കോട്ടയം- പീഡനശ്രമത്തിനിടെ അമിത രക്തസ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിലായ സംഭവത്തിൽ മിസ്റ്റർ ഇന്ത്യയെ അറസ്റ്റു ചെയ്തു. കുടമാളൂർ സ്വദേശിയായ മിസ്റ്റർ ഇന്ത്യ മുരളികുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പീഡനത്തിനിരയായ യുവതി ഇപ്പോഴും കുടമാളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ യുവതിക്കൊപ്പം മുരളികുമാർ എത്തുകയായിരുന്നു. പീഡനത്തിനിരയായ യുവതി അമിത രക്തസ്രാവത്തെ തുടർന്നു കുടമാളൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തായത്. ഇതിനിടെ തന്നെ മയക്കുമരുന്ന് സ്‌പ്രേ ചെയ്ത് ഒരു സംഘം തട്ടിക്കൊണ്ടു പോയതായി യുവതി ആശുപത്രി അധികൃതരോട് പറഞ്ഞത് പരിഭ്രാന്തി പരത്തി. തുടർന്നു പോലീസ് മുരളികുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വന്നത്. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് മകളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതാണെന്നു കാട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. തുടർന്നു പോലീസ്്് പെൺകുട്ടിയുടെ മൊഴിയെടുത്തതോടെ മുരളികുമാർ പീഡിപ്പിച്ചതായി പെൺകുട്ടി പോലീസിനു മൊഴി നൽകി.
ഇതോടെ മുരളികുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പീഡനം നടന്ന നഗരത്തിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. ഹോട്ടൽ ജീവനക്കാർ മുരളിയെ തിരിച്ചറിഞ്ഞു. ഇയാളെ വൈദ്യ പരിശോധനക്കു വിധേയനാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എട്ട് തവണ മിസ്റ്റർ ഇന്ത്യയും, രണ്ടു തവണ മിസ്റ്റർ ഏഷ്യയുമായ മുരളി 51 തവണ വിവിധ ശരീര സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. പീഡനക്കേസിൽ അറസ്റ്റിലായത് മുരളിയുടെ ജോലിയെയും ബാധിച്ചേക്കും. ഇയാളെ അറസ്റ്റ് ചെയ്തതായി കാട്ടി വെസ്റ്റ് പോലീസ് നാവിക സേനക്ക് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ ഉണ്ടാകുക.
പീഡന ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ യുവതി അപകട നില തരണം ചെയ്തു. ആശുപത്രി വിട്ട ശേഷം യുവതിയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്താനാണ് പോലീസ് തയാറെടുക്കുന്നത്. അതിനു ശേഷമാവും കേസിൽ തുടർ നടപടികൾ എടുക്കുക.