Sorry, you need to enable JavaScript to visit this website.

ഹേമന്ത് സോറന്‍ അനധികൃത ഭൂമിയില്‍ ബാങ്ക്വറ്റ് ഹാള്‍ പണിയാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഇ. ഡി

റാഞ്ചി- ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമിയില്‍ ബാങ്ക്വറ്റ് ഹാള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണം. 

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹേമന്ത് സോറന്റെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിമാന്‍ഡ് ഫെബ്രുവരി 15 വരെ മൂന്ന് ദിവസത്തേക്ക് പ്രത്യേക പി. എം. എല്‍. എ കോടതി തിങ്കളാഴ്ച നീട്ടി.
കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് അപേക്ഷയില്‍ അന്വേഷണ ഏജന്‍സി ഹേമന്ത് സോറനും അദ്ദേഹത്തിന്റെ കൂട്ടാളിയായ ബിനോദ് സിംഗും തമ്മിലുള്ള നിര്‍ണായക വാട്ട്സ്ആപ്പ് ചാറ്റുകള്‍ വെളിപ്പെടുത്തി. നിരവധി 'അനധികൃത സ്വത്തുക്കളുടെ' വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ചാറ്റുകളെന്ന് ഇ. ഡി ചൂണ്ടിക്കാട്ടി. 

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നതനുസരിച്ച്, വാട്ട്സ്ആപ്പ് പരിശോധനയില്‍ നിര്‍ദിഷ്ട ബാങ്ക്വറ്റ് ഹാളിന്റെ രൂപരേഖയുള്ള മാപ്പ് കണ്ടെത്തി. ബിനോദ് സിംഗ് ഹേമന്ത് സോറനുമായി 2023 ഏപ്രില്‍ ആറിനാണ് മാപ്പ് പങ്കിട്ടത്. 

സോറന്റെ കൈവശമുണ്ടെന്ന് ആരോപിക്കപ്പെടുന്ന അനധികൃത സമ്പാദനത്തിന് നിലവില്‍ അന്വേഷണം നടക്കുന്ന എട്ടര ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ടതാണ് പദ്ധതിയില്‍ വ്യക്തമാക്കിയിരിക്കുന്ന സ്ഥലം.

നിര്‍ദിഷ്ട ബാങ്ക്വറ്റ് ഹാളും തര്‍ക്ക ഭൂമിയും തമ്മിലുള്ള വിന്യാസം സ്ഥിരീകരിച്ച് ഫെബ്രുവരി 10ന് അന്വേഷണ ഏജന്‍സി സര്‍വേ നടത്തിയിരുന്നു. നിര്‍മ്മാണത്തിന് അനുയോജ്യമായ മറ്റൊരു വലിയ പ്ലോട്ടും സമീപത്ത് ലഭ്യമല്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷം ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് വന്നതായും ഒരിക്കല്‍ ഇ. ഡി ഉദ്യോഗസ്ഥര്‍ തന്റെ മകനെ ഭൂമിയെ കുറിച്ച് ചോദ്യം ചെയ്തതായും ഭൂമി ഹേമന്ത് സോറന്റേതാണെന്ന് തങ്ങള്‍ അടുത്തിടെയാണ് അറിഞ്ഞതെന്നും നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞു.

റവന്യൂ സബ് ഇന്‍സ്പെക്ടര്‍ ഭാനു പ്രതാപ് പ്രസാദ് ബലപ്രയോഗത്തിലൂടെയും വ്യാജരേഖകളിലൂടെയും സ്വത്തുക്കള്‍ സമ്പാദിച്ച സിന്‍ഡിക്കേറ്റിന്റെ ഭാഗമാണെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി. 2023 ഫെബ്രുവരിയില്‍ റാഞ്ചിയിലെ സര്‍ക്കിള്‍ ഓഫീസില്‍ നടത്തിയ സര്‍വേയില്‍ ഭാനു പ്രതാപ് പ്രസാദിന്റെ രജിസ്റ്ററുകളില്‍ കൃത്രിമത്വം കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ 11 വസ്തു രേഖകളും 17 ഒറിജിനല്‍ രജിസ്റ്ററുകളും പിടിച്ചെടുത്തു.

2023 ഏപ്രിലിലാണ് ഭൂമി കയ്യേറ്റ സംഘത്തിലെ ആറുപേരും പ്രസാദും അറസ്റ്റിലായത്. 

ഹേമന്ത് സോറന്‍ ഉള്‍പ്പെടെ അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിക്കാനുള്ള ഗൂഢാലോചനയില്‍ പ്രസാദ് സജീവമായി പങ്കെടുത്തതായി അന്വേഷണ ഏജന്‍സി ആരോപിച്ചു. പ്രസാദിന്റെ മൊബൈല്‍ ഫോണ്‍, പണമിടപാടുകള്‍, അനധികൃത സമ്പാദ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചാറ്റുകളും വിവരങ്ങളും വെളിപ്പെടുത്തി. സോറനുമായി ബന്ധപ്പെട്ട ഏകദേശം എട്ടര ഏക്കറോളം വരുന്ന വസ്തുവകകളുടെ ഒരു ലിസ്റ്റ് അടങ്ങിയ ചിത്രവും പിടിച്ചെടുത്തു.

കുറ്റകൃത്യത്തിന്റെ വരുമാനം ഏറ്റെടുക്കല്‍, കൈവശം വയ്ക്കല്‍, വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട പ്രക്രിയയില്‍ സോറന്‍ ബോധപൂര്‍വം ഏര്‍പ്പെട്ടതായി അന്വേഷണ ഏജന്‍സി ആരോപിച്ചു.

ഹേമന്ത് സോറന്റെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി ഫെബ്രുവരി 15 വരെ നീട്ടിയതിനെ തുടര്‍ന്ന് പ്രത്യേക പി. എം. എല്‍. എ (പണം വെളുപ്പിക്കല്‍ നിരോധന നിയമം) കോടതി ഫെബ്രുവരി ഏഴിന് അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേന്ദ്ര ഏജന്‍സി ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ജനുവരി 31നാണ് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ് അദ്ദേഹം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

Latest News