോ മൈനിംഗ് ടെന്റര്‍ നല്‍കിയതിന് പിന്നാലെയാണെന്ന് അറിവായി. 

പ്ലാന്റില്‍ വര്‍ഷങ്ങളായി നിക്ഷേപിച്ചിട്ടുള്ള ജൈവ, ഖര മാലിന്യങ്ങള്‍ കുഴിച്ചെടുത്ത് യന്ത്രം കൊണ്ട് വേര്‍തിരിക്കലും കൈമാറലുമാണ് ബയോ മൈനിംഗ് പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. ഇതിന് മുന്നോടിയായി 85 ലക്ഷം രൂപയുടെ മാലിന്യങ്ങള്‍ നേരത്തെ പ്ലാന്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അവശേഷിച്ച മാലിന്യങ്ങളാണ് കത്തിച്ചു കളയാന്‍ രാത്രിയുടെ  മറവില്‍ തീയിട്ടത്. മാലിന്യങ്ങള്‍ കുഴിച്ചെടുത്ത് വേര്‍തിരിച്ച് കൈമാറുന്ന ജോലിയുടെ ടെന്റര്‍ എടുക്കാന്‍ മഞ്ചേശ്വരത്തെ പലര്‍ക്കും  ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ശുചിത്വ മിഷനില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തതിനാല്‍ ടെന്ററില്‍ പങ്കെടുക്കാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിലുള്ള വൈരാഗ്യം പ്രധാന വിഷയമായിരുന്നു. 

പ്ലാന്റ് കുബന്നൂരില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികള്‍ നടത്തിവരുന്ന പ്രക്ഷോഭവും മറ്റൊരു വിഷയമായിരുന്നു. കുബന്നൂരിലെ മാലിന്യപ്ലാന്റ് ഇരുപതോളം വര്‍ഷം പഴക്കമുള്ളതാണ്. ജൈവ അജൈവ മാലിന്യങ്ങള്‍ എത്തിക്കുന്ന കേന്ദ്രമായിരുന്നു ഇത്. പിന്നീട് ജൈവ മാലിന്യ സംസ്‌ക്കരണത്തിന്നായി വിപുലമായ വിന്‍ഡ്രോ കമ്പോസ്റ്റിംഗ് ആരംഭിച്ചു. ജൈവ വളം നിര്‍മ്മിച്ചു. പത്തോളം തൊഴിലാളികള്‍ ഉണ്ടായിരുന്നു. 

സംസ്ഥാനത്തു തന്നെ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയിരുന്ന പ്ലാന്റായിരുന്നു കുബന്നൂര്‍. പിന്നീട് വേര്‍തിരിച്ച് സംസ്‌ക്കരിക്കാതെ മാലിന്യം തള്ളുന്ന ഡമ്പ് സൈറ്റ് ആയി മാറി. 2021ല്‍ മാലിന്യം നീക്കുന്നതിന് ടെണ്ടര്‍ ചെയ്ത് പകുതിയിലധികം മാലിന്യം ഇവിടെ നിന്നും കൊണ്ടുപോയി. എന്നാല്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക് തടസ്സമായി.

തുടര്‍ന്ന് മാലിന്യം തള്ളുന്ന ഇടം ഹൈവേയുടെ ഇരുഭാഗങ്ങളുമായി. ശക്തമായ ജനകീയ ഇടപെടല്‍ ഉണ്ടായത് കൊണ്ടും ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നടപടിയും ആയതോടെ ക്ലീന്‍ കേരള കമ്പനി മുഖേന മംഗല്‍പ്പാടി ഗ്രാമപഞ്ചായത്ത് ഏകദേശം മുപ്പത് ലക്ഷം രൂപ വിനിയോഗിച്ച് പാതയോരം വൃത്തിയാക്കി. കുബനൂരില്‍ അവശേഷിക്കുന്ന മാലിന്യം നിക്കുന്നതിന് വിവിധ നിര്‍ദ്ദേശങ്ങള്‍ വിദഗ്ദര്‍ നല്‍കിയിരുന്നുവെങ്കിലും പഞ്ചായത്ത് തയ്യാറായിരുന്നില്ല. ഒടുവില്‍ ജില്ലാ കളക്ടര്‍ ദുരന്ത നിവാരണ നിയമപ്രകാരം ഗ്രാമ പഞ്ചായത്തിലെ ഫണ്ട് ഏറ്റെടുത്ത് മാലിന്യ സംസ്‌ക്കരണ രംഗത്ത് ഇടപെടാന്‍ തയ്യാറായപ്പോഴാണ് ഭരണസമിതി സജീവമായത്. 

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കുബനൂര്‍ പ്ലാന്റ് ബയോ മൈനിംഗ് ചെയ്യാന്‍ ശുചിത്വ മിഷന്‍ മുഖേനയാണ് ഫണ്ട് ലഭ്യമാക്കിയത്. അതിന്നായി എഞ്ചിനിയറിംഗ് വിഭാഗം സര്‍വ്വെ നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കി ടെണ്ടര്‍ നടത്തി. ഈ ഘട്ടത്തിലാണ് തീപിടുത്തമുണ്ടായത് എന്നത് ഏറെ ദുരൂഹമാണ്.

Latest News