Sorry, you need to enable JavaScript to visit this website.

രക്തസമ്മര്‍ദമില്ലാത്ത പ്രവാസികളുണ്ടോ... ഈ പഠനം അവര്‍ക്ക് സഹായമാകും

നാട്ടില്‍നിന്നും വീട്ടില്‍നിന്നും വളരെയകലെ ജീവിക്കുന്നവരാണ് പ്രവാസികള്‍. തൊഴില്‍ സ്ഥലത്തെ സമ്മര്‍ദങ്ങളും നാട്ടിലെ പ്രശ്‌നങ്ങളുമെല്ലാം എപ്പോഴും തലയിലേറ്റി നടക്കുന്നവര്‍. അതിനാല്‍ തന്നെ രക്തസമ്മര്‍ദമില്ലാത്ത പ്രവാസികള്‍ കുറവായിരിക്കും. ടെന്‍ഷന്‍ കുറക്കാനാകാതെ വരുമ്പോള്‍ മിക്കവരും മരുന്നിനെ ആശ്രയിക്കും.
കുടുംബത്തിലൊരു പ്രശ്‌നമുണ്ടായാല്‍, ബോസ് ഒന്നു കണ്ണുരുട്ടിയാല്‍, കച്ചവടം അല്‍പം കുറഞ്ഞാല്‍ മാനസിക സംഘര്‍ഷം കൂടും. രക്തസമ്മര്‍ദം കുതിച്ചുയരും. ഇത് അപകടകരമായ പല ആരോഗ്യാവസ്ഥകളിലേക്കും നയിക്കും. ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സ്ഥിരമായി രക്തസമ്മര്‍ദം കൂടി നില്‍ക്കുന്നതാണ്. ഇതോടൊപ്പം ഭക്ഷണവും വ്യായാമക്കുറവും അടക്കമുള്ള ജീവിത ശൈലീ പ്രശ്‌നങ്ങള്‍ കൂടിയാവുമ്പോള്‍ രക്തസമ്മര്‍ദം അതിവേഗം കൂടും.

രക്തസമ്മര്‍ദം ചെറുക്കാനുള്ള വ്യായാമ മുറകളെക്കുറിച്ച്  ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രവാസികള്‍ക്ക് വളരെ ഉപകാരപ്പെട്ടേക്കാം.  ഐസോമെട്രിക് വ്യായാമം എന്നറിപ്പെടുന്ന വാള്‍ സിറ്റ്, വാള്‍ സ്‌ക്വാട്ട് തുടങ്ങിയ ലളിതമായ രീതികള്‍ രക്തസമ്മര്‍ദത്തിന്റെ തോത് കുറയ്ക്കാന്‍ ഫലപ്രദമാണെന്നാണ് പഠനം. ബ്രിട്ടനിലെ കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.

തീവ്രമായ ചലനങ്ങളില്ലാത്ത വ്യായാമമുറകളാണ് ഐസോമെട്രിക് വ്യായാമങ്ങള്‍. കരുത്തുപകരുന്ന ഇത്തരം വ്യായാമങ്ങള്‍ പ്രത്യേകപേശികളെയോ ഒരുകൂട്ടം പേശികളെയോ സങ്കോചിപ്പിക്കുകയും മുറുക്കുകയും ചെയ്യുന്നു. പ്ലാങ്ക്‌സ്, ഡെഡ് ഹാങ്‌സ്, ഐസോമെട്രിക് ബൈസെപ് കേള്‍സ്, ഗ്ലൂട്ട് ബ്രിഡ്ജസ്, വാള്‍ സ്‌ക്വാട്ട്‌സ് തുടങ്ങിയവ ഐസോമെട്രിക് വ്യായാമങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.

പ്ലാങ്ക്‌സ്

നിലത്ത് കൈകളിലും കാലുകളിലും ഭാരം നല്‍കി നിവര്‍ന്നുകിടക്കുക. തലമുതല്‍ പാദംവരെ നേര്‍രേഖ പോലെയായിരിക്കണം. മുപ്പതുസെക്കന്റോളം ഈ പൊസിഷനില്‍ കിടക്കുക. ശേഷം വീണ്ടും ആവര്‍ത്തിക്കുക.

വാള്‍ സിറ്റ്

ചുമരിന് രണ്ടടി മുന്നില്‍ നില്‍ക്കുക, പാദങ്ങള്‍ തോളിനൊപ്പം വീതിയില്‍ അകറ്റിവെക്കുക. പുറംഭാഗം ചുമരില്‍ ചേര്‍ന്നുകിടക്കുന്ന രീതിയില്‍ പതുക്കെ ശരീരം ഇരിക്കുന്ന പൊസിഷനിലേക്ക് ആക്കുക. കസേരയില്‍ ഇരിക്കുന്നതുപോലെ 90 ഡിഗ്രിയില്‍ മുട്ടുകള്‍ വളയ്ക്കുക. പറ്റുന്നത്ര സമയം ഇതേ പൊസിഷനില്‍ ഇരിക്കുക.

ഗ്ലൂട്ട് ബ്രിഡ്ജ്

നിലത്തുനിവര്‍ന്നുകിടന്ന് കാല്‍മുട്ടുകള്‍ ഉയര്‍ത്തിവെക്കുക. ഇനി കൈപ്പത്തി കുത്തി അരക്കെട്ടിന്റെ ഭാഗം മാത്രം പൊക്കുക. ഇത് ഇടയ്ക്കിടെ ചെയ്യുക.

ഐസോമെട്രിക് സ്‌ക്വാട്ട്

ഷോള്‍ഡറിന്റെ അകലത്തില്‍ കാലുകള്‍ വെക്കുക. പതിയെ മുട്ടുവളച്ച് അരക്കെട്ട് പുറകിലേക്ക് ആക്കി ഇരിക്കുന്ന പൊസിഷനിലേക്ക് വരാം. ബാലന്‍സിനായി കൈകള്‍ മുന്നിലേക്ക് പിടിക്കാം.

ഐസോമെട്രിക് വ്യായാമങ്ങള്‍ ശീലമാക്കുകവഴി സിസ്റ്റോളിക് ബ്ലഡ് പ്രഷര്‍ 10 mmHg  ആയും ഡയസ്റ്റോളിക് പ്രഷര്‍ 5 mmHg ആയും കുറയ്ക്കാനാവുമെന്നാണ് പറയുന്നത്. ഏതുരീതിയിലുള്ള വ്യായാമത്തിനും രക്തസമ്മര്‍ദത്തെ കുറയ്ക്കുന്നതില്‍ പങ്കുണ്ടെന്നും ഐസോമെട്രിക് വ്യായാമങ്ങള്‍ കുറച്ചുകൂടി ഗുണംചെയ്യുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ജാമി ഒ ഡ്രിസ്‌കോള്‍ പറഞ്ഞു. 15,827 പേരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്.

Latest News