Sorry, you need to enable JavaScript to visit this website.

സപ്ലൈകോ പ്രതിസന്ധി : സഭയില്‍ അടിയന്തര പ്രമേയം, പ്രതിപക്ഷവും മന്ത്രിയും തമ്മില്‍ സഭയില്‍ വാഗ്വാദം

തിരുവനന്തപുരം - അവശ്യ സാധനങ്ങള്‍ പോലും നല്‍കാനാകാന്‍ പണമില്ലാത്ത സപ്ലൈകോയുടെ പ്രതിസന്ധിയില്‍ നിയമസഭയില്‍  അടിയന്തര പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. ഷാഫി പറമ്പില്‍ എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ അവഗണന മൂലം പ്രതിസന്ധിയിലായ സപ്ലൈകോ ജനങ്ങളിലുണ്ടാക്കിയ ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. കേന്ദ്ര നിലപാടുകള്‍ കാരണം സാമ്പത്തിക പ്രയാസം ഉണ്ടായിട്ടുണ്ടെന്നും പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുകയാണെന്നും മന്ത്രി മറുപടി നല്‍കി. പിന്നാലെ പ്രതിപക്ഷവും മന്ത്രിയും തമ്മില്‍ സഭയില്‍ വാഗ്വാദമുണ്ടായി. അടിയന്തരപ്രമേയത്തിന് അനുമതി ലഭിച്ചില്ല. 

ഏതാനും ചില സബ്‌സിഡി സാധനങ്ങളുടെ ലഭ്യതയില്‍ മാത്രമാണ് കുറവുളളതെന്നായിരുന്നു ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന്റെ സഭയിലെ മറുപടി. കേരളത്തിലെ ശക്തമായ വിപണി ഇടപെടല്‍ സംവിധാനം സപ്ലൈകോയാണ്. അവശ്യ സാധന കുറവ് ഏതാനും മാസങ്ങളായി ഉണ്ട്. ചില്ലറ വില്‍പന മേഖലകളിലേക്ക് കുത്തകകള്‍ വരുന്നു. അതിന്റെ സ്വാധീനത്തില്‍ സപ്ലൈകോയെ തകര്‍ക്കരുത്. സപ്ലൈകോയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കും. സപ്ലൈകോയെ തകര്‍ക്കാന്‍ ശ്രമമുണ്ടെന്നും ജി.ആര്‍ അനില്‍ ആരോപിച്ചു. സപ്ലൈകോയ്ക്ക് സാമ്പത്തിക പ്രയാസം ഉണ്ടായിട്ടുണ്ട്. കേന്ദ്ര നിലപാടാണ് അതിന് പ്രധാന കാരണം. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 
സപ്ലൈകോയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഞങ്ങളല്ലെന്ന് ഷാഫി പറമ്പില്‍ മറുപടി നല്‍കി. അവശ്യ സാധനമില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനെ കഴിഞ്ഞ സമ്മേളനത്തില്‍ വെല്ലുവിളിച്ചയാളാണ് മന്ത്രി. ഇപ്പോള്‍ മന്ത്രി തന്നെ അവശ്യസാധനം ഇല്ലെന്ന് പറയുന്നുവെന്ന് ഷാഫി കുറ്റപ്പെടുത്തി. പ്രതിപക്ഷം ഓരോ കാര്യങ്ങള്‍ എഴുതി നല്‍കുന്നത് കയ്യക്ഷരം നന്നാക്കാനല്ല . സപ്ലൈകോയെ തകര്‍ക്കരുതെന്ന് പ്രതിപക്ഷത്തോടല്ല മന്ത്രി പറയേണ്ടതെന്നും ഒപ്പമിരിക്കുന്നവരോടാണെന്നും ഷാഫി പറമ്പില്‍ തിരിച്ചടിച്ചു. ബജറ്റില്‍ തുക പോരാ എന്ന് ഭക്ഷ്യ മന്ത്രിയുടെ ഭാര്യ വരെ പരാതിപ്പെട്ടുവെന്നാണ് വാര്‍ത്തകള്‍.
സി.പി.ഐയുടെ കൗണ്‍സിലിലിരിക്കുന്ന സ്വന്തം ഭാര്യയെ പോലും വിശ്വാസത്തിലെടുക്കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്നും ഷാഫി പരിഹസിച്ചു. ചോദ്യത്തിന് ഉത്തരം എഴുതി നല്‍കുന്ന ഉദ്യോഗസ്ഥരുടെ ആത്മാര്‍ത്ഥതയെങ്കിലും മന്ത്രിക്ക് സപ്ലൈകോയോട് വേണം. ബജറ്റില്‍ വകയിരുത്തിയ തുകയില്‍ കിട്ടിയ തുക പൂജ്യം എന്ന് പറഞ്ഞത് ഉദ്യോഗസ്ഥരാണ്. സപ്ലെയ്‌കോക്ക് കുടിശിക 1507 കോടി ഉണ്ടെന്ന് മന്ത്രി തന്നെയാണ് നിയമസഭയില്‍ പറഞ്ഞത്. പണം തരാത്ത ധന വകുപ്പിനെ ചോദ്യം ചെയ്യാന്‍ ഭക്ഷ്യ മന്ത്രി പ്രതിപക്ഷത്തിന് ഒപ്പം നില്‍ക്കണമെന്ന് ഷാഫി അഭ്യര്‍ത്ഥിച്ചു. 13 സബ്‌സിഡി ഇനങ്ങളുടെ വില്‍പ്പനയില്‍ മാത്രം 862 കോടി കുടിശിക എന്നാണ് ഭക്ഷ്യവകുപ്പ് തന്നെ പറയുന്നതെന്നും ഷാഫി പറഞ്ഞു. 
ഇതോടെ മാവേലി സ്റ്റോറുകളെ  വാമനസ്റ്റോറുകളാക്കിയത് പ്രതിപക്ഷമെന്ന് മന്ത്രി ജി.ആര്‍.അനില്‍ തിരിച്ചടിച്ചു. കുടിശിക മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉള്ളത് കൂടിയാണ്. ഈ സര്‍ക്കാര്‍ വന്ന ശേഷം പുതിയ ഔട്‌ലറ്റുകള്‍ തുടങ്ങുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസം ആയി ചെറിയ ക്ഷാമം ഉണ്ടെന്നത് ശരിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News