Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാച്ചേനിയുടെ കുടുംബത്തിന് സ്നേഹസൗധമൊരുങ്ങി; 14ന് താക്കോല്‍ കൈമാറും

കണ്ണൂര്‍- അന്തരിച്ച കോണ്‍ഗ്രസ് നേതാവും ഡി. സി. സി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍കൈയെടുത്ത് നിര്‍മ്മിച്ചു നല്‍കിയ സ്നേഹസൗധം ഒരുങ്ങി. പരിയാരത്തിനടുത്ത് അമ്മാനപ്പാറയിലാണ് മൂവായിരത്തോളം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ സ്വന്തമായൊരു വീട് സ്വപ്നമായി മാത്രം കൊണ്ടു നടന്ന നേതാവായിരുന്നു സതീശന്‍ പാച്ചേനി. വാടക വീട്ടിലായിരുന്നു ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം അദ്ദേഹം കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം പയ്യാമ്പലത്ത് ഭൗതിക ദേഹം സംസ്‌കരിച്ച ശേഷം ചേര്‍ന്ന സര്‍വ്വകക്ഷി അനുശോചന യോഗത്തിലാണ് കെ. പി. സി. സി പ്രസിഡന്റ്  കെ. സുധാകരന്‍ കുടുംബത്തിന് പാര്‍ട്ടി വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നിര്‍മ്മാണം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് വീട് പൂര്‍ത്തീകരിച്ചു. 

സതീശന്‍ പാച്ചേനിയെ സ്നേഹിക്കുന്ന നിരവധി പേരുടെയും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെയും അധ്വാനത്തിന്റെ ഫലമാണ് മനോഹര സൗധം. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും കെ. എസ്. എസ്. പി. എ ഉള്‍പ്പെടെ സര്‍വീസ് സംഘടനകളും പ്രവാസികളുമൊക്കെ സാമ്പത്തികമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉദ്യമത്തിന് കൈത്താങ്ങ് പകര്‍ന്നു. വീട് നിര്‍മ്മാണത്തിനായി സതീശന്‍ പാച്ചേനി വിലക്കെടുത്തിരുന്ന സ്ഥലത്താണ് 85 ലക്ഷം രൂപയിലധികം ചെലവില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 

ഡി. സി. സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, വി. എ. നാരായണന്‍, മുന്‍ മേയര്‍ അഡ്വ. ടി. ഒ. മോഹനന്‍, കെ. പ്രമോദ്, ചന്ദ്രന്‍ തില്ലങ്കേരി, കെ. സി. മുഹമ്മദ് ഫൈസല്‍, രാജീവന്‍ എളയാവൂര്‍, ഇ. ടി. രാജീവന്‍, കെ. സജീവന്‍ എന്നിവരടങ്ങിയ കമ്മിറ്റി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. കരാറുകാരന്‍ കൂടിയായ ഡി സി സി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. 

ഇതേ വീടിന് തൊട്ടടുത്ത് സതീശന്‍ പാച്ചേനിയുടെ ഭാര്യ റീനയുടെ സഹോദരിക്ക് വേണ്ടി നിര്‍മ്മിച്ച വീടിന്റെ നിര്‍മ്മാണവും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഈ മാസം 14ന് രാവിലെ 9.30ന് കെ. പി. സി. സി പ്രസിഡന്റ്  കെ. സുധാകരന്‍ സ്നേഹ വീടിന്റെ  താക്കോല്‍ കൈമാറും.  സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് ഒരു വീട് എന്ന സ്വപ്നം മുന്നോട്ടു വെച്ചപ്പോള്‍ കൂടെ നിന്ന് അഹോരാത്രം അതു യാഥാര്‍ഥ്യമാക്കാന്‍  പ്രവര്‍ത്തിച്ച മുഴുവനാളുകള്‍ക്കും ഡി. സി. സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് നന്ദി അറിയിച്ചു.

Latest News