ഉത്തരാഖണ്ഡില്‍ മദ്രസ തകര്‍ത്ത സ്ഥാനത്ത് പോലീസ് സ്‌റ്റേഷന്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി

ന്യൂദല്‍ഹി - കഴിഞ്ഞയാഴ്ച ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ പൊളിച്ച മദ്രസയുടെ സ്ഥാനത്ത് പോലീസ് സ്‌റ്റേഷന്‍ നിര്‍മിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രഖ്യാപിച്ചു. സംഭവത്തെ തുടര്‍ന്ന് ഇവിടെ സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും  5 പേര്‍ മരിക്കുകയും ചെയ്തു. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്ത് തെമ്മാടികള്‍ക്ക് ഇടമില്ലെന്ന് മുഖ്യമന്ത്രി ധാമി പറഞ്ഞു. 'ദേവഭൂമിയുടെ സമാധാനം കൊണ്ട് കളിക്കുന്ന ആരെയും വെറുതെ വിടില്ല, ഉത്തരാഖണ്ഡില്‍ അത്തരം ദുഷ്ടന്മാര്‍ക്ക് ഇടമില്ലെന്ന് നമ്മുടെ സര്‍ക്കാര്‍ അക്രമികള്‍ക്കും കലാപകാരികള്‍ക്കും നല്‍കുന്ന വ്യക്തമായ സന്ദേശമാണിത് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നൈനിറ്റാളിലെ ഹല്‍ദ്വാനി നഗരത്തില്‍ വ്യാഴാഴ്ച നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 30 പേര്‍ അറസ്റ്റിലായി. ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഞായറാഴ്ച അധികൃതര്‍ അറിയിച്ചു.
പിടിയിലായവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി പോലീസ് വെളിപ്പെടുത്തി. ജില്ലയില്‍ സുരക്ഷ ശക്തമാക്കാന്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിക്കണമെന്ന് സംസ്ഥാന ഭരണകൂടം ഔദ്യോഗികമായി അഭ്യര്‍ത്ഥിച്ചു.

 

 

Latest News