പ്രേമചന്ദ്രനെ ചായ കുടിക്കാന്‍ ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളു-ജോയ് മാത്യുവിന്റെ കുറിപ്പ്

കൊച്ചി- പ്രധാനമന്ത്രി വിരുന്നിന് വിളിച്ചാല്‍ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കാര്യങ്ങള്‍ പഠിച്ച് മാത്രം ഉജ്വലമായി സഭയില്‍ അവതരിപ്പിക്കുന്ന മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് ഭരണപക്ഷം പോലും സമ്മതിക്കുന്ന പ്രേമചന്ദ്രന്‍ എം.പിയെ ചായകുടിക്കാന്‍ വിളിക്കാന്‍ പലപ്പോഴും തോന്നിയിട്ടുണ്ട്.  നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രേമചന്ദ്രനെ ചായ കുടിക്കാന്‍ ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂവെന്ന് ജോയ് മാത്യു പറഞ്ഞു.

 മര്യാദയുടെ ഭാഷയും രാഷ്ട്രീയ വിയോജിപ്പും രണ്ടാണെന്ന് പാര്‍ട്ടി അണികള്‍ മനസ്സിലാക്കാത്തിടത്തോളം ഇവരൊക്കെ അസഹിഷ്ണുതയുടെ ആള്‍രൂപങ്ങളാണെന്നും ജോയ് മാത്യു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ താണു വണങ്ങി കൈകൂട്ടിപ്പിടിച്ച ആളുടെ മര്യാദയാണ് നമുക്ക് മാതൃകയാവേണ്ടത് എന്നകാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നിട്ടും പ്രേമചന്ദ്രനെ സംഘിയാക്കുന്നതില്‍ അടിമകളുടെ ഈ അത്യാവേശമാണ് എന്നെ അതിശയിപ്പിക്കുന്നത് .

ജോയ് മാത്യുവിന്റെ കുറിപ്പ്

അസഹിഷ്ണുതയുടെ ആള്‍രൂപങ്ങള്‍

പ്രധനമന്ത്രി വിരുന്നിനു വിളിച്ചാല്‍ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് ഞാന്‍ കരുതുന്നു .കാര്യങ്ങള്‍ പഠിച്ച് മാത്രം ഇജ്ജ്വലമായി സഭയില്‍ അവതരിപ്പിക്കുന്ന മികച്ച പാര്‌ലിമെന്ററിയന്‍ എന്ന് ഭരണപക്ഷം പോലും സമ്മതിക്കുന്ന പ്രേമചന്ദ്രന്‍ എം പി യെ ചായകുടിക്കാന്‍ വിളിക്കാന്‍ എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട് .അപ്പോള്‍പ്പിന്നെ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രേമചന്ദ്രനെ ചായ കുടിക്കാന്‍ ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ! അപ്പോഴേക്കും അസഹിഷ്ണതയുടെ ആള്‍രൂപങ്ങളായ പാര്‍ട്ടി അടിമകള്‍ പ്രേമചന്ദ്രനെ സംഘിയാക്കി.

മോദി സര്‍ക്കാരിന്റെ വക്താവായ ഗവര്‍ണറെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഓണത്തിനും വിഷുവിനും ഇഫ്ത്താറിനും ക്രിസ്തുമസ്സിനുമൊക്കെ ചായക്ക് വിളിക്കുന്നതില്‍ തെറ്റില്ല എന്നാണ് പാര്‍ട്ടി അടിമകള്‍ കരുതുന്നത് .എന്തിന് അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ വീട്ടിലേക്ക് വിളിച്ച് ചായ കൊടുത്ത മുഖ്യമന്ത്രിയുടെ മര്യാദപോലും അണികള്‍ക്കില്ലാതെപോയതാണ് കഷ്ടം .

പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ താണു വണങ്ങി കൈകൂട്ടിപ്പിടിച്ച ആളുടെ മര്യാദയാണ് നമുക്ക് മാതൃകയാവേണ്ടത് എന്നകാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നിട്ടും പ്രേമചന്ദ്രനെ സംഘിയാക്കുന്നതില്‍ അടിമകളുടെ ഈ അത്യാവേശമാണ് എന്നെ അതിശയിപ്പിക്കുന്നത് .

എന്നാല്‍ വിപ്ലവകാരിയും തൊ.വ.(തൊഴിലാളി വര്‍ഗ്ഗ)നേതാവുമായ എളമരം കരീം ബി എംഎസ് ന്റെ കുങ്കുമം പുതച്ച വേദിയില്‍ വലിഞ്ഞുകയറിയതിനെപ്പറ്റി ഒരു അടിമയ്ക്കും ഒന്നും മിണ്ടാനില്ല. മര്യാദയുടെ ഭാഷയും രാഷ്ട്രീയ വിയോജിപ്പും രണ്ടാണെന്ന് പാര്‍ട്ടി അണികള്‍ മനസ്സിലാക്കാത്തിടത്തോളം ഇവര്‍

അസഹിഷ്ണതയുടെ ആള്‍രൂപങ്ങളായിത്തന്നെ തുടരും.

 

Latest News