പാക്കിസ്ഥാനില്‍ പി.എം.എല്‍-പി.പി.പി സര്‍ക്കാര്‍ വരുന്നു, ഇമ്രാന്റെ അനുയായികളെ അടര്‍ത്തുന്നു

ഇസ്‌ലാമാബാദ് - പാക്കിസ്ഥാനില്‍രാഷ്ട്രീയ അസ്ഥിരത തടയാന്‍ പി.പി.പിയും പി.എം.എല്‍-എന്നും തത്വത്തില്‍ ധാരണയിലെത്തി. സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുകൂട്ടരും തയാറായതോടെ രാജ്യത്ത് സഖ്യകക്ഷി സര്‍ക്കാര്‍ നിലവില്‍ വരാന്‍ സാധ്യതയേറി. ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രരെ ഒപ്പം ചേര്‍ക്കാന്‍ ഇരു പാര്‍ട്ടികളും ശ്രമിച്ചുവരികയാണ്.
യോഗത്തില്‍ രാജ്യത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചും ഭാവിയില്‍ രാഷ്ട്രീയ സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ചും സമഗ്രമായ ചര്‍ച്ച നടന്നു. രാജ്യത്ത് രാഷ്ട്രീയ സ്ഥിരത വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ സഹകരണത്തിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ സ്ഥിരീകരിച്ചു. ഭൂരിഭാഗം ജനങ്ങളും തങ്ങളെ വിശ്വാസത്തിലെടുത്തിരിക്കുകയാണെന്ന് ഊന്നിപ്പറഞ്ഞ നേതാക്കള്‍, ജനങ്ങളെ നിരാശരാക്കില്ലെന്ന ദൃഢനിശ്ചയം  പ്രകടിപ്പിച്ചു.
അതിനിടെ, പിപിപിയുമായി ചേര്‍ന്ന് പാകിസ്ഥാനില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്ന പിഎംഎല്‍-എന്‍, പാര്‍ലമെന്റില്‍ ശക്തി വര്‍ധിപ്പിക്കുന്നതിന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ പിന്തുണ ഉറപ്പാക്കി. ലാഹോറിലെ നാഷണല്‍ അസംബ്ലി-121 മണ്ഡലത്തില്‍ നിന്ന് പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസിന്റെ ശക്തനായ ഷെയ്ഖ് രോഹൈല്‍ അസ്ഗറിനെ പരാജയപ്പെടുത്തിയ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) പിന്തുണയുള്ള സ്ഥാനാര്‍ത്ഥി വസീം ഖാദര്‍,  ശരീഫിന്റെ  മകള്‍ മറിയം നവാസുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പിഎംഎല്‍-എന്നില്‍ ചേര്‍ന്നു.

 

Latest News