Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ പുനർനിർമാണം പരിസ്ഥിതി  സൗഹൃദമാവണം -ഡോ.മാധവ് ഗാഡ്ഗിൽ

കൊച്ചി- പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം നടത്തുന്നത് പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കാത്ത തരത്തിലാവണമെന്ന് ഡോ.മാധവ് ഗാഡ്ഗിൽ. മലയോര മേഖലയിലെ ഖനനത്തിന് പ്രകൃതി സൗഹൃദമായ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഗാഡ്ഗിൽ പറഞ്ഞു. മാനവ സംസ്‌കൃതി എറണാകുളം വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സമകാലിക പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗാഡ്ഗിൽ റിപ്പോർട്ടിനെ വിമർശിക്കുന്നവർ അതിൽ വസ്തുതാവിരുദ്ധമോ അശാസ്ത്രീയമോ ആയ എന്തെങ്കിലും പരാമർശങ്ങൾ ഉള്ളതായി പറയുന്നില്ല. പറയുന്ന കാര്യങ്ങൾ വസ്തുതകളാണെങ്കിലും ഞങ്ങൾ എതിർക്കുന്നു എന്നതാണ് അവരുടെ നിലപാട്. ജനാധിപത്യ ഭരണക്രമത്തിലെ നിയമങ്ങളെ ബഹുമാനിച്ചും ശാസ്ത്രീയ സത്യങ്ങളെ അംഗീകരിച്ചുമാണ് ആ റിപ്പോർട്ട് തയാറാക്കിയത്. ആ റിപ്പോർട്ട് നടപ്പാക്കുന്നത് അപ്രായോഗികമാണെന്ന് പറയുന്നവർ പരിസ്ഥിതി സംരക്ഷിക്കാൻ നിലവിലുള്ള നിയമങ്ങളെ അട്ടിമറിക്കുന്നതും അതിന്റെ മറവിൽ അഴിമതി നടത്തുന്നതും തടയുന്നില്ല. നിയമങ്ങൾ ലംഘിക്കുന്നതും പരിസ്ഥിതി നിയമങ്ങൾ കാട്ടി അഴിമതി നടത്തുന്നതും മാത്രമാണോ ഇവിടെ പ്രായോഗികമെന്ന് ഗാഡ്ഗിൽ ചോദിച്ചു.
രണ്ടു പതിറ്റാണ്ടു മുമ്പ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ റോഡ് നിർമാണത്തിനായി വനമേഖലയിൽ ക്വാറി നടത്തുന്നത് സ്ത്രീകളടക്കമുള്ള നാട്ടുകാർ തടഞ്ഞു. ലാഭേച്ഛയോടെ സ്വകാര്യ വ്യക്തി നടത്തുന്ന വൻതോതിലുള്ള ഖനനം നാടിനെയും കാടിനെയും നശിപ്പിക്കുമെന്ന് അവർ കണ്ടറിഞ്ഞു. പകരം പദ്ധതിക്കായി പരിസ്ഥിതിയെ നശിപ്പിക്കാത്ത രീതിയിൽ അവർ പരിമിതമായ ഖനനം നടത്തി ആവശ്യമായ കല്ല് നൽകി ലാഭം നാടിന്റെ വികസനത്തിനായി ഉപയോഗിച്ചു. വികസനം പുറത്തുനിന്ന് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല. നാടിന്റെ ആവശ്യങ്ങളും ജനങ്ങളുടെ അഭിലാഷങ്ങളും മാനിച്ചാവണം വികസനം. നോർവേയിൽ എണ്ണ ഖനനം നടത്തുന്നത് സ്വകാര്യ കമ്പനികളല്ല. ജനങ്ങൾക്കു പങ്കാളിത്തമുള്ള തദ്ദേശ സമിതികളാണ്. അതിൽ നിന്നുള്ള ലാഭം ജനങ്ങളുടെ പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച് വികസനത്തിൽ ജനങ്ങളെക്കൂടി ഗുണഭോക്താക്കളാക്കുന്നു. ഇത്തരത്തിൽ വികസനത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ മാറണമെന്ന് ഗാഡ്ഗിൽ പറഞ്ഞു.
ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിച്ചതിന്റെ പേരിൽ വളരെയേറെ പഴി കേട്ട ആളാണ് താനെന്ന് അധ്യക്ഷത വഹിച്ച പി.ടി.തോമസ് എംഎൽഎ പറഞ്ഞു. എന്തൊക്കെ വിമർശനങ്ങൾ കേട്ടാലും നഷ്ടങ്ങൾ സംഭവിച്ചാലും അവസാനം വരെ തന്റെ നിലപാടിൽ ഉറച്ചു നിൽക്കും. ഇന്നല്ലെങ്കിൽ നാളെ എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളും ഈ യാഥാർഥ്യങ്ങൾ അംഗീകരിക്കേണ്ടി വരുമെന്ന് പി.ടി. തോമസ് പറഞ്ഞു. പ്രഭാഷണത്തിനു ശേഷം സദസ്യർ ഉന്നയിച്ച ചോദ്യങ്ങൾക്കും ഡോ.ഗാഡ്ഗിൽ മറുപടി നൽകി. അഡ്വ.ഹരീഷ് വാസുദേവൻ സ്വാഗതവും വൈഎംസിഎ പ്രസിഡന്റ് സാജു കുര്യൻ നന്ദിയും പറഞ്ഞു. മാനവ സംസ്‌കൃതി സംസ്ഥാന വൈസ് ചെയർമാൻ ആർ.ഗോപാലകൃഷ്ണൻ, സി.ആർ. നീലകണ്ഠൻ, അഡ്വ. എം.വി.എൽദോ എന്നിവർ പങ്കെടുത്തു. കേരളത്തിലെ ഏറ്റവും മുതിർന്ന പരിസ്ഥിതി പ്രവർത്തകനായ പ്രൊഫ. എം.കെ.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. 

Latest News