Sorry, you need to enable JavaScript to visit this website.

ഒളിച്ചുകളി തുടരുന്നു; റഫക്കുനേരെ ആക്രമണം നടത്തരുതെന്ന് ആവശ്യപ്പെടാതെ ബൈഡന്‍

വാഷിംഗ്ടണ്‍- ഗാസയില്‍ ക്രൂരത തുടരുന്ന ഇസ്രായില്‍ റഫക്കെതിരെ ആക്രമണം നടത്തരുതെന്ന് വ്യക്തമായി ആവശ്യപ്പെടാതെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍ റഫക്കെതിരായ ഇസ്രായില്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ ലോകത്തിന് താങ്ങാന്‍ കഴിയില്ലെന്ന് ജോ ബൈഡനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ജോര്‍ദാന്‍ ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവ് ഓര്‍മിപ്പിച്ചു.
യുദ്ധം ആരംഭിച്ച ശേഷം ഈജിപ്ത് അതിര്‍ത്തിയിലെ റഫയിലേക്ക് തള്ളപ്പെട്ട പത്തു ലക്ഷത്തിലധികം ആളുകള്‍ അസഹനീയമായ സാഹചര്യമാണ് ഇപ്പോള്‍ തന്നെ നേരിടുന്നത്. ഗാസയില്‍ യുദ്ധം തുടരാന്‍ അനുവദിച്ച് എല്ലാം കൈയുംകെട്ടി നോക്കിനില്‍ക്കാനാവില്ല. യുദ്ധം അവസാനിപ്പിക്കണം. ഇസ്രായിലിനൊപ്പം സമാധാനത്തിലും സുരക്ഷയിലും കഴിയുന്ന, കിഴക്കന്‍ ജറൂസലം തലസ്ഥാനമായി പരമാധികാര സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍വരണമെന്നാണ് ആഗ്രഹിക്കുന്നത്. ഫലസ്തീനികള്‍ക്കും ഇസ്രായിലികള്‍ക്കും മേഖലക്ക് മൊത്തത്തിലും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്ന ഏക പോംവഴി ഇതാണ്. ഗാസയില്‍ തങ്ങളുടെ കടമകള്‍ വഹിക്കാന്‍ സാധിക്കുന്നതിന് യു.എന്‍ റെഫ്യൂജീസ് ആന്റ് വര്‍ക്‌സ് ഏജന്‍സിക്ക് തുടര്‍ന്നും ആവശ്യമായ പിന്തുണയും സഹായവും ലഭിക്കേണ്ടത് നിര്‍ബന്ധമാണെന്നും ജോര്‍ദാന്‍ രാജാവ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

വെസ്റ്റ് ബാങ്കിലും മധ്യപൗരസ്ത്യദേശത്തും സ്ഥിതിഗതികള്‍ ഭദ്രമാകേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അബ്ദുല്ല രണ്ടാമന്‍ രാജാവും വിശകലനം ചെയ്തതായി വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ജറൂസലമിലെ മസ്ജിദുല്‍അഖ്‌സയില്‍ തല്‍സ്ഥിതി കാത്തുസൂക്ഷിക്കണമെന്ന് ബൈഡന്‍ പറഞ്ഞു. ഗാസയില്‍ ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടയക്കുന്നതിന് ചര്‍ച്ചയിലുള്ള കരാറിന്റെ ഭാഗമായി കുറഞ്ഞത് ആറാഴ്ചത്തേക്കെങ്കിലും വെനിര്‍ത്തല്‍ ഇടവേള നടപ്പാക്കുന്നതിനെ കുറിച്ച് ജോര്‍ദാന്‍ രാജാവുമായുള്ള ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് പരാമര്‍ശിച്ചു. ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന ആവശ്യത്തെ ഇപ്പോഴും എതിര്‍ക്കുന്ന ജോ ബൈഡന്‍ താല്‍ക്കാലികവും ഉപാധിയോടെയുള്ളതുമായ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടു.
ഇസ്രായിലും ഹമാസും തമ്മില്‍ ബന്ദി മോചന ഉടമ്പടിയിലെത്താന്‍ അമേരിക്ക പ്രവര്‍ത്തിക്കുന്നു. അത് ഗാസയില്‍ കുറഞ്ഞത് ആറാഴ്ചയെങ്കിലും ശാന്തമായ ഒരു കാലഘട്ടത്തിന് കാരണമാകും. കൂടാതെ, കൂടുതല്‍ സുസ്ഥിരമായ എന്തിലേക്കെങ്കിലും അത് നയിച്ചേക്കും - ബൈഡന്‍ പറഞ്ഞു.

റഫ ആക്രമണം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ജോര്‍ദാന്‍ രാജാവ് ഉടനടി യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും റഫക്കു നേരെ ഇസ്രായില്‍ ആക്രമണം നടത്തരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമായി ആവശ്യപ്പെട്ടില്ല.
സാധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കണം എന്നു മാത്രമാണ് ബൈഡന്‍ ആവശ്യപ്പെട്ടത്. റഫക്കെതിരായ ഏതു ആക്രമണത്തിലും സാധാരണക്കാരെ സംരക്ഷിക്കാന്‍ വിശ്വസനീയവും നടപ്പിലാക്കാവുന്നതുമായ ഒരു പദ്ധതി വികസിപ്പിക്കണമെന്ന് ഇസ്രായിലിനോട് അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇസ്രായിലിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ ഏക മാര്‍ഗം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കലാണെന്ന ജോര്‍ദാന്‍ രാജാവിന്റെ നിലപാടിനോട് ജോ ബൈഡനും യോജിച്ചു.

 

Latest News