സൗദിയില്‍ പോളിസി നിരക്ക് ഉയരാന്‍ കാരണം ഇന്‍ഷുറന്‍സ് മേഖലയിലെ തട്ടിപ്പുകള്‍

ജിദ്ദ - വാഹന ഇന്‍ഷുറന്‍സ് മേഖലയില്‍ ഉപയോക്താക്കള്‍ നടത്തുന്ന തട്ടിപ്പുകള്‍ പോളിസി നിരക്ക് ഉയരാന്‍ ഇടയാക്കുകയാണെന്ന് ഇന്‍ഷുറന്‍സ് മേഖലാ വക്താവ് ആദില്‍ അല്‍ഈസ പറഞ്ഞു. ഇത്തരം തട്ടിപ്പുകള്‍ പുതിയ ഉല്‍പന്നങ്ങളും സേവനങ്ങളും പുറത്തിറക്കുന്നതില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനികളെ തടയുകയാണ്. വാഹന ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ നടത്തുന്ന തട്ടിപ്പുകളും ക്ലെയിമുകളും, പോളിസി നിരക്കും കമ്പനികളുടെ പ്രവര്‍ത്തന ചെലവും ഉയരാരാന്‍ ഇടയാക്കുകയാണ്. ഇത്തരം തട്ടിപ്പുകള്‍ സാമ്പത്തിക മേഖലകള്‍ക്ക് പിന്തുണ നല്‍കുന്നതിലുള്ള അടിസ്ഥാന പങ്ക് വഹിക്കാനുള്ള ഇന്‍ഷുറന്‍സ് കമ്പനികളുടെ ശേഷി തടസപ്പെടുത്തും.
സാമ്പത്തിക ബാധ്യതകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പുതിയ ഉല്‍പന്നങ്ങളിലും നൂതന സേവനങ്ങളിലും നിക്ഷേപങ്ങള്‍ നടത്താനുള്ള കമ്പനികളുടെ താല്‍പര്യം കുറയും. ഇത് ഇന്‍ഷുറന്‍സ് മേഖലയിലെ നിക്ഷേപങ്ങളെ മൊത്തത്തില്‍ ബാധിക്കും. ഇന്‍ഷുറന്‍സ് മേഖലയും സൗദി സാമ്പത്തിക മേഖല മൊത്തത്തിലും പിന്നോട്ടടിക്കാനും വളര്‍ച്ച തടസ്സപ്പെടാനും ഇത് ഇടയാക്കും. 2022 ലെ കണക്കുകള്‍ പ്രകാരം സൗദിയില്‍ 76 ലക്ഷം വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും സൗദിയില്‍ രജിസ്റ്റര്‍ ചെയ്ത 1.49 കോടി വാഹനങ്ങളുമുണ്ട്. വാഹന ഇന്‍ഷുറന്‍സ് മേഖലയിലെ തട്ടിപ്പുകള്‍ മൊത്തം സാമ്പത്തിക മേഖലയിലേക്കും വ്യാപിക്കും.
ഇന്‍ഷുറന്‍സ് മേഖലാ തട്ടിപ്പുകള്‍ മൂലമുള്ള നഷ്ടങ്ങള്‍ ലോക സാമ്പത്തിക മേഖലക്ക് വലിയ ഭാരമാണ് സൃഷ്ടിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന ക്ലെയിമുകളില്‍ 10 മുതല്‍ 20 ശതമാനം വരെ തട്ടിപ്പുകളിലൂടെയാണ് കൈക്കലാക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വാഹനാപകടങ്ങള്‍ കാരണമായ ക്ലെയിമുകളില്‍ പത്തു ശതമാനത്തോളത്തില്‍ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നതായി വാഹന ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഇന്‍ഷുറന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് സൗദിയില്‍ 1,070 കോടി റിയാലിന്റെ വാഹന ഇന്‍ഷുറന്‍സ് പോളിസികളാണ് വില്‍പന നടത്തിയത്. 2022 ല്‍ 980 കോടി റിയാലിന്റെ വാഹന ഇന്‍ഷുറന്‍സ് പോളിസികളാണ് വില്‍പന നടത്തിയിരുന്നത്.
ഇന്‍ഷുറന്‍സ് ക്ലെയിമില്‍ തട്ടിപ്പുകള്‍ നടത്തിയതായി വ്യക്തമാകുന്ന പക്ഷം തട്ടിപ്പ് നടത്തിയവര്‍ നിയമ, ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരും. കൂടാതെ വാഹനങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ഉത്തവാദിത്തം കമ്പനികള്‍ വഹിക്കുകയുമില്ല. ഇത്തരക്കാരുടെ ഇന്‍ഷുറന്‍സ് പോളിസി റദ്ദാക്കുകയും ചെയ്യും. ക്ലെയിമില്ലാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയില്‍ നല്‍കുന്ന പ്രത്യേക ഇളവ് ഇത്തരക്കാര്‍ക്ക് നിഷേധിക്കപ്പെടുമെന്നും ആദില്‍ അല്‍ഈസ പറഞ്ഞു.
വാഹനങ്ങള്‍ക്ക് കാലാവധിയുള്ള ഇന്‍ഷുറന്‍സ് പോളിസി ഇല്ലാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനം ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന രീതി 2023 ഒക്‌ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. കാലാവധിയുള്ള ഇന്‍ഷുറന്‍സില്ലാത്തതിന് 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെയാണ് പിഴ ചുമത്തുന്നത്. സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും ഓരോ പതിനഞ്ചു ദിവസത്തിലും ഒരിക്കല്‍ വീതമാണ് ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുകയെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്, നിബന്ധനകൾ ലംഘിച്ചാൽ ഓരോ ക്യാമറക്കും 500 റിയാല്‍ വീതം പിഴ

Latest News