Sorry, you need to enable JavaScript to visit this website.

ജോലി ഭിക്ഷാടനം, മാസ വരുമാനം രണ്ടര ലക്ഷം;  ഇരുനില വീടും ആഢംബര ബൈക്കും സ്വന്തം 

ഭോപാല്‍- മധ്യപ്രദേശ് ഇന്‍ഡോറില്‍ തെരുവില്‍ ഭിക്ഷ യാചിച്ച കുടുംബത്തിന്റെ വരുമാനത്തില്‍ ഞെട്ടി പുനഃരധിവസിപ്പിക്കാനെത്തിയവര്‍. രാജസ്ഥാനില്‍ ഇരുനില വീടും കൃഷി ഭൂമിയും ആഢംബര ബൈക്കും സ്വന്തമായുള്ള കുടുംബത്തിന്റെ ഒരു മാസത്തെ വരുമാനം രണ്ടര ലക്ഷം രൂപയും. കുട്ടികളെ ഉപയോഗിച്ച് യാചകവൃത്തി നടത്തിയാണ് കുടുബം വരുമാനം കണ്ടെത്തിയത്.
യാചകരുടെ പുനഃരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ഭിക്ഷ യാചിക്കുന്ന കുട്ടികളെയും കുടുംബത്തെയും പുനഃരധിവസിപ്പിക്കാനായി സമീപിക്കുമ്പോഴായിരുന്നു വിവരങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെ കുട്ടികളുടെ മാതാവ് ഇന്ദ്ര ബായിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷ യാചിച്ചതിനാണ് കേസ്. ഇന്ദ്ര ബായിക്കും ഭര്‍ത്താവിനും നാല് കുട്ടികളുണ്ട്. പത്തില്‍ താഴെ പ്രായമുള്ള നാല് കുട്ടികളെ ഉപയോഗിച്ചായിരുന്നു ഇവരുടെ ഭിക്ഷാടനം. ഇന്‍ഡോറിലെ തിരക്കേറിയ ആരാധന കേന്ദ്രങ്ങളുടെ സമീപം കുട്ടികളെ ഇരുത്തിയാണ് ഇവര്‍ ഭിക്ഷാടനം നടത്തിയിരുന്നത്. കുഞ്ഞിനെയും കൂട്ടി ഭിക്ഷ യാചിക്കുമ്പോഴായിരുന്നു ഇന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ദ്രയുടെ ഭര്‍ത്താവ് മറ്റ് കുട്ടികളുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പോലീസ് പിടികൂടുമ്പോള്‍ ഇന്ദ്രയുടെ കൈയില്‍ നിന്ന് 19600 രൂപ കണ്ടെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് ഇവര്‍ തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ പോലീസിനോട് പറഞ്ഞത്. സന്‍സ്ത പ്രവേശ് എന്ന സംഘടനയാണ് കുട്ടികളെ ഉപയോഗിച്ചുള്ള ദമ്പതികളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

Latest News