Sorry, you need to enable JavaScript to visit this website.

ബുള്‍ഡോസര്‍ രാജിനെതിരെ താക്കീതുമായി മധ്യപ്രദേശ് ഹൈക്കോടതി, വീട് പൊളിക്കല്‍ നിങ്ങള്‍ക്ക് ഫാഷനാണോ...

ഭോപാല്‍- ബുള്‍ഡോസര്‍ രാജിനെതിരെ ശക്തമായ താക്കീതുമായി മധ്യപ്രദേശ് ഹൈക്കോടതി. വീടുകള്‍ പൊളിച്ചതിനെതിരെ രണ്ട് ഉജ്ജയിന്‍ സ്വദേശികള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനെ പ്രതിയാക്കി നല്‍കിയ ഹരജിയിലാണ് വിധി. നടപടിക്രമങ്ങള്‍ പാലിക്കാതെ വീടുകള്‍ ഇടിച്ചുനിരത്തുന്നത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫാഷനാണോ എന്ന് കോടതി ചോദിച്ചു.
ഹരജിക്കാരായ രാധ ലാംഗ്രി, വിംല ഗുര്‍ജാര്‍ എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഭരണകൂടത്തോട് ഹൈക്കോടതി ഉത്തരവിട്ടു.

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തന്റെ വീട് തകര്‍ത്തതെന്ന് ലാംഗ്രി പറഞ്ഞു. ഗുര്‍ജറിന് നോട്ടീസ് ലഭിച്ചെങ്കിലും സ്‌റ്റേ ഉത്തരവിനായി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.

നടപടിക്രമങ്ങള്‍ പാലിക്കാതെ വീടുകളും കെട്ടിടങ്ങളും പൊളിക്കുന്നത് ജില്ലാ ഭരണകൂടത്തിന് ഒരു 'ഫാഷന്‍' ആയി മാറിയെന്ന് കോടതി നിരീക്ഷിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ക്ക്  വീട് പൊളിക്കുന്നത് ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുന്നു.
'ഈ കേസിലും ഹരജിക്കാരുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരിക്കുന്നു. ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള  പ്രദേശത്തു പൊളിക്കാന്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച രണ്ട് വീടുകള്‍ മാത്രമാണോ ഇത് -കോടതി ചോദിച്ചു.

അനുമതിയില്ലാതെയാണ് വീടുകള്‍ നിര്‍മ്മിച്ചതെന്നും ഔദ്യോഗിക രേഖകളില്‍ ഹരജിക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വാദിച്ചെങ്കിലും കോടതിയെ ബോധ്യപ്പെടുത്തിയില്ല. ഹരജിക്കാരനായ ലാംഗ്രിയുടെ കേസ് എടുത്ത കോടതി, ഹരജിക്കാരന്റെ പേരോ കെട്ടിടത്തിന്റെ ഉടമയെക്കുറിച്ചോ ബില്‍ഡിംഗ് ഓഫീസര്‍ക്ക് ധാരണയില്ലെന്ന് പറഞ്ഞു.

ഇത്തരം നടപടികള്‍ വളരെ ആശങ്കാജനകമാണെന്നും ഹൈക്കോടതി പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടു. കെട്ടിടനിര്‍മ്മാണ ചട്ടങ്ങളുടെ പ്രാധാന്യം അംഗീകരിച്ച കോടതി നിയമലംഘനങ്ങള്‍ പരിഹരിക്കാന്‍ വീട്ടുടമസ്ഥര്‍ക്ക് അവസരം നല്‍കണമെന്നും പൊളിക്കല്‍ അവസാന നടപടിയായിരിക്കണമെന്നും ഹൈക്കോടതി ഊന്നിപ്പറഞ്ഞു.

 

Latest News