Sorry, you need to enable JavaScript to visit this website.

കർഷക സമരം; ചർച്ചയിൽ തീരുമാനമായില്ല, മാർച്ചുമായി മുന്നോട്ടെന്ന് കർഷകർ

ന്യൂദൽഹി- കർഷകരും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിൽ ആറു മണിക്കൂറിലേറെ നേരം നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. നേരത്തെ പ്രഖ്യാപിച്ചതുപോലെ ചൊവ്വാഴ്ച ദൽഹിയിൽ മാർച്ച് നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ചു. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദൽഹിയിലേക്ക് ട്രാക്ടർ ട്രോളികൾ പുറപ്പെട്ടിട്ടും ചർച്ചയിൽ സർക്കാർ ആത്മാർത്ഥത കാണിച്ചില്ലെന്ന് ചണ്ഡീഗഢിൽ ആറ് മണിക്കൂർ കേന്ദ്രമന്ത്രിമാരെ കണ്ട കർഷക നേതാക്കൾ ആരോപിച്ചു. 'ചർച്ചകൾ ഫലമുണ്ടാക്കിയില്ല. ഞങ്ങൾ രാവിലെ 10 മണിക്ക് ദൽഹിയിലേക്കുള്ള മാർച്ച് ആരംഭിക്കും. അതേസമയം, സർക്കാർ നൽകിയ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുമെന്ന് ഒരു കർഷക നേതാവ് പറഞ്ഞു. 

2020ലെ ഇലക്ട്രിസിറ്റി ആക്ട് റദ്ദാക്കുന്നതിനെക്കുറിച്ചും ലഖിംപൂർ ഖേരിയിലെ അക്രമത്തിൽ കൊല്ലപ്പെട്ട കർഷകർക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചും ചർച്ച ചെയ്തു. റദ്ദാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഒരു വർഷം നീണ്ടുനിന്ന സമരത്തിനിടെ കർഷകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാൻ സർക്കാരും കർഷക സംഘങ്ങളും തമ്മിൽ ധാരണയായി.

സോമനാഥ് കമ്മീഷൻ റിപോർട്ട് നടപ്പാക്കുക, കർഷകരുടേയും കർഷകതൊഴിലാളികളുടേയും വായ്പകൾ എഴുതി തള്ളുക, ലോക വ്യാപര സംഘടനയിൽ നിന്ന് ഇന്ത്യ രാജിവെക്കുക, കർഷക ഉത്പ്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറക്കുന്നത് ഒഴിവാക്കുകയും ഇറക്കുമതി നികുതി വർധിപ്പിച്ച് കർഷകരെ സഹായിക്കുകയും ചെയ്യുക, 2013ന് മുമ്പുള്ള ഭൂമി ഏറ്റെടുക്കൽ നിയമം വീണ്ടും കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കർഷകർ ദൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയാൻ കേന്ദ്രസർക്കാറും ബി ജെ പി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ഇതിനകം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ദൽഹിയിലേക്ക് പ്രവേശിക്കുന്ന റോഡുകൾ ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. പോലീസ് പരിശോധനക്ക് ശേഷം മാത്രമാണ് പലസ്ഥലങ്ങളിലും വഹനങ്ങൾ കടത്തിവിടുന്നത്. ദൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ  സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ദൽഹിയിൽ പൂർണമായും ഹരിയാനയിൽ 15 ജില്ലകളിലും രാജസ്ഥാനിലെ ഗംഗനഗറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ദൽഹിയിൽ പൂർണമായി നിരോധനാജ്ഞ നിലനിൽക്കുന്നുണ്ടെങ്കിലും വിവാഹ ആഘോഷങ്ങൾ, ശവസംസ്‌കാര പരിപാടികൾ, മതപരമായ റാലികൾ എന്നിവ പോലീസ് അനുമതിയോട് കൂടി നടത്താൻ അനുവദമുണ്ട്. അതേസമയം, പോലീസ അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങളിലും പൊതുസ്ഥലത്തും ലൗഡ് സ്പീക്കർ ഉപയോഗിക്കാൻ പാടില്ല.


ദൽഹിയിലെ വിവിധ അതിർത്തികളിൽ നൂറുകണക്കിന് കർഷകർ ഇതിനകം എത്തിയിട്ടുണ്ട്. ഇവർ പലമാർഗങ്ങളിലൂടെ ചൊവ്വാഴ്ച ദൽഹിയിലെത്തുമെന്നാണ് കർഷക സംഘടന നേതാക്കൾ പറയുന്നത്.  സമരത്തിനെത്തിയ കർഷകരെ പോലീസ് പിടികൂടി തടങ്കിൽവെച്ചതായി കർഷക നേതാക്കൾ ആരോപിച്ചു. കർണാടക, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് ദൽഹി ചലോ മാർച്ചിന് പിന്തുണയുമായി എത്തിയ നിരവധി കർഷകരെ തടങ്കലിൽ വച്ചിരിക്കുകയാണെന്ന് കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ പറഞ്ഞു.  മധ്യപ്രദേശിൽ നിന്നും കർണാടകയിൽ നിന്നും വരുന്ന നിരവധി കർഷകരെ ഭോപ്പാലിൽ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് ദല്ലേവാൾ അവകാശപ്പെട്ടു. ഒരു വശത്ത് കർഷകരുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്രം പറയുന്നു. എന്നാൽ, മറുവശത്ത് അവർ കർഷകരെ  തടഞ്ഞുവെക്കുന്നു, പിന്നെ ഈ ചർച്ച എങ്ങനെ നടക്കുമെന്ന്  ദല്ലേവാൾ ചോദിച്ചു. കർഷകരെ  വിട്ടയക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ സംഭാഷണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിൽ നിന്ന് കൂട്ടത്തോടെ കർഷകർ ദൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഹരിയാന സർക്കാറിന്റെ ബാരിക്കേഡുകൾ മറികടന്ന് പഞ്ചാബിലെ കർഷകർ ഡൽഹിയിൽ എത്തിച്ചേരുമെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു. കർഷക സംഘടന നേതാക്കളുമായി സംസാരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടുണ്ട്.

Latest News