അയോധ്യ- ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. കെജ്രിവാളിനോടൊപ്പം ഭാര്യയും അച്ഛനും അമ്മയും ഭഗവന്ത് മാനോടൊപ്പം കുടുംബവും ഉണ്ടായിരുന്നു.
മാതാപിതാക്കളോടും ഭാര്യയോടും കൂടി അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തില്‍ രാം ലല്ലയുടെ ദിവ്യ ദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചുവെന്നാണ് കെജ്രിവാള്‍ എക്‌സില്‍ കുറിച്ചത്. ഭഗവന്ത് ജിയും കുടുംബവും ഈ ചടങ്ങില്‍ സന്നിഹിതരായിരുന്നുവെന്നും എല്ലാവരും ഒരുമിച്ച് ശ്രീരാമനെ ദര്‍ശിക്കുകയും രാജ്യത്തിന്റെ പുരോഗതിക്കും എല്ലാ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരവിന്ദ് കെജ്രിവാളിന്റെ അയോധ്യയിലേക്കുള്ള രണ്ടാമത്തെ യാത്രയാണിത്. 2021ലാണ് അദ്ദേഹം നേരത്തെ അയോധ്യ സന്ദര്‍ശിച്ചത്. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാണപ്രതിഷ്ഠയില്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.