Sorry, you need to enable JavaScript to visit this website.

സൗദിയിൽ നിയന്ത്രിത മരുന്ന് കൈവശം വെച്ചതിന് ജയിലിലായ മലയാളികളില്‍ ഒരാള്‍ മോചിതനായി

ജിദ്ദ- സൗദി നിയന്ത്രിത മരുന്ന് കൈവശം വച്ചതിന് പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന തിരൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ യുവാവ് മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിനു ശേഷമാണ് മോചനം സാധ്യമായത്. തന്റെ കൈവശം ഉണ്ടായിരുന്നത് നാട്ടിലെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയില്‍ തെളിയുകയും അതു പബ്ലിക് പ്രോസിക്യൂട്ടറിന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് ഇദ്ദേഹത്തിന് മോചനം ലഭിച്ചത്.

അബഹയില്‍ വലിയ വാഹനങ്ങളുടെ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം ഉംറ ഗ്രൂപ്പിന്റെ ബസില്‍ ഉംറ നിര്‍വഹിക്കാനായി യാത്ര ചെയ്യുന്നതിടെ അല്‍ബാഹയില്‍ വച്ചാണ് പിടിയിലായത്. നാര്‍കോട്ടിക് വിഭാഗത്തിന്റെ സ്‌പെഷ്യല്‍ സ്ക്വാഡ് ബസില്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ കൈവശം നാട്ടില്‍ നിന്ന് കൊണ്ടുവന്ന മരുന്ന കണ്ടെത്തുകയായിരുന്നു. വേദന നിവാരണത്തിന് ഉപയോഗിക്കുന്ന മരുന്നാണിതെന്ന് അന്വേഷണ സംഘം മുന്‍പാകെ ഇദ്ദേഹം പറഞ്ഞുവെങ്കിലും അതു തെളിയിക്കുന്നതിനാവശ്യമായ മതിയായ രേഖകള്‍ കൈവശം ഇല്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇദ്ദേഹത്തന് പഴയതുപോലെ ജോലിയില്‍ തുടരുന്നതിന് തടസമില്ലെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതെന്ന സഹായവുമായി രംഗത്തുണ്ടായിരുന്ന  സാമൂഹ്യ പ്രവര്‍ത്തകനും കെ.എം.സി.സി സൗദി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയും അല്‍ബാഹ കമ്മിറ്റി പ്രസിഡന്റുമായ സയ്യിദ് അലി അരീക്കര പറഞ്ഞു. നിലവില്‍ രേഖകളില്‍ യാത്രാ നിരോധനം പറയുന്നുണ്ടെങ്കിലും കേസ് നടപടികളുടെ പൂര്‍ത്തീകരണത്തോടെ സിസ്റ്റത്തില്‍നിന്ന് അതു താനെ നീങ്ങുകയും തടസങ്ങള്‍ പൂര്‍ണമായും ഇല്ലാതാവുകയും ചെയ്യും. സംശയാസ്പദമായ മരുന്നുകള്‍ കൈവശം വെച്ചതിനു പിടിക്കപ്പെടുന്നവര്‍ക്ക് കേസ് തെളിയിക്കപ്പെടുന്നതുവരെ യായ്രാ നിരോധനം ഏര്‍പ്പെടുത്തുകയാണ് പതിവ്. ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷാ കാലാവധിക്കു ശേഷം നാടു കടത്തും. അതേ സമയം നിരപരാധിത്വം തെളിയിക്കപ്പെടുകയാണെങ്കില്‍ ഇവിടെ ജോലി ചെയ്യുന്നതിനോ, യാത്രകള്‍ക്കോ തടസമുണ്ടാവില്ല.

അതേസമയം ഇദ്ദേഹം പിടിയിലായതിന്റെ പിറ്റേ ആഴ്ച ഉംറ യാത്രക്കിടെ പിടിയിലായ മറ്റൊരു തിരൂര്‍ സ്വദേശിയുടെ മോചനം ഇനിയും സാധ്യമായിട്ടില്ല. നാട്ടില്‍നിന്ന് മതിയായ രേഖകള്‍ സംഘടിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ഈ രേഖകള്‍ പബ്ലിക് പ്രോസിക്യൂഷന്‍ മുന്‍പാകെ രേഖകള്‍ ഹാജരാക്കി നിരപരാധിത്വം തെളിയിക്കാനായാല്‍ താമസിയാതെ ഇദ്ദേഹത്തിന്റെ മോചനം സാധ്യമാവും. ഇതിനു പുറമെ സൗദി അധികൃതരുടെ ലാബ് പരിശോധനയിലും മരുന്ന് ദോഷകരമല്ലെന്ന് കണ്ടെത്തുകയും  അതു പബ്ലിക് പ്രോസിക്യൂഷന് ബോധ്യപ്പെടുകയും ചെയ്താലും മോചനം ലഭിക്കും.

മുപ്പതു വര്‍ഷത്തോളം ദുബായില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം കുടുംബ സമേതം ഉംറ നിര്‍വഹിക്കാന്‍ പോകുമ്പോഴാണ് അല്‍ബാഹയില്‍വെച്ച്  പിടിയിലായത്. അബഹയില്‍ ജോലി ചെയ്യുന്ന മകന്റെ അടുത്ത് സന്ദര്‍ശനത്തിനെത്തിയ ഇദ്ദേഹം ഭാര്യക്കും മകള്‍ക്കും മകളുടെ ഭര്‍ത്താവിനുമൊപ്പം ഉംറ ഗ്രൂപ്പിന്റെ ബസില്‍ പോകുമ്പോഴായിരുന്നു നാര്‍കോട്ടിക് വിഭാഗത്തിന്റെ പരിശോധനയില്‍ കുടുങ്ങിയത്. ഭാര്യക്ക് നടുവേദനക്കായി നാട്ടില്‍നിന്ന് ഡോക്ടറുടെ നിര്‍ദേശാനുസരണം വാങ്ങിയ മരുന്നാണ് ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത്.

അതിനിടെ നാലു ദിവസം മുന്‍പ് അല്‍ബാഹയില്‍ റേഡിയേറ്റര്‍ മെക്കാനിക് ആയി ജോലി ചെയ്യുന്ന ഒരു മലയാളി കൂടി നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ പിടിയിലായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ താമസ സ്ഥലം പരിശോധിച്ച സംശയാസ്പദമായ മരുന്ന കണ്ടെടുത്തതാണ് പിടികൂടാന്‍ കാരണമെന്ന് പറയുന്നു.  ഇദ്ദേഹത്തെ കാണാനണാതായതിനെതുടര്‍ന്ന്  പോലീസിലും മറ്റും അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. പീന്നീട് ഇദ്ദേഹം താസമക്കുന്നതിനു സമീപത്തെ കടയിലെ സി.സി.ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് ഇദ്ദേഹം നാര്‍കോട്ടിക് വിഭാഗത്തിന്റെ പിടിയിലാണെന്ന വിവരം ലഭിച്ചത്.

ഇദ്ദേഹത്തിന്റെ താമസ സ്ഥലത്തെത്തിയ അന്വേഷണ സംഘം ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. മയക്കുമരുന്ന് പിടികൂടാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന്റെ പിടിയിലകപ്പെട്ടാല്‍ അവര്‍ പോലീസിനു കൈമാറാതെ നാര്‍കോട്ടിക് സെല്ലിലേക്കാണ് കൊണ്ടു പോവുക. രണ്ടു മൂന്നു ദിവസത്തെ തുടര്‍ച്ചയായ അന്വേഷണത്തിനൊടുവിലാണ് ഇദ്ദേഹം നാര്‍കോട്ടിക് വിഭാഗത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. നേരത്തെ കുടുംബത്തോടൊപ്പം അല്‍ബാഹയില്‍ താമസിച്ചിരുന്ന ഇദ്ദേഹത്തിന് ദുശ്ശീലങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും മുന്‍പ് കഴിച്ചുകൊണ്ടിരുന്ന മരുന്ന മുറിയില്‍നിന്നു കണ്ടെടുത്തിട്ടുള്ളതിനാലാവാം പിടിക്കപ്പെട്ടിട്ടുണ്ടാവുകയെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു. എന്തു തന്നെയായാലും കേസ് പ്രോസിക്യൂഷന്‍ മുന്‍പാകെ വന്ന സാഹചര്യത്തില്‍ നിരപരാധിത്വം തെളിയിക്കാനുള്ള രേഖകള്‍ ഇദ്ദേഹം ഹാജരാക്കേണ്ടിവരും.

സൗദിയില്‍ നിരോധിച്ചതും നിയന്ത്രിച്ചതുമായ മരുന്നുകള്‍ നാട്ടില്‍നിന്നു കൊണ്ടുവന്ന് കഴിക്കുന്നവര്‍ നാട്ടില്‍ നിന്നു കൊണ്ടുവരുമ്പോഴും സൗദിക്കകത്ത് യാത്ര ചെയ്യുമ്പോഴും ഡോക്ടറുടെ സീലോടു കൂടിയ കുറിപ്പടിയും മതിയായ രേഖകളും സൂക്ഷിച്ചിരിക്കണം. അതല്ലെങ്കില്‍ ഏതു നിമിഷവും പിടിക്കക്കെടാനും ജയിലില്‍ അകപ്പെടാനും സാധ്യതയുണ്ട്. ഇങ്ങനെ പിടിയിലായ മലയാളികള്‍ അടക്കമുള്ള നിരവധിപേര്‍ വിവിധ ജയിലുകളിലുണ്ട്. മയക്കുമരുന്ന് നിയന്ത്രണം ലക്ഷ്യമിട്ട് വ്യാപക പരിശോധനയാണ് സൗദിയിലെങ്ങും അധികൃതര്‍ നടത്തി വരുന്നത്.

Latest News