Sorry, you need to enable JavaScript to visit this website.

കടകംപള്ളി സുരേന്ദ്രനെതിരെ സി.പി.എം  സംസ്ഥാന സമിതിയില്‍ അതിരൂക്ഷ വിമര്‍ശനം

തിരുവനന്തപുരം-തലസ്ഥാനത്തെ റോഡ് പണി വിവാദത്തില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സി.പി.എം സംസ്ഥാന സമിതിയില്‍ അതിരൂക്ഷ വിമര്‍ശനം. കടകം പള്ളി അനാവശ്യ വിവാദത്തിന് തിരികൊളുത്തിയെ ന്നായിരുന്നു ആക്ഷേപം. ഭരണത്തിലിരിക്കുന്ന നഗരസഭയെ പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിധത്തിലുള്ള നടപടി ഗൗരവമുള്ള സംഭവമാണെന്നും ഒരു മുതിര്‍ന്ന നേതാവില്‍ നിന്ന് ഇത് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും വിമര്‍ശനം ഉണ്ടായി.
തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനമാണ് വിവാദത്തിന് തീ പടര്‍ന്നത്. അതിന് മറുപടിയെന്നോണമായിരുന്നു കരാറുകാരെ തൊട്ടപ്പോള്‍ ചിലര്‍ക്ക് പൊള്ളിയെന്ന് പൊതുവേദിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗം. മൂന്ന് വര്‍ഷമായി മുടങ്ങിക്കിടന്ന പണി മൂന്ന് മാസം കൊണ്ട് തീര്‍ക്കാന്‍ ലക്ഷ്യമിട്ട് അതിവേഗം പുരോഗമിക്കുകയാണിപ്പോള്‍. ഇതിനിടക്ക് പൊതുജനപക്ഷത്ത് നിന്നെന്ന പേരില്‍ വിമര്‍ശനം ഉന്നയിച്ച കടകംപള്ളിയുടെ നടപടിയാണ് വാചക യുദ്ധത്തിന് തുടക്കമിട്ടതെന്നാണ് സംസ്ഥാന സമിതിയില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. 
ഭരണത്തിലിരിക്കുന്ന നഗരസഭയേയും പൊതുമരാമത്ത് വകുപ്പിനേയും അവഹേളിച്ച് പ്രസംഗിച്ച നടപടി ശരിയായില്ലെന്നാണ് സംസ്ഥാന സമിതിയിലെ പൊതു വിലയിരുത്തല്‍. മുതിര്‍ന്ന നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്ന നടപടിയല്ലെന്ന അഭിപ്രായവും ഉയര്‍ന്നു. അതേസമയം, പൊതു മരാമത്തു മന്ത്രി മുഹമ്മദ് റിയാസിനെതിരെ സംസ്ഥാന സമിതിയില്‍ കാര്യമായ വിമര്‍ശനം ഉയര്‍ന്നതുമില്ല.

Latest News