Sorry, you need to enable JavaScript to visit this website.

വരൾച്ചയുടെ സൂചനകൾ

ജലത്തിന്റെ ഉപയോഗത്തിന് പദ്ധതികൾ കൊണ്ടു വരുമ്പോൾ,അതിന്റെ ലഭ്യത ഉറപ്പാക്കാനുള്ള കാര്യങ്ങൾ കൂടി ആസൂത്രണം ചെയ്യുന്നവർ ആലോചിക്കേണ്ടതുണ്ട്. പൈപ്പുകൾ വികസന മുദ്രകളായി ഉയർത്തിക്കാട്ടുമ്പോൾ, ജലം അമൂല്യമായി മാറുകയാണെന്ന ചിന്തകൂടി വളരണം. അത് സംരക്ഷിക്കാൻ കൂട്ടായ പദ്ധതികൾ വരണം. വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന ജനകീയാസൂത്രണ പദ്ധതിയിലൂടെ ഒട്ടേറെ തോടുകളും പൊതുകുളങ്ങളും വീണ്ടെടുത്തിരുന്നു. എന്നാൽ ആ സാമൂഹ്യപ്രക്രിയക്ക് തുടർച്ചയില്ലാതായതോടെ പലയിടത്തും ജലസ്രോതസുകൾ വീണ്ടും ഉപയോഗശൂന്യമായി.

 

ഫെബ്രുവരി മാസമെത്തിയപ്പോഴേക്കും കിണറുകളിൽ വെള്ളം വറ്റുന്ന വാർത്തകളാണ് വരുന്നത്. പുഴകളിലെ ജലനിരപ്പ് താഴുന്നു. ഭൂഗർഭജലത്തിന്റെ അളവ് കുറയുന്നതിനാൽ ഇത്തവണ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്നതിന്റെ സൂചനകളാണ് മലബാറിന്റെ വിവിധ മേഖലകളിൽ നിന്ന് ലഭിക്കുന്നത്.മലപ്പുറം ജില്ലയിൽ ഭാരതപ്പുഴയുടെ ഓരത്തുള്ള കോളേജ് അടച്ചതായുള്ള അറിയിപ്പ് കഴിഞ്ഞയാഴ്ചയാണ് അധികൃതർ നൽകിയത്. കാമ്പസുകളിലെ കിണറുകളിൽ വെള്ളമില്ലാത്തതാണ്, ഹോസ്റ്റൽ വിദ്യാർഥികൾ ഏറെയുള്ള ഈ കോളേജ് അടച്ചിടാൻ കാരണമായത്. ക്ലാസുകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റി.
പുഴയോരങ്ങൾ പോലും നേരത്തെ തന്നെ ജലക്ഷാമത്തിന്റെ പിടിയലമരുകയാണ്.ജനുവരിയുടെ പാതിവരെ നിലനിന്ന തണുപ്പ് കാലത്തിന് ശേഷം പൊടുന്നനെയാണ് അന്തരീക്ഷത്തിലെ ചൂട് വർധിച്ചത്.മലബാറിന്റെ പല ഭാഗങ്ങളിലും മുപ്പത്തിയഞ്ച് ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂടുള്ളത്. ഈ മാസം തന്നെ ചൂടിന് ഇനിയും വർധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം വന്നിരിക്കുന്നത്. ഇത്തവണ മാർച്ച്,ഏപ്രിൽ മാസങ്ങളിൽ ചൂടിന്റെ കാഠിന്യം പാരമ്യത്തിലാകുമെന്ന സൂചനകളാണ് കിട്ടുന്നത്.
കാലവർഷം ദുർബലമായതിന്റെ പരിണത ഫലമായി ഭൂമിയിലെ ജലനിരപ്പിൽ വലിയ കുറവാണ് കാണിക്കുന്നത്. ഭാരതപ്പുഴയും ചാലിയാറും ഉൾപ്പടെയുള്ള പ്രധാന പുഴകളിലെല്ലാം ജലനിരപ്പ് കുറഞ്ഞിരിക്കുന്നു. പലയിടത്തും പുഴകൾ വറ്റിത്തുടങ്ങിയിരിക്കുന്നു. ഉയർന്ന പ്രദേശങ്ങളിൽ കിണറുകളിൽ വെള്ളമില്ലാത്ത അവസ്ഥ ഇപ്പോൾ തന്നെ അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു.
വെള്ളത്തിന്റെ ഉപയോഗം കൂടുന്നതിനനുസരിച്ച് ഭൂഗർഭ ജല സംഭരണ സംവിധാനങ്ങൾ കാര്യക്ഷമമാകുന്നില്ലെന്നത് ജലക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുടിവെള്ള വിതരണ ശൃംഖല ഏറെ വിപുലീകരിക്കപ്പെട്ടിട്ടുണ്ട്.സംസ്ഥാന സർക്കാരിന്റെ നിലവിലുള്ള കുടിവെള്ള വിതരണ ശൃംഖലക്ക് പുറമെ കേന്ദ്രസർക്കാരിന്റെ ജൽജീവൻ മിഷന് കീഴിൽ വ്യാപകമായി പൈപ് ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്.
എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ഈ പദ്ധതിയനുസരിച്ച് പഞ്ചായത്ത് വാർഡുകൾ തോറും എല്ലാ വീടുകളിലും പൈപ്പ് ലൈൻ എത്തിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നതിലൂടെ പ്രതിമാസം വാട്ടർ അതോരിറ്റിക്ക് നല്ല വരുമാനമുണ്ടാക്കാൻ കഴിയുന്ന പദ്ധ

തിയായതിനാൽ, സമൃദ്ധമായി വെള്ള കിട്ടുന്ന കിണറുകളുളള വീടുകളിൽ പോലും പൈപ്പ് ലൈൻ കണക്ഷൻ നൽകിയിട്ടുണ്ട്. ഏതാനും വർഷം മുമ്പു വരെ വാട്ടർ അതോരിറ്റിയുടെ കണക്ഷൻ കിട്ടുന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു.വലിയ തുക കണക്ഷൻ ചാർജായി നൽകണമെന്നതിന് പുറമെ മാസങ്ങോളം കാത്തിരിക്കേണ്ടിയും വന്നിരുന്നു. എന്നാൽ ജൽജീവൻ പദ്ധതിയിൽ കണക്ഷൻ സൗജന്യമാണ്. ഇതു കൊണ്ടു തന്നെ ആവശ്യമില്ലാത്തവർ പോലും കണക്ഷൻ എടുത്തിട്ടുണ്ട്. ഇവർ വെള്ളം എടുത്താലും ഇല്ലെങ്കിലും പ്രതിമാസം നൂറ്റിയമ്പത് രൂപയോളം വാട്ടർ ചാർജ് നൽകണം. വാട്ടർ അതോരിറ്റിക്ക് ഇതൊരു പുതിയ വരുമാനമായി മാറിയിട്ടുണ്ട്.
ലക്ഷക്കണക്കിന് പുതിയ വാട്ടർ കണക്ഷൻ നൽകിയെങ്കിലും അതിനനുസരിച്ച് ജലസംഭരണ സംവിധാനങ്ങൾ ഉയർത്താൻ കഴിഞ്ഞിട്ടില്ല. നേരത്തെയുള്ള ജലനിധി പോലുള്ള വലിയ പദ്ധതിക്കായി നിർമിച്ച ജലസംഭരണികളിലേക്ക് തന്നെ ആവശ്യത്തിന് വെള്ളം ലഭിക്കാതിരുന്ന അവസ്ഥ മലബാറിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ജൽജീവൻ പദ്ധതിക്കായി പുതിയ സംഭരണികൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഇതിൽ എവിടെ നിന്ന് വെള്ളമെത്തിക്കുമെന്ന ആശങ്കകൾ ഉയരുന്നുണ്ട്. ഭൂഗർഭ ജലത്തിന്റെ അളവ് കുറയാതെ നിലനിർത്താൻ കഴിഞ്ഞാൽ മാത്രമേ, ഈ പദ്ധതികൾക്കെല്ലാം വെള്ളമെത്തിക്കാൻ കഴിയൂ.
ഭൂഗർഭ ജലത്തിന്റെ അളവ് നിലനിർത്താൻ ശാസ്ത്രീയമായ മാർഗങ്ങൾ സ്വീകരിക്കാൻ ഗൗരവമായ പദ്ധതികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല. എല്ലാ വർഷവും കൃത്യമായി മഴ ലഭിക്കുമെന്നും അതുവഴി വെള്ളത്തിന്റെ ലഭ്യത ഉറപ്പാകുമെന്നുമുള്ള കണക്കു കൂട്ടലിൽ തന്നെയാണ് ഇപ്പോഴും നമ്മൾ ഉള്ളത്. മഴയുടെ അളവ് കുറയുകയോ, കാലം തെറ്റുകയോ ചെയ്യുന്നതോടെ അവതാളത്തിലാകുന്നതാണ് ഈ കണക്കുകൂട്ടൽ. പുഴകളിൽ ചെക്ക് ഡാമുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും ഭൂഗർഭ ജലം സംരക്ഷിച്ച് നിർത്താൻ ഇത് പര്യാപ്തമല്ലെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. തടയണകൾ കെട്ടുന്ന ഭാഗത്ത് ഭൂമിക്കടിയിൽ വെള്ളം കൂടുതൽ നിലനിൽക്കുകയും മറ്റിടങ്ങളിൽ വരൾച്ചയിലേക്ക് നീങ്ങുകയും ചെയ്യുന്നു. മാത്രമല്ല, തടയണ പ്രദേശങ്ങളിൽ നിന്ന് വേനൽകാലത്ത് പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി വർധിച്ചു വരികയുമാണ്. കുടിവെള്ളത്തോടൊപ്പം കാർഷികാവശ്യങ്ങൾക്ക് കൂടി ജലം ആവശ്യമായി വരുന്നതിനാൽ തടയണകളിലെ ജലനിരപ്പും വേഗത്തിൽ താഴ്ന്നു വരാറുണ്ട്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ല.
ചില പ്രദേശങ്ങളിൽ മാത്രം വെള്ളം സംഭരിച്ച് നിർത്തുന്നതിനൊപ്പം എല്ലായിടത്തും ചെറു ജലസംഭരണികൾ സജ്ജമാക്കുകയെന്നത് ഭൂമിയിലെ ജലനിരപ്പും ഈർപ്പവും നിലനിർത്താൻ ആവശ്യമാണ്. മുൻ കാലങ്ങളായി കുളങ്ങളാണ് പ്രകൃതിയിലെ ഈ ദൗത്യം നിർവ്വഹിച്ചിരുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ നാട്ടിലെ ഒട്ടുമിക്ക കുളങ്ങളും അപ്രത്യക്ഷമായി. 
മഴക്കാലത്ത് വെള്ളം ശേഖരിക്കപ്പെടേണ്ട ഇത്തരം പ്രാദേശിക സംഭരണികൾ ഇല്ലാതായതോടെ വെള്ളം, അപൂർവ്വമായെങ്കിലും നിലനിൽക്കുന്ന, തോടുകളിലൂടെ ഒഴുകി പുഴകളിലൂടെ കടലിലേക്ക് എത്തി. ഇതിനിടയിൽ വെള്ളത്തിന് ഒഴുകാൻ സ്ഥലമില്ലാതെ അത് പ്രളയമായി മാറി മാസങ്ങളോളം ജനജീവിതം ദുരിതത്തിലാക്കുകയും ചെയ്തു. ജലമൊഴുക്കിന്റെ പാതകൾ തടസ്സരഹിതമാക്കുന്നതോടൊപ്പം ജലസംഭരണത്തിനായി എല്ലായിടത്തും പൊതു സംവിധാനങ്ങൾ ആവശ്യമാണ്. 
പൊതു ഇടങ്ങളിലും സ്വകാര്യ ഭൂമികളിലും ഉപയോഗ ശൂന്യമായി പലയിടത്തും കുളങ്ങൾ കിടക്കുന്നുണ്ട്.ഇവ വീണ്ടെടുത്ത് ജലസംഭരണത്തിനുള്ള ഉപാധിയാക്കി മാറ്റാൻ പഞ്ചായത്തുകൾക്ക് കഴിയേണ്ടതുണ്ട്. 
കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായ വേനൽകാലത്തെ പുതയിടൽ രീതിയും വ്യാപകമാക്കേണ്ടതുണ്ട്. തെങ്ങ്, കവുങ്ങ് പോലുള്ള മരങ്ങൾക്കടിയിൽ ചകിരി, ചപ്പില തുടങ്ങിയ കൂട്ടിയിട്ടും അടുക്കി വെച്ചും മണ്ണിൽ വെള്ളത്തെ തടഞ്ഞു നിർത്തുന്ന ഈ രീതി മരങ്ങൾക്ക് ഗുണകരമാകുന്നതിനൊപ്പം ജലസംഭരണത്തിനും സഹായിക്കും. വേനൽ മഴയിലൂടെ ലഭിക്കുന്ന വെള്ളം മണ്ണിൽ സംഭരിച്ചു നിർത്താൻ ഇത് പ്രയോജനം ചെയ്യും.
ജലത്തിന്റെ ഉപയോഗത്തിന് പദ്ധതികൾ കൊണ്ടു വരുമ്പോൾ, അതിന്റെ ലഭ്യത ഉറപ്പാക്കാനുള്ള കാര്യങ്ങൾ കൂടി പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർ ആലോചിക്കേണ്ടതുണ്ട്. പൈപ്പുകൾ വികസന മുദ്രകളായി ഉയർത്തിക്കാട്ടുമ്പോൾ, ജലം അമൂല്യമായി മാറുകയാണെന്ന ചിന്തകൂടി വളരണം. അത് സംരക്ഷിക്കാൻ കൂട്ടായ പദ്ധതികൾ വരണം. വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന ജനകീയാസൂത്രണ പദ്ധതിയിലൂടെ ഒട്ടേറെ തോടുകളും പൊതുകുളങ്ങളും വീണ്ടെടുത്തിരുന്നു. എന്നാൽ ആ സാമൂഹ്യപ്രക്രിയക്ക് തുടർച്ചയില്ലാതായതോടെ പലയിടത്തും ജലസ്രോതസുകൾ വീണ്ടും ഉപയോഗശൂന്യമായി. വികസനത്തോടൊപ്പം പ്രകൃതി സംരക്ഷണം കൂടി ഉറപ്പാക്കേണ്ടതുണ്ട്. പ്രകൃതിയെ ചൂഷണം ചെയതു കൊണ്ടുള്ള വികസനത്തിന് അതിനേക്കാൾ വലിയ വിപത്തുണ്ടെന്ന മറുപുറം കൂടി വായിക്കേണ്ടതുണ്ട്.

Latest News