തിരുവനന്തപുരം - നിയമസഭയിൽ ക്രമപ്രശ്‌നം ഉയർത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നടപ്പ് സമ്മേളനത്തിൽ മറുപടി നൽകേണ്ട 199 ചോദ്യങ്ങൾക്ക് ധനമന്ത്രി കെ.എൻ ബാലഗോപാൽ മറുപടി നൽകിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഭയിൽ ഉന്നയിച്ചു.
സാമ്പത്തിക പ്രതിസന്ധിയിൽ വസ്തുതകൾ ആവശ്യപ്പെടുന്ന ചോദ്യങ്ങളായിരുന്നു പ്രതിപക്ഷം ചോദിച്ചത്. എന്നാൽ, മറുപടി ലഭിച്ചില്ല. പ്രതിപക്ഷം അടക്കം സംഭാംഗങ്ങളിൽ നിന്ന് വിവരം മറച്ച് വയ്ക്കുന്നു. കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ബജറ്റിനൊപ്പം സമർപ്പിക്കേണ്ട കിഫ്ബി രേഖകളും സമർപ്പിച്ചിട്ടില്ല. ഇത് ഗുരുതരമായ തെറ്റെന്നും പ്രതിപക്ഷ നേതാവ് സഭയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രതിപക്ഷം ഉന്നയിച്ച ക്രമപ്രശ്‌നത്തിൽ മറുപടി നൽകിയ ധനമന്ത്രി, നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയതായി അറിയിച്ചു. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകാനുണ്ട്. സമയപരിധി തീർന്നിട്ടില്ല. പോയ സമ്മേളനത്തിലെതുൾപ്പെടെ നൂറോളം ചോദ്യങ്ങൾക്ക് മറുപടി നൽകാനുണ്ട്. ചോദ്യങ്ങളിലേറെയും 20 വർഷത്തിനകമുള്ള കണക്ക് ശേഖരിച്ച് നൽകേണ്ടവയും വിവിധ മണ്ഡലങ്ങളിൽ നിന്ന് വിവരം ശേഖരിക്കേണ്ടതുമാണ്. പരമാവധി വേഗം ഉത്തരം ലഭ്യമാക്കുമെന്ന് മന്ത്രി മറുപടി നൽകി.
ഗൗരവമുള്ള ക്രമപ്രശ്‌നം വരുമ്പോൾ പോലും സാമാജികർ സഭയില്ലാത്തത് നല്ല പ്രവണതയല്ലെന്ന് സ്പീക്കർ റൂളിംഗ് നൽകി. സഭാ നടപടികൾ പഠിക്കാനുള്ള അവസരമായി കൂടി കാണണം. പ്രതിപക്ഷ നേതാവിന്റെ ക്രമപ്രശ്‌നം വിശദമായി പരിശോധിച്ചു. കിഫ്ബിയുടെ വാർഷിക റിപോർട്ട് കാലാവധി തീർന്ന ശേഷം സഭയിൽ വയ്ക്കുമ്പോൾ ആവശ്യമായ വിശദീകരണം കൂടി ലഭ്യമാക്കേണ്ടതായിരുന്നു. കാലതാമസം ഇല്ലാതെ ബന്ധപ്പെട്ട രേഖകൾ സഭയിലെത്തിക്കാൻ ധനവകുപ്പ് ശ്രദ്ധിക്കണം.
3099 ചോദ്യങ്ങളിൽ 256 മറുപടി ശേഷിക്കുന്നു. നടപ്പ് സമ്മേളനത്തിൽ 199 ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടില്ല. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ സമയപരിധി ആനുകൂല്യം എടുക്കരുത്. ഇതിനു മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രിമാരിൽ പലരും സമയ നിഷ്ഠ പാലിച്ച് തുടങ്ങി. മറ്റ് മന്ത്രിമാരുടെ മാതൃക ധനമന്ത്രി പിന്തുടരണമെന്നും സ്പീക്കർ റൂളിംഗ് നൽകി.