Sorry, you need to enable JavaScript to visit this website.

വ്യവസായ നയം തിരുത്തിയത് വീണ വിജയന് മാസപ്പടി കിട്ടിയതിനാല്‍; ഗുരുതര ആരോപണവുമായി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം- വീണാ വിജയന് മാസപ്പടിയായി എട്ട് ലക്ഷം രൂപ വീതം നല്‍കിയതിന് പ്രത്യുപകാരമായാണ് വ്യവസായനയം തിരുത്തി മുഖ്യമന്ത്രി സി.എം.ആര്‍.എല്ലിന് കോടികളുടെ കരിമണല്‍ ഇടപാടിന് കളമൊരുക്കിയതെന്നും  മാസപ്പടി കേസിലെ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മാത്യു കുഴല്‍ നാടന്‍ എംഎല്‍എ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സുപ്രീം കോടതി വിധി പ്രകാരം കരിമണല്‍ പാട്ടം റദ്ദാക്കി സ്ഥലം തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് മുഖ്യമന്ത്രിയുടെ വഴിവിട്ട ഇടപെടല്‍ മൂലമാണെന്നും കുഴല്‍നാടന്‍ പറഞ്ഞു. സ്വകാര്യമേഖലയില്‍ കരിമണല്‍ ഖനനം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനവും നടപ്പാക്കിയില്ല. ഇതെല്ലാം മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കര്‍ നിയമസഭയില്‍ സംസാരിക്കുന്നത് തടഞ്ഞത്. സ്പീക്കര്‍ ചെയ്തത് അംഗത്തിന്റെ അവകാശ ലംഘനമാണെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. ഇന്നലെ നിയമസഭയില്‍ മാസപ്പടി വിഷയം ഉന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്റെ ശ്രമം സ്പീക്കര്‍ തടഞ്ഞിരുന്നു.
1000 കോടിക്കു മുകളില്‍ മൂല്യമുള്ള കരിമണല്‍ പാട്ടത്തിനു സിഎംആര്‍എല്ലിനു സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. 2004ലാണ് പാട്ടത്തിനു നല്‍കിയത്. പിന്നീട് അനുമതി സ്റ്റേ ചെയ്തു. വിഎസിന്റെ കാലത്തു കരി മണല്‍ പാട്ടം പൊതു മേഖലയില്‍ മാത്രമാക്കി. സിഎംആര്‍എല്ലിനു അനുകൂലമായി ഹൈകോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും വിധി ഉണ്ടായി. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയി. തുടര്‍ന്ന് സിഎംആര്‍എല്ലിന് പാട്ടം അനുവദിച്ച മേഖലകള്‍ വിഞാപനം ചെയ്താല്‍ സര്‍ക്കാരിന് ഏറ്റെടുക്കാം എന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. 2016 ഏപ്രില്‍ എട്ടിന് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും 2016 ഡിസംബര്‍ 20 മുതല്‍ മുതല്‍ വീണയുടെ അക്കൗണ്ടിലേക്ക് സിഎംആര്‍എല്ലില്‍ നിന്ന് പണം എത്തി തുടങ്ങിയെന്നും മാത്യു കുഴല്‍ നാടന്‍ പറയുന്നു.


2004 മുതല്‍ എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ എടുത്ത സമീപനം കരി മണല്‍ ഖനനം പൊതു മേഖലയില്‍ മാത്രം മതി എന്നതാണ്. 2018 ലെ വ്യവസായ നയത്തില്‍ മാറ്റം വരുത്തുകയായിരുന്നു. സിഎംആര്‍എല്‍നു പാട്ടത്തിനു അനുവദിച്ച പ്രദേശം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സുപ്രീം കോടതി അധികാരം നല്‍കിട്ടിയിട്ടും ചെയ്തില്ല. സിഎംആര്‍എല്‍ നു പാട്ടത്തിന് അനുമതി നല്‍കാന്‍ പിണറായി സര്‍ക്കാര്‍ വ്യവസായ നയത്തില്‍ മാറ്റം വരുത്തുകയായിരുന്നു. നയം മാറുമ്പോള്‍ എല്ലാം വീണയുടെ അക്കൗണ്ടിലേക്ക് മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വന്നു കൊണ്ടിരുന്നു. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നു. 2019 ഇല്‍ ആറ്റമിക് ധാതു ഖനനം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമാക്കി. മറ്റ് എല്ലാ അനുമതികളും റദ്ദാക്കാനും കേന്ദ്ര നയം ആവശ്യപ്പെട്ടു.12.4.2019 ല്‍ സിഎംആര്‍എല്‍ നു ഉള്ള പാട്ട അനുമതി റദ്ദാക്കുകയായിരുന്നു. അന്ന് സിഎംആര്‍എല്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയെന്നും മുഖ്യമന്ത്രി വ്യവസായ സെക്രട്ടറിയോട് നോട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടുവെന്നും മാത്യു കുഴല്‍നാടന്‍ പറയുന്നു.  
സിഎംആര്‍എല്ലിന് കരി മണല്‍ ഖനന അനുമതി ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു. സിഎംആര്‍എല്‍ നല്‍കിയ നിവേദനത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഇടപെടല്‍ നടത്തിയത്. മുഖ്യമന്ത്രി ഫയല്‍ പരിശോധിക്കുകയാണെന്ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2019ല്‍ എഴുതിയെന്നും മുഖ്യമന്ത്രി അധ്യക്ഷനായി യോഗം ചേര്‍ന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് മുന്നിലേക്ക് പോയെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

Latest News