Sorry, you need to enable JavaScript to visit this website.

വയനാട്ടില്‍ നടക്കുന്നത് വിഭവങ്ങള്‍ക്കുവേണ്ടിയുള്ള യുദ്ധം - എന്‍.ബാദുഷ

കല്‍പറ്റ - വയനാട്ടില്‍ നടക്കുന്നത് വിഭവങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടവരും വിഭവങ്ങള്‍ കൈവശമുള്ളവരും തമ്മിലുള്ള യുദ്ധമാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍.ബാദുഷ.  കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകളും അവയ്ക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടികളും എം.എല്‍.എമാര്‍ അടക്കം  ജനപ്രതിനിധികളുമാണ്  ഇതിന് ഉത്തരവാദികളെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സൗജന്യ ഭൂമിയും വെള്ളവും വൈദ്യുതിയും നല്‍കി കേരളത്തിലേക്ക് ആനയിച്ച മാവൂര്‍ ഗ്വാളിയര്‍ റയണ്‍സിനുവേണ്ടി വയനാടന്‍ മുളങ്കാടുകള്‍ വെട്ടുകയും പിന്നീട് അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ നല്‍കാനുള്ള കരാര്‍ പാലിക്കുന്നതിനു  സ്വാഭാവികവനം വെട്ടി യൂക്കാലിപ്ട്സ് നടുകയും ചെയ്തതോടെയാണ് ആനകളും മറ്റും കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ തുടങ്ങിയത്. ഒരു ലക്ഷം ഹെക്ടര്‍ വിസ്തൃതിയുള്ള വയനാടന്‍ കാടുകളില്‍  36,000 ഹെക്ടര്‍ ഏകവിളത്തോട്ടങ്ങളാണ്. 1979ല്‍ വയനാട് പ്രകൃതിസംരക്ഷണ സമിതി അടച്ചുവെട്ടിനെതിരെ  കര്‍ഷകസമരം സംഘടിപ്പിച്ചതിനെത്തുടര്‍ന്നാണ് വന നശീകരണം സര്‍ക്കാര്‍ നിര്‍ത്തിവച്ചത്. അപ്പോഴേക്കും  വനത്തിലെ  ശാദ്വലതകളും വിശാലമായ ചതുപ്പുകളും തണ്ണീരിടങ്ങളും നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. 30 വര്‍ഷം മുന്‍പ് വരള്‍ച്ചക്കാലത്ത് വെള്ളം തേടിയെത്തുന്ന ആനക്കൂട്ടങ്ങളില്‍നിന്നു കുടിവെള്ളം സംരക്ഷിക്കാര്‍ കിണറിന്നു മുകളില്‍ കാവല്‍മാടം കെട്ടി കാവലിരുന്ന നൂല്‍പ്പുഴ പഞ്ചായത്തിലെ അരകുഞ്ചി  ഗ്രാമത്തിലെ ആദിവാസികള്‍ ഒരു സൂചനയായിരുന്നു.
വനത്തിലും വനയോരങ്ങളിലും ആനത്താരകളിലും പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും മാനദണ്ഡങ്ങള്‍  ലംഘിച്ച് വനംവകുപ്പ് കൊണ്ടുനടക്കുന്ന  ഇക്കോ ടൂറിസവും കന്നുകാലി മേയ്ക്കലും അധിനിവേശസസ്യങ്ങളും കാട്ടുതീയും ചേര്‍ന്ന് വന്യജീവി ആവാസ വ്യവസ്ഥകള്‍ നശിപ്പിച്ചതിന്റെ പരിണിതഫലമാണ് വയനാട് ഇപ്പോള്‍ അനുഭവിക്കുന്നത്.
വയനാടന്‍ കാടുകളിലെ വന്യജീവി ആവാസ വ്യവസ്ഥകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ  പതിറ്റാണ്ടുകളായുള്ള  മുറവിളി ഭരണാധികാരികള്‍ ചെവിക്കൊണ്ടില്ല. എം.എല്‍.എമാരും രാഷ്ട്രീയ നേതാക്കളും വന്യജീവികള്‍ കര്‍ഷകരെ കൊല്ലുമ്പോള്‍ ഓടിയെത്തി ജനക്കൂട്ടത്തെ നയിക്കുകയും സുഖിപ്പിക്കുകയും വനം ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്യുന്നതിന്നപ്പുറം പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍  ശ്രമം നടത്തിയിട്ടില്ല. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ദന്തഗോപുരങ്ങളില്‍ അടയിരിക്കുകയാണ്. സമീപ വര്‍ഷങ്ങളില്‍ യുദ്ധസമാനമായ അന്തരീക്ഷം സംജാതമായിട്ടും വനം മന്ത്രിയോ ഉന്നത ഉദ്യോഗസ്ഥരോ അനങ്ങിയിട്ടില്ല. നിലവിലെ സര്‍ക്കാരിന്  വനവും വന്യജീവികളും  ബാധ്യതയാണ്. വനം-വന്യജീവി-പരിസ്ഥിതി സംരക്ഷണം ആഡംബരമാണെന്നാണ് അവരുടെ മതം.
സമീപ ദിവസങ്ങളില്‍ മാനന്തവാടിയിലും പരിസരത്തുമുണ്ടായ ദൗര്‍ഭാഗ്യ സംഭവങ്ങളില്‍ കേരള വനം വകുപ്പിനൊപ്പം കര്‍ണാടക വനം വകുപ്പും ഉത്തരവാദികളാണ്. ആനയുടെ സാന്നിധ്യം നേരത്തേ അറിഞ്ഞിട്ടും മതിയായ സന്നാഹം ഒരുക്കാത്തതിനു  കാരണം വനം വകുപ്പ് വെളിപ്പെടുത്തണം. റവന്യൂ അധികൃതരും പോലീസും ദുരന്തനിവാരണ സംവിധാനവും എന്തുചെയ്യുകയായിരുന്നുവെന്ന്  സര്‍ക്കാര്‍ വ്യക്തമാക്കണം.
കേരള ഗ്രാമങ്ങള്‍ക്ക് സമീപമാണ് ഹാസനില്‍നിന്നു പിടികൂടിയ ആനകളെ വിട്ടയച്ചത്. ഹാസന്‍, ചിക്മംഗളൂരു, സകലേസ്പുര പ്രദേശങ്ങളില്‍ കര്‍ണാടക രാഷ്ട്രീയ നേതാക്കള്‍ക്ക് വന്‍കിട തോട്ടങ്ങള്‍ ഉണ്ട്. തോട്ടങ്ങളില്‍  പ്രശ്നമുണ്ടാക്കുന്ന ആനകളെ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി പിടികൂടിക്കൊണ്ടിരിക്കയാണ്. ഇതിനകം പിടികൂടിയ ഒമ്പത്  ആനകളില്‍ രണ്ടെണ്ണത്തെയാണ് കേരള അതിര്‍ത്തിയില്‍ തുറന്നുവിട്ടത്. ബാക്കി  നാഗരഹോളയില്‍ ഉണ്ട്. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനകളെ നിരീക്ഷിക്കുന്നതിനു സംവിധാനം ഒരുക്കിയില്ല. ആനകളെ പിന്തുടരാന്‍ വാച്ചര്‍മാരെ നിയോഗിച്ചില്ല. റേഡിയോ കോളര്‍ ഘടിപ്പിക്കുന്നത് ആനയെ നിരന്തരം പിന്‍തുടരുന്നതിനും നിരീക്ഷിക്കുന്നതിനും മതിയായ മുന്നറിയിപ്പ് ജനങ്ങള്‍ക്കു നല്‍കുന്നതിനുമാണ്. മയക്കുവെടിവെച്ച് പിടികൂടിയശേഷം തുറന്നുവിട്ട ആനകളെ നിരീക്ഷിക്കുന്നതില്‍
കര്‍ണാടക വനംവകുപ്പ് ഗുരുതര വീഴ്ചയാണ് വരുത്തിയത്. ഇതിനെതിരെ കേരളം കോടതിയെ സമീപിക്കണം.
മൂന്നു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വനങ്ങളിലെ പ്രശ്നങ്ങള്‍ ഏകോപിപ്പിക്കുന്നതിനു നിലവില്‍  സംവിധാനമില്ല. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴില്‍ സ്റ്റാറ്റിയൂട്ടറി ബോഡി അടിയന്തരമായി രൂപീകരിക്കണം. വന്യജീവികളില്‍നിന്നുണ്ടാകുന്ന നാശങ്ങള്‍ക്കുള്ള  നഷ്ടപരിഹാരം കര്‍ഷകരെ പരിഹസിക്കുംവിധം നാമമാത്രമാണ്. അഞ്ചും ആറും വര്‍ഷം കൂടുമ്പോഴാണ് ഇതു നല്‍കുന്നത്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇപ്പോഴുള്ളതിന്റെ അഞ്ചിരട്ടിയെങ്കിലുമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഏതു യുദ്ധത്തിലും കൂടുതല്‍ ശക്തനേ ജയിക്കൂ. മനുഷ്യന്‍ അതിശക്തനാണ്. പക്ഷേ, പ്രകൃതിയുമായുള്ള യുദ്ധത്തില്‍ മനുഷ്യനടക്കം  ഒരു ജീവിക്കും വിജയക്കൊടി നാട്ടാനാകില്ലെന്നും ബാദുഷ പറഞ്ഞു.

 

Latest News