Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യയിലെ മാറ്റം അത്ഭുതകരം; അഭിനന്ദനവുമായി ഐ.എം.എഫ്

ജിദ്ദ - സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ എണ്ണയിതര മേഖലയില്‍ കൂടുതല്‍ ചലനാത്മകമാണെന്ന് അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജിയേവ പറഞ്ഞു. സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ കാര്യത്തില്‍ സൗദി അറേബ്യയിലെ മാറ്റം അത്ഭുതകരമാണെന്ന് ദുബയില്‍ അറബ് ഫിസ്‌കല്‍ ഫോറത്തോടനുബന്ധിച്ച് ക്രിസ്റ്റാലിന ജോര്‍ജിയേവ പറഞ്ഞു. ഡിജിറ്റല്‍ പശ്ചാത്തല സൗകര്യങ്ങളും സമ്പദ്‌വ്യവസ്ഥയുടെ ചലനാത്മകതയും സൗദിയിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.
സൗദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ എണ്ണ, വാതക മേഖലകളെ വലിയ തോതില്‍ ആശ്രയിക്കുന്നതില്‍ നിന്ന് വളരെയധികം മാറി. എണ്ണയിതര മേഖലകളില്‍ സൗദി സമ്പദ്‌വ്യവസ്ഥ കൂടുതല്‍ ചലനാത്മകമായി പ്രവര്‍ത്തിക്കുന്നു. സാമ്പത്തിക വൈവിധ്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് രാജ്യം പിന്തുടരുന്ന രീതിയെ ഞാന്‍ അഭിനന്ദിക്കുന്നു. സൗദിയില്‍ വിനോദസഞ്ചാര മേഖലയില്‍ വലിയ ഉണര്‍വുണ്ട്. സൗദിയിലെ അല്‍ഉല ഞാന്‍ സന്ദര്‍ശിച്ചു. ഉയര്‍ന്ന സാങ്കേതികവിദ്യയുടെ പ്രോത്സാഹനത്തിലൂടെ ടൂറിസത്തിന്റെ സൗന്ദര്യവും ഗുണനിലവാരവും എന്ന അത്ഭുതപ്പെടുത്തി. സൗദി തൊഴില്‍ വിപണിയില്‍ സ്ത്രീകളുടെ പങ്കാളിത്തവും അവരുടെ പങ്കും ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ഇത് സൗദി സമ്പദ്‌വ്യവസ്ഥക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നതായും ക്രിസ്റ്റാലിന ജോര്‍ജിയേവ പറഞ്ഞു.
ഈ വര്‍ഷം 2.7 ശതമാനവും അടുത്ത കൊല്ലം 5.5 ശതമാനവും സൗദി അറേബ്യ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐ.എം.എഫ് പറഞ്ഞു. ഈ വര്‍ഷം സൗദിയില്‍ നാലു ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഒക്‌ടോബറില്‍ ഐ.എം.എഫ് പ്രതീക്ഷിച്ചിരുന്നത്. ആഗോള എണ്ണ വിപണിയിലെ വിലടിച്ചിലും സൗദി അറേബ്യ ഉല്‍പാദനം വെട്ടിക്കുറച്ചതും കഴിഞ്ഞ കൊല്ലം സൗദിയില്‍ വലിയ തോതില്‍ സാമ്പത്തിക മാന്ദ്യമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം 0.03 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായാണ് സൗദി ഗവണ്‍മെന്റ് കണക്കാക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പെട്രോളിതര മേഖലയില്‍ അഞ്ചു ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച ലക്ഷ്യമിടുന്ന വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പൊതുധനവിനിയോഗം വര്‍ധിപ്പിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളിലും സൗദി അറേബ്യ കമ്മി ബജറ്റാണ് പ്രതീക്ഷിക്കുന്നത്.

 

 

Latest News