താൻ ആർ. എസ്. പിയായി തന്നെ തുടരുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വിരുന്നുകളിൽ ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളെ ഉപേക്ഷ കൂടാതെ വിളിച്ചു സൽക്കരിക്കുന്നത് എന്തുതരം അന്തർധാരയാണെന്നും പ്രേമചന്ദ്രൻ ചോദിക്കുന്നുണ്ട്. പ്രേമചന്ദ്രനെ സംഘിയാക്കാനുളള കൊണ്ടുപിടിച്ച ശ്രമം വിജയിക്കില്ലെന്നാണ് ഇതെല്ലാം കാണിക്കുന്നത്. കൂടുതൽ നിരാശ ആർക്കായിരിക്കും ?
രാഷ്ട്രീയം അതിന്റെ സർവ്വ ഉശിരോടെ പറയുന്നയാളാണ് ഇടതു മുന്നണി കൺവീനർ ഇ. പി ജയരാജൻ. ചിലപ്പോഴൊക്കൊ ട്രോളിപ്പോയതിന് കാരണം പറയുന്ന കാര്യങ്ങളിലെ വരും വരായ്കകളെക്കുറിച്ച് കുരുട്ടു ബുദ്ധിയോടെ ആലോചിക്കാത്തതിനാലാകാം. എൻ . കെ പ്രേമ ചന്ദ്രൻ എം. പിയെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്തുകൊണ്ട് ശശി തരൂരിനെ വിളിച്ചില്ലെന്ന ചോദ്യത്തിന് നല്ല രാഷ്ട്രീയശക്തിയുണ്ട് - മൂർച്ചയും. പ്രധാനമന്ത്രിയുടെ ചെറുതും വലുതുമായ സകല നീക്കങ്ങൾക്ക് പിന്നിലും വലിയ ഉന്നമുണ്ടാകും. അത്തരത്തിൽ ഉന്നം മാത്രം വെച്ച് രാഷ്ട്രീയ നീക്കം നടത്തുന്നവരിൽ മോഡിയെ വെല്ലാൻ ഇക്കാലത്ത് കഴിയുന്നയാൾ പിണറായി വിജയനാണെന്ന് തോന്നിയിട്ടുണ്ട്. പിണറായിയുടെ ഇത്തരം നീക്കങ്ങളുടെ പേര് സോഷ്യൽ എഞ്ചിനീയറിങ്. കെ.കരുണാകരന്റെ കാലത്തൊന്നും ഈ വാക്കിനിത്ര പ്രചാരമുണ്ടായിരുന്നില്ല. ലീഡറും ചെയ്തത് ഇതൊക്കെ തന്നെയായിരുന്നു. കുറച്ചു കാലമൊക്കെ അത് വിജയിച്ചു. പിന്നെ, പിന്നെ ഇല്ലാതായി. കാണാതായി. കൃത്രിമമായ ഒന്നിനും വലിയ ആയുസുണ്ടാകില്ല. രാജ്യം തെരഞ്ഞെടുപ്പിന് പോകാൻ തയ്യാറെടുക്കുന്ന ഘട്ടത്തിൽ നടന്ന പാർലമെന്റ് സമ്മേളനത്തിന്റെ അവസാനദിവസം നോക്കി അത്തരമൊരു ഉന്നം തന്നെയാണ് പ്രേമചന്ദ്രനെ ഭക്ഷണത്തിന് വിളിച്ചതിലൂടെ വെളിവായത്. ബി.ജെ പി അക്കൗണ്ട് തുറക്കുന്നത് പ്രേമചന്ദ്രനിലൂടെയായിരിക്കുമോ എന്ന സി. പി. എം നേതാവ് എളമരം കരീമിന്റ ചോദ്യം തത്സമയം തന്നെ അന്തരീക്ഷത്തിലെത്തി. കരീമിന്റെ വാക്കുകൾ ആയാലൊരു തെങ്ങ് പോയാലൊരു പൊങ്ങ് നിലപാടായി മാത്രം കാണാം. ഇതു വഴി ന്യൂനപക്ഷ വോട്ട് ഭിന്നിപ്പിക്കാനായാൽ നേട്ടം. ഇല്ലെങ്കിൽ കുറച്ചു വാക്ക് മാത്രം നഷ്ടം.
പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്നാണ് കരീം കുറ്റപ്പെടുത്തിയത്. പ്രേമചന്ദ്രനല്ലാതെ ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നിൽ പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ പ്രേമചന്ദ്രൻ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്.കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും കരീം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേമചന്ദ്രനെ സംഘിയാക്കിയാൽ കിട്ടാൻ പോകുന്ന വോട്ടാണ് സി.പി.എമ്മിന്റെ മനസിൽ. ഇതു പോലുള്ള നീക്കം പണ്ടുമുണ്ടായിട്ടുണ്ടെന്നാണ് പ്രതികരണമായി പേമചന്ദ്രനറിയിച്ചത്. പ്രേമ ചന്ദ്രനെ സംഘിയാക്കി വിട്ടു തരില്ലെന്ന നിലപാട് പറഞ്ഞയാൾ കെ.മുരളീധരനാണ് - അങ്ങിനെ പറയാൻ ഏറ്റവും യോഗ്യനായ വ്യക്തി തന്നെ. സംഘ് പരിവാറിന്റെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ചയാളാണെന്ന കാര്യം മറ്റാർക്കും അറിയില്ലെങ്കിലും സി.പി.എമ്മിനും ബി.ജെ.പിക്കും നന്നായറിയാം. പ്രത്യേകിച്ച് മന്ത്രി വി.ശിവൻ കുട്ടിക്ക്. ഓരോരുത്തരെയായി ഇങ്ങിനെ സംഘിയാക്കി വിട്ടാൽ പറ്റില്ലെന്ന് പുതിയ ഇന്ത്യൻ സാഹചര്യത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ എൻ.കെ പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്നാണ് മുരളീധരൻ കോഴിക്കോട്ട് മാധ്യമങ്ങളോട് അറുത്ത് മുറിച്ച് പറഞ്ഞത്. സഭക്കകത്തും ,പുറത്തും മോഡിസർക്കാരിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണ് പ്രേമ ചന്ദ്രൻ. സംഘ പരിവാറുമായുള്ള സ്വന്തം അന്തർധാര മറച്ചു പിടിക്കാനായി സി.പി.എം കാണിക്കുന്ന പാപ്പരത്തമാണിത്. പ്രേമ ചന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല. യു.ഡി എഫ് ഒറ്റക്കെട്ടായി പ്രേമ ചന്ദ്രനൊപ്പം നിൽക്കും.
നരേന്ദ്രമോഡി ഭക്ഷണത്തിന് ക്ഷണിച്ച 8 എംപിമാരിൽ ഒരാളാണ് പ്രേമചന്ദ്രൻ എന്ന് പറഞ്ഞ ഇ.പി ജയരാജൻ എന്താണ് അതിന്റെ അന്തർധാരയെന്ന് ചോദിച്ചിരുന്നു. ബി.ജെ.പിയുമായുള്ള അന്തർധാരയാണിത്. എന്തുകൊണ്ട് ശശി തരൂരിനെ ക്ഷണിച്ചില്ലെന്നും ജയരാജൻ ചോദ്യമുന്നയിക്കുകയുണ്ടായി. എൻ. കെ പ്രേമചന്ദ്രനെതിരെ കൊല്ലം ജില്ലക്കാരനായ ധനമന്ത്രി കെ.എൻ ബാലഗോപാലും രംഗത്തെത്തിയിട്ടുണ്ട്. എൻ.കെ പ്രേമചന്ദ്രൻ അടക്കമുള്ള കേരളത്തിൽ നിന്നുളള എം.പിമാർ കേരളത്തിന്റെ കാര്യത്തിന് വേണ്ടി പാർലമെന്റിൽ ഒന്നും ചെയ്തില്ലെന്ന സ്ഥിരം വിമർശമാണ് മന്ത്രിക്ക്. പാർലമെന്റിൽ പ്രേമചന്ദ്രൻ ചോദിക്കുന്ന ചോദ്യങ്ങൾ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുളളതാണ്. അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് പി.എം മോഡി വിളിച്ചതും പ്രേമചന്ദ്രൻ പോയതുമെന്നായിരുന്നു തന്റെ ജില്ലയിലെ കടുത്ത രാഷ്ട്രീയ എതിരാളിക്കെതിരായ ബാലഗോപാലിന്റെ വിമർശം. ഇവിടെ ഒരു ചോദ്യം അവശേഷിക്കുന്നു. ദിനേനെ എന്നോണം പിണറായി സർക്കാരിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചു വരുന്ന ഗുഡ് സർട്ടിഫിക്കറ്റുകളോ ? അപ്പോൾ ഇതൊക്കെയാണ് കളികൾ. ആരും ഇതൊന്നും കാണുന്നില്ല എന്നാണ് എല്ലാവരുടെയും വിചാരം. നല്ല പത്ര വായനയുള്ള മലയാളി സമൂഹം ഇപ്പോഴുമുണ്ട്. അവർ കതിരും പതിരും തിരിച്ചറിയുന്നു.
പ്രധാനമന്ത്രിയുടേത് സൗഹൃദ വിരുന്നായിരുന്നു, സി.പി.എം അതിനെ രാഷ്ട്രീയവത്കരിക്കുന്നുവെന്നാണ് എൻ .കെ പ്രേമചന്ദ്രന്റെ ഏറ്റവും പുതിയ പ്രതികരണം. നരേന്ദ്ര മോഡി ക്ഷണിച്ച് നൽകിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാനാണ് സി.പി.എം ശ്രമം. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു.വിലകുറഞ്ഞ ആരോപണമാണിതൊക്കെ. എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സി.പി.എം ശ്രമിക്കാറുണ്ട്. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെൻററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സി.പി.എം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും. താൻ ആർ. എസ്. പിയായി തന്നെ തുടരുമെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന വിരുന്നുകളിൽ ബി.ജെ.പി -ആർ.എസ്.എസ് നേതാക്കളെ ഉപേക്ഷ കൂടാതെ വിളിച്ചു സൽക്കരിക്കുന്നത് എന്തു തരം അന്തർധാരയാണെന്നും പ്രേമ ചന്ദ്രൻ ചോദിക്കുന്നുണ്ട്. പ്രേമ ചന്ദ്രനെ സംഘിയാക്കാനുളള കൊണ്ടു പിടിച്ച ശ്രമം വിജയിക്കില്ലെന്നാണ് ഇതെല്ലാം കാണിക്കുന്നത്. കൂടുതൽ നിരാശ ആർക്കായിരിക്കും ?