Sorry, you need to enable JavaScript to visit this website.

നാട് 'ഭയ' നാടായ കേസിലെ ഒന്നാം പ്രതി ആനയല്ല

വയനാടും നാടാകെയും ഭയനാടായ കേസിലെ ഒന്നാം പ്രതി എന്തായാലും ആനയല്ല. നല്ല ആലോചനയും ബുദ്ധിയുമൊക്കെയുണ്ടെന്ന് കരുതുന്ന മനുഷ്യനാണ്. ബോധമില്ലാത്ത ആനയല്ല, കഴിവ് കെട്ട സർക്കാരാണ് കേസിലെ പ്രതിയെന്ന് വയനാട്ടിലെയും വനാതിർത്തികളിലെയും ഭീതിതമായ അവസ്ഥ എടുത്തു കാട്ടി സമർഥിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നാടാകെ ഇളകി മറിയുന്ന വിഷയത്തിലെ അടിയന്തര പ്രമേയ ഘട്ടത്തിൽ ഇറങ്ങി പോകും മുമ്പ് സംസാരിച്ച കക്ഷി നേതാക്കളും ഇപ്പറഞ്ഞതിനോട് യോജിച്ചു. എന്നും കാഴ്ചയുടെ വിസ്മയമായ ആന സഭക്കകത്ത് പേടിപെടുത്തുന്ന അനുഭവമായി വീണ്ടും എത്തുകയായിരുന്നു.
  കരുത്തനായ കാട്ടുജീവി ഇറങ്ങി വന്നാൽ എങ്ങിനെയെങ്കിലും രക്ഷപ്പെടുകയല്ലാതെ മനുഷ്യന് മറ്റു വഴികളൊന്നുമില്ല. രക്ഷപ്പെടാനുള്ള ശാസ്ത്രീയ വഴികൾ നിരവധി ഉണ്ടായിട്ടും അതൊന്നും വേണ്ട വിധം നടപ്പാക്കാത്ത ഭരണ കൂടമാണ് കേസിലെ കുറ്റവാളികളെന്ന് നിയമ സഭക്കകത്തും പുറത്തും എല്ലാവരും ഒറ്റക്കെട്ടാവുന്നു. വകുപ്പ് മന്ത്രി കട്ടിലിൽ കിടക്കുന്ന ഒരു കാർട്ടൂൺ പത്രത്തിൽ അച്ചടിച്ചു വന്നിട്ടുണ്ട്. മന്ത്രിയുടെ തുറന്നു വെച്ച ഡയറിയിലെ എഴുത്ത് ഇങ്ങിനെ 'ഞാനെന്ത് കാട്ടാനാ....' 
  
നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴൽ നാടന്റെ ശ്രമം സർവ ശക്തിയുപയോഗിച്ച് തടഞ്ഞ് സ്പീക്കർ എ.എൻ. ഷംസീർ. വ്യക്തമായ രേഖകൾ ഇല്ലാതെയുള്ള ആരോപണം അനുവദിക്കില്ലെന്ന് സ്പീക്കർ കടുത്ത നിലപാട് എടുത്തപ്പോൾ പ്രതിഷേധിച്ച് ഇറങ്ങി പോവുകയല്ലാതെ കുഴൽ നാടന് മറ്റ് വഴിയുണ്ടായിരുന്നില്ല. ആരോപണം ഉന്നയിക്കാൻ ഒരുങ്ങിയ മാത്യു കുഴൽനാടന്റെ മൈക്ക് സ്പീക്കർ കർശന കൽപന നൽകി ഓഫ് ചെയ്തു. കഴിഞ്ഞ ദിവസം പി.വി. അൻവർ പ്രതിപക്ഷ നേതാവിനെതിരെ 150 കോടിയുടെ അഴിമതി ഉന്നയിച്ചതോ..? കുഴൽ നാടൻ ചോദിച്ചു കൊണ്ടിരുന്നു. 
താൻ ചട്ടപ്രകാരമാണ് സഭയിൽ ഇടപെട്ടതെന്ന് കുഴൽനാടൻ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോപണത്തിന് അടിസ്ഥാനമായ രേഖ വേണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. അത് നൽകുകയും ചെയ്തു. എന്നിട്ടും അനുമതി നിഷേധിച്ചത് എന്തിനെന്ന് മനസ്സിലായില്ല. ഇനി പാർട്ടിയുടെ അനുമതിയോടെ വിഷയം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും, 
ബജറ്റ് ചർച്ചയിൽ സംസാരിച്ച ആർ.എം.പി അംഗം കെ.കെ. രമ ആ പഴയ കുലം കുത്തി പ്രയോഗം തിരിച്ചു കൊടുക്കാൻ കിട്ടിയ അവസരം കൃത്യമായി ഉപയോഗിച്ചു. വിദേശ സർവകലാശാലക്ക് ഉൾപ്പെടെ അനുവാദം നൽകുന്ന സർക്കാർ ഇതിനെതിരെയെയൊക്കെ സമരം ചെയ്ത സഖാക്കളെയെല്ലാം മറന്നില്ലെ എന്ന് രമയുടെ ചോദ്യം -നിങ്ങൾ കുലം കുത്തികളാണ്. രാഷ്ട്രീയ ശത്രുതയുടെ പേരിൽ കൊല്ലപ്പെട്ട ഭർത്താവ് ചന്ദ്രശേഖരനെതിരെ അന്ന് പ്രയോഗിക്കപ്പെട്ട വാക്കുകൾ പറ്റിയ സന്ദർഭത്തിൽ തിരിച്ചു കൊടുക്കാനായ സംതൃപ്തിയിലായിരിക്കും ഇപ്പോൾ വടകര അംഗം.

  
 

Latest News