പടക്ക സംഭരണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം, നാല് പേരുടെ സ്ഥിതി ഗുരുതരം, 16 പേര്‍ ചികിത്സയില്‍

കൊച്ചി - തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരു യുവാവ് മരിച്ചു. നാല് പേരുടെ നില ഗുരുതരം. 16 പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചതെന്നാണ് വിവരം. ഇയാള്‍ പടക്കം എത്തിച്ച വണ്ടിയിലുണ്ടായിരുന്ന ആളാണെന്നാണ് സംശയിക്കുന്നത്. പരിക്കേറ്റവരില്‍ സ്ത്രികളും കുട്ടികളും ഉള്‍പ്പെടുന്നു.
പടക്കം സൂക്ഷിക്കുന്ന കടയിലേക്ക് വാഹനത്തില്‍ കൊണ്ട് വന്നവെടിമരുന്നുകള്‍ മാറ്റുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്.  സമീപത്തെ 25 ഓളം വീടുകള്‍ക്ക് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ പുതിയകാവ് ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്ന താലപ്പൊലി ഉത്സവത്തിലെ കരിമരുന്ന് പ്രയോഗത്തിനായി കൊണ്ടു വന്ന കരിമരുന്ന് ശേഖരത്തിനാണ് തീപ്പിടിച്ചത്. കരിമരുന്ന് ശേഖരം സൂക്ഷിച്ചിരുന്ന കടയിലേക്ക് കൂടുതല്‍ കരിമരുന്ന് എത്തിക്കുമ്പോഴായിരുന്നു സ്ഫോടനം നടന്നതെന്നാണ് സൂചന. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ലെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പടക്കശാലയുടെ സമീപത്തുണ്ടായിരുന്ന രണ്ട് കെട്ടിടങ്ങളും ഒരു വീടും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

 

Latest News