Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഒൻപതിൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവി ഇളവ് രണ്ടാഴ്ച കൂടി മാത്രം

ജിദ്ദ- ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ലെവിയിളവ് അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം. ശഅ്ബാൻ 15 ന് അഥവാ ഫെബ്രുവരി 25 വരെ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് മാനവശേഷി സാമൂഹിക മന്ത്രാലയം ആവർത്തിച്ചു. ഒമ്പതിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇഖാമ പുതുക്കുമ്പോൾ ലെവിയിളവ് നേരത്തെ മൂന്നു വർഷത്തേക്കായിരുന്നു അനുവദിച്ചിരുന്നത്. കഴിഞ്ഞ മാർച്ചിൽ സമയപരിധി അവസാനിക്കാനിരിക്കെ സൗദി മന്ത്രിസഭ ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയതായിരുന്നു.

ഉടമയായ സൗദി പൗരൻ സ്ഥാപനത്തിന്റെ ഗോസി എകൗണ്ടിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിച്ചിരുന്നുള്ളൂ. ചെറുകിട സ്ഥാപനങ്ങളെ വിപണിയിൽ പിടിച്ചുനിർത്താനും പിന്തുണ നൽകാനുമാണ് ലെവി ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്. ഉടമയായ സൗദി പൗരൻ ഗോസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ രണ്ടു വിദേശികൾക്ക്ലെവിയിളവ് ലഭിക്കും. അവർ ഇഖാമ പുതുക്കാൻ ലേബർ കാർഡിന് 100 റിയാലും ജവാസാത്തിൽ 650 റിയാലും അടച്ചാൽ മതി. മറ്റൊരു സൗദി പൗരനെ കൂടി ഗോസിയിൽ രജിസ്റ്റർ ചെയ്താൽ നാലു വിദേശികൾക്ക് ഈ ആനുകൂല്യം ലഭിക്കും.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകിയതോടെ ഇത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. 2022ന്റെ ആദ്യപാദത്തിൽ 75300 സ്ഥാപനങ്ങളുണ്ടായിരുന്നു. എന്നാൽ 2023 ആദ്യപാദത്തിൽ 1190000ആയി ഉയർന്നു. അഥവാ 37 ശതമാനം വളർച്ചയുണ്ടായി.
സൗദിയിലെ സ്ഥാപനങ്ങളിൽ 99.5 ശതമാനവും ചെറുകിട, ഇടത്തരം വിഭാഗത്തിൽ പെട്ടതാണ്. 2023 ആദ്യപകുതിയിൽ 6.5 മില്യൻ പേർക്ക് തൊഴിൽ നൽകി. 2023 ആദ്യപകുതിയിൽ ഏറ്റവുമധികം സ്ഥാപനങ്ങളെത്തിയത് റിയാദിലാണ്. അഥവാ 41 ശതമാനം. 49700 സ്വകാര്യ സ്ഥാപനങ്ങളാണ് റിയാദിലുള്ളത്. തൊട്ടുപിന്നിൽ 18.9 ശതമാനം അഥവാ 226000 സ്ഥാപനങ്ങളുമായി മക്ക പ്രവിശ്യയുണ്ട്. 11.1 ശതമാനം അഥവാ 132400 സ്ഥാപനങ്ങളാണ് കിഴക്കൻ പ്രവിശ്യയിലുള്ളത്.

Latest News