Sorry, you need to enable JavaScript to visit this website.

മലയാളി മാധ്യമ പ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ മരവിപ്പിച്ചു, നാല് പ്രതികൾക്ക് ജാമ്യം

ന്യൂദല്‍ഹി- മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച വിചാരണ കോടതി ഉത്തരവ് നടപ്പിലാക്കുന്നത് ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബല്‍ജീത് മാലിക് എന്നിവരുടെ ശിക്ഷായാണ് ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്, ഗിരീഷ് കത്പാലിയ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. ശിക്ഷാ വിധി സ്‌റ്റേ ചെയ്തതോടെ പ്രതികള്‍ക്ക് ബഞ്ച് ജാമ്യം അനുവദിക്കുകയും ചെയ്തു.

14 വര്‍ഷത്തോളം പ്രതികള്‍ ജയിലിനുള്ളിലായിരുന്നുവെന്ന് ജാമ്യം അനുവദിക്കുന്നതിനായി ബെഞ്ച് ചൂണ്ടികാണിച്ചു. കേസിലെ ശിക്ഷയും കുറ്റത്തിനുമെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുന്നതുവരെയാണ് സ്റ്റേ. കഴിഞ്ഞ നവംബര്‍ 24 നാണ് സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍  ദല്‍ഹി സാകേത് കോടതി നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ് വിധിച്ചത്. മറ്റൊരു പ്രതിയായ അജയ് സേഥിക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചിരുന്നു.

ഇന്ത്യാ ടുഡേയില്‍ പ്രവര്‍ത്തിച്ച് വരുന്നതിനിടെ 2008 സെപ്തംബറില്‍ ദല്‍ഹിയിലെ വസന്ത് കുഞ്ചില്‍ സൗമ്യ വിശ്വനാഥനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലയില്‍ വെടിയുണ്ടയേറ്റാണ് മരണം സംഭവിച്ചതെന്നാണ് ഫോറന്‍സിക് റിപോര്‍ട്ട്. എന്നാല്‍, കേസില്‍  പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് 2009 മാര്‍ച്ചില്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്ത്  ചോദ്യം ചെയ്യുന്നതിനിടെ രവി കപൂറിനെയും അമിത് ശുക്ലയെയും  സൗമ്യ വിശ്വനാഥിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് മൊഴി നല്‍കുകയായിരുന്നു. ഓഫീസില്‍ നിന്ന് രാത്രി വൈകി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യ വിശ്വനാഥനെ ഇവര്‍ പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.

Latest News