Sorry, you need to enable JavaScript to visit this website.

തണുപ്പകറ്റും വസ്ത്രങ്ങൾ കളയല്ലേ, സൗദിയിൽ ശൈത്യം തുടരും

ജിദ്ദ- സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇനിയും കനത്ത മഴയും തണുപ്പും തുടരുമെന്നും തണുപ്പിൽനിന്ന് രക്ഷനേടാൻ പാകത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കണമെന്നും നിർദ്ദേശം. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും കനത്ത മഴയ്ക്കും വ്യത്യസ്ത താപനിലയിലേക്കും നയിച്ച ന്യൂനമർദം ബാധിച്ചിട്ടുണ്ടെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ വെതർ ആന്റ് ക്ലൈമറ്റ് പ്രവചനങ്ങളുടെ ഡയറക്ടർ ജനറൽ ഹംസ കുമി സ്ഥീരീകരിച്ചു. ഈ ആഴ്ച അവസാനം വരെ താപനിലയിലെ കുറവ് തുടരും. രാജ്യത്തിന്റെ വടക്ക് ഭാഗത്ത് താപനില പൂജ്യത്തിലെത്തിയിരുന്നു.

നാളെ വൈകുന്നേരം മുതൽ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളും കാലാവസ്ഥ വ്യതിയാനത്തിന് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ ശൈത്യകാലത്തിന്റെ അവസാനമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഔദ്യോഗിക വക്താവ് ഹുസൈൻ അൽഖഹ്താനി പറഞ്ഞു. അനുഗ്രഹീതമായ റമദാൻ മാസം വസന്തകാലത്താണ് വരുന്നത്. വടക്കൻ പ്രദേശങ്ങളിൽ ചൂടും തണുപ്പുള്ള സായാഹ്നങ്ങളുമാണ് ഇതിന്റെ സവിശേഷത.
ജിസാൻ, അസീർ, അൽബഹ മേഖലകളിലും കിഴക്കൻ പ്രദേശങ്ങളിലും സജീവമായ കാറ്റും ആലിപ്പഴ വർഷവും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്രം റിപ്പോർട്ടിൽ പറയുന്നു. 

ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും അൽജൗഫ്, ഹായിൽ, അൽഖാസിം, റിയാദ്, വടക്കൻ അതിർത്തി എന്നിവടങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടുന്നത് തുടരും. മക്ക, മദീന മേഖലകളിലും നജ്‌റാനിന്റെ ചില ഭാഗങ്ങളിലും മൂടൽ മഞ്ഞിന് സാധ്യതയുണ്ടാകും.

Latest News