ഹിന്ദുത്വ വംശീയതക്കെതിരെ കോഴിക്കോട്ട് ജമാഅത്തെ ഇസ്ലാമി ബഹുജനറാലി, ഗ്യാന്‍വാപി മസ്ജിദ് ഇമാം പങ്കെടുക്കും

കോഴിക്കോട്-ഹിന്ദുത്വ വംശീയതക്കെതിരെ  ജമാഅത്തെ ഇസ്ലാമി ഫെബ്രുവരി 14 ന് ബുധനാഴ്ച കോഴിക്കോട്ട് സാഹോദര്യ സമ്മേളനം സംഘടിപ്പിക്കുന്നു. കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നടക്കുന്ന സാഹോദര്യ സമ്മേളനത്തില്‍ ഗ്യാന്‍വാപി മസ്ജിദ് ഇമാം അബ്ദുല്‍ ബാത്വിന്‍ നുഅമാനി മുഖ്യാഥിതിയായിരിക്കും. ജമാഅത്തെ ഇസ്ലാമി ഹിന്ദ് അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനി സമ്മേളനം ഉദ്ഘാടനം ചെയ്യും.  പി.മുജീബുറഹ്മാന്‍, ഹാഫിള് അബ്ദുശ്ശുക്കൂര്‍ ഖാസിമി, ആര്‍.രാജഗോപാല്‍, വി.എച്ച് അലിയാര്‍ ഖാസിമി, ശംസുദ്ദീന്‍ മന്നാനി, പി.സുരേന്ദ്രന്‍, എന്‍.പി ചെക്കുട്ടി, കെ.കെ ബാബുരാജ്, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, അംബിക മറുവാക്ക്, ബാബുരാജ് ഭഗവതി, ടി.കെ ഫാറൂഖ്, പി.ടി.പി സാജിദ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബഹുജന റാലിയും സാഹോദര്യ സമ്മേളനവുംജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമുള്ള മുഴുവന്‍ സ്വപ്നങ്ങളും പൊലിഞ്ഞു പോവുന്ന രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. രൂപത്തിലും ഭാവത്തിലും ജനാധിപത്യമെന്ന് തോന്നിപ്പിക്കുന്ന ഇന്ത്യയുടെ അധികാര സംവിധാനങ്ങളെല്ലാം ഇന്ന് നിലനില്‍ക്കുന്നത് പലപ്പോഴും പൗരസമൂഹത്തിന്റെ സ്വസ്ഥജീവിതത്തെ ഞെരിച്ചമര്‍ത്തും വിധമാണ്. ഹിന്ദുത്വ ഫാഷിസവും അതിന്റെ ഭരണകൂട ഭീകരതയും ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തി വെക്കുന്ന ഒരനുഭവമായി രാജ്യത്ത് വികസിച്ചു വന്നിരിക്കുന്നു. ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിന് നേരെ തുടര്‍ച്ചയായി നടന്ന് കൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്നതും നിയമപരിരക്ഷ റദ്ദ് ചെയ്യുന്ന സ്വഭാവത്തിലുള്ളതുമാണ്. മുസ്ലിം സമുദായത്തിന്റെ ആത്മവീര്യത്തെയും ആത്മവിശ്വാസത്തെയും തകര്‍ക്കാനുദ്ദേശിച്ചുകൊണ്ടുള്ള ബോധപൂര്‍വ്വമായ സര്‍ക്കാര്‍ നീക്കമാണിത്. 500 വര്‍ഷം മുസ്ലിംകള്‍ ആരാധന നിര്‍വഹിച്ച ബാബരി മസ്ജിദ് തകര്‍ത്ത്  നിര്‍മിക്കപ്പെട്ട രാമക്ഷേത്ര ഉദ്ഘാടനം,
600 വര്‍ഷം പഴക്കമുള്ള ഗ്യാന്‍ വ്യാപി മസ്ജിദില്‍ കോടതി നല്‍കിയ പൂജാ അനുമതി, 800 വര്‍ഷം മുസ്ലിംകള്‍ ആരാധന നടത്തിയ വഖഫ് സ്വത്തായ മെഹ്റോളി മസ്ജിദ് തകര്‍ത്ത സംഭവം, ഉത്തരാഖണ്ഡില്‍ പള്ളിയും മദ്‌റസയും അനധികൃതമെന്നാരോപിച്ച് തകര്‍ത്തതും തുടര്‍ന്നുണ്ടായ വെടിവെപ്പും ഉത്തരാഖണ്ഡിലെ യൂണിഫോം സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കല്‍ തുടങ്ങി കഴിഞ്ഞ ഒരു മാസത്തിനകം അത്യധികം വിവേചനത്തോടുകൂടിയ ഭരണകൂട ഭീകരതയാണ് രാജ്യത്ത് തേര്‍വാഴ്ച നടത്തുന്നത്. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളധികവും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ലാഭ നഷ്ടങ്ങളില്‍ കണക്കുനോക്കി മൗനം പാലിക്കുകയാണ്. ഒരു വിഭാഗത്തിനെതിരെ ഏകപക്ഷീയമായി നടക്കുന്ന ഈ വംശീയ ആക്രമണങ്ങളെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാന്‍ അഭിമാന ബോധവും ആദര്‍ശ പ്രതിബദ്ധതയുമുള്ള സമൂഹത്തിനാവില്ല. ഇതിനോടുള്ള പ്രതികരണം കേവലം വൈകാരികപ്രകടനങ്ങളായിക്കൂടാ എന്നത് ശരിയായിരിക്കെ തന്നെ ഭീഷണമായ ഈ കാലത്ത് മൗനമവലംബിക്കുന്നതും അതിനേക്കാള്‍ വലിയ നീതികേടായിരിക്കും. അതിനാല്‍, ജനാധിപത്യപരവും നിയമാനുസൃതവും ബഹുസ്വര സമൂഹത്തെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുമുള്ള ജനകീയവും ക്രിയാത്മകവുമായ ഇടപെടലുകള്‍ മതേതര പക്ഷത്തുനിന്നും മുസ്ലിം സമൂഹ നേതൃത്വത്തില്‍ നിന്നും കാലം താല്‍പര്യപ്പെടുന്നു.
ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും കവര്‍ന്നെടുക്കപ്പെടുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍, ഫാഷിസത്തിന്റെ കനത്ത കാലൊച്ചകള്‍ മുഴങ്ങുന്ന ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയില്‍ പൗരന്‍മാര്‍ക്കു വേണ്ടി പൗരസമൂഹം കാവലിരിക്കേണ്ടതുണ്ട് എന്ന സാമൂഹിക ജാഗ്രതയുടെ ഭാഗമായാണ് ബഹുജന റാലിയും പൊതുസമ്മേളനവുമെന്ന് അദ്ദേഹം പറഞ്ഞു.പത്രസമ്മേളനത്തില്‍
സി.ടി സുഹൈബ് , ഫൈസല്‍ പൈങ്ങോട്ടായി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Latest News