Sorry, you need to enable JavaScript to visit this website.

കോവിഡ്, ഉക്രെയിന്‍ യുദ്ധം, കൊട്ടാരത്തിലെ  ക്യാന്‍സര്‍...എല്ലാം നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ 

ലണ്ടന്‍- കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ച വിവരം ബക്കിംഗ്ഹാം പാലസ് പുറത്തുവിട്ടത്. ഏതുതരം ക്യാന്‍സറാണ് അദ്ദേഹത്തെ ബാധിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചികിത്സ ആരംഭിച്ചതിനാല്‍ ചാള്‍സ് പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തു.ചാള്‍സിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹത്തിന്റെ പത്‌നി കാമില്ല രാജ്ഞിയും ബക്കിംഗ്ഹാം പാലസും പറയുന്നു. രോഗ വിവരം അറിഞ്ഞയുടന്‍ രാജകുടുംബവുമായി അകന്ന് യു എസില്‍ കഴിയുന്ന ഇളയ മകന്‍ ഹാരി ചാള്‍സിനെ കാണാനെത്തിയതും വാര്‍ത്തയായിരുന്നു.
അതേസമയം, ചാള്‍സിന് അപ്രതീക്ഷിതമായി രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയും വൈദ്യശാസ്ത്രജ്ഞനും ആയിരുന്ന നോസ്ട്രഡാമസിന്റെ പ്രവചനവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജോണ്‍ എഫ്. കെന്നഡിയുടെ വധം, ഹിറ്റ്‌ലര്‍, ഫ്രഞ്ച് വിപ്ലവം, നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്, ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആക്രമണം, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, കോവിഡ് മഹാമാരി, ഉക്രെയിന്‍ യുദ്ധം തുടങ്ങിയവ നോസ്ട്രഡാമസ് പ്രവചിച്ചെന്നാണ് പറയുന്നത്. 75കാരനായ ചാള്‍സ് സ്ഥാനമൊഴിയുമെന്നും പകരം പ്രതീക്ഷിക്കാത്ത ഒരാള്‍ രാജാവാകുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ടത്രെ. ഹാരി രാജകുമാരനാകാം ഇതെന്നാണ് ഇപ്പോള്‍ സംസാരം. രാജകീയ പദവികള്‍ ഒഴിഞ്ഞ ഹാരി പിന്തുടര്‍ച്ചാ അവകാശികളുടെ നിരയില്‍ സഹോദരന്‍ വില്യം രാജകുമാരനും അദ്ദേഹത്തിന്റെ മക്കള്‍ക്കും പിന്നില്‍ അഞ്ചാം സ്ഥാനത്താണ്.
നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ ' ലെസ് പ്രൊഫെറ്റീസ് ' എന്ന പേരില്‍ 1555ലാണ് പ്രസിദ്ധീകരിച്ചത്. ലോകത്ത് ഇന്നേവരെയുണ്ടായ ചരിത്രപ്രധാനമായ പല സംഭവവികാസങ്ങളും നോസ്ട്രഡാമസ് ഈ പുസ്തകത്തില്‍ പ്രവചിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ചാള്‍സിന് പദവി ഉപേക്ഷിക്കേണ്ടി വരുമെന്ന് അദ്ദേഹം ലെസ് പ്രൊഫെറ്റീസില്‍ പരാമര്‍ശിച്ചിട്ടുണ്ടത്രെ.  ദ്വീപുകളുടെ രാജാവ് പുറത്താക്കപ്പെടും, രാജാവിന്റെ അടയാളം ഇല്ലാത്ത ഒരാള്‍ പകരം വരും' എന്ന് നോസ്ട്രഡാമസ് പറഞ്ഞതായി അദ്ദേഹത്തെ വിശ്വസിക്കുന്നവര്‍ പറയുന്നു. ചാള്‍സിന്റെ അമ്മ എലിസബത്ത് രാജ്ഞി ഏകദേശം 2022ഓടെ 96-ാം വയസില്‍ അന്തരിക്കുമെന്ന് ലെസ് പ്രൊഫെറ്റീസില്‍ പരാമര്‍ശിക്കുന്നുണ്ട്. 2022 സെപ്റ്റംബര്‍ 8ന് 96-ാം വയസിലാണ് രാജ്ഞി അന്തരിച്ചത്. കഴിഞ്ഞ വര്‍ഷം മേയ് ആറിനായിരുന്നു ചാള്‍സിന്റെ കിരീടധാരണം.
1503ലാണ് നോസ്ട്രഡാമസിന്റെ ജനനം. ലെസ് പ്രൊഫെറ്റീസില്‍ ' ക്വാട്രെയ്ന്‍ ' എന്ന നാലുവരി കവിതയുടെ രൂപത്തിലാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങളെല്ലാം നടത്തിയിരിക്കുന്നത്. നോസ്ട്രഡാമസിന്റെ ഈ കവിതകള്‍ അവ്യക്തമാണ്. നിശ്ചിത സ്ഥലങ്ങളോ സംഭവങ്ങളോ വരികളില്‍ ഇല്ലാത്തതിനാല്‍ അവയെ പ്രവചനങ്ങളായി കാണാനാകില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 
 

Latest News