Sorry, you need to enable JavaScript to visit this website.

ഹരിയാനയിൽ സ്റ്റേഡിയങ്ങൾ ജയിലുകളാക്കി, കർഷകരെ നേരിടാൻ വൻ ഒരുക്കം

ന്യൂദൽഹി- ചൊവ്വാഴ്ച ദൽഹിയിലേക്ക് കർഷകർ സംഘടിപ്പിക്കുന്ന മാർച്ചിന് മുന്നോടിയായി ഹരിയാന സർക്കാർ രണ്ട് വലിയ സ്‌റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി മാറ്റി. സിർസയിലെ ചൗധരി ദൽബീർ സിംഗ് ഇൻഡോർ സ്‌റ്റേഡിയം, ദബ്വാലിയിലെ ഗുരു ഗോവിന്ദ് സിംഗ് സ്‌റ്റേഡിയം എന്നിവയാണ് താൽക്കാലിക ജയിലുകളാക്കിയത്. എന്തെങ്കിലും അനിഷ്ട സാഹചര്യമുണ്ടായാൽ, അറസ്റ്റു ചെയ്യുന്ന കർഷകരെ താൽക്കാലിക ജയിലുകളിൽ പാർപ്പിക്കും. 

ദൽഹി, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ പോലീസ് ജാഗ്രത ശക്തമാക്കി. താങ്ങുവില നിയമം ഉൾപ്പെടെ കേന്ദ്രം നേരത്തെ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കർഷക സംഘടനകൾ സമരത്തിനിറങ്ങിയത്. കർഷക പ്രക്ഷോഭം കണക്കിലെടുത്ത് ഹരിയാന  പ്രധാന റോഡുകളിൽ കനത്ത നിയന്ത്രണങ്ങൾ ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കാൻ പഞ്ച്കുളയിൽ സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം  13 വരെ മൊബൈൽ ഇന്റർനെറ്റ്, ഒന്നിച്ച് കൂടുതൽ എസ്.എം.എസുകൾ അയക്കുന്നത് എന്നിവ നിർത്തിവച്ചതായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ  സർക്കാർ പ്രഖ്യാപിച്ചിരുന്നു. കർഷക മാർച്ചുമായി ബന്ധപ്പെട്ട് ദൽഹി പോലീസും അതീവ ജാഗ്രതയിലാണ്. ദൽഹിയുടെ എല്ലാ അതിർത്തികളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും ഉൾപ്പെടെ 200ലധികം കർഷക സംഘടനകൾ ചേർന്നാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. പ്രക്ഷോഭത്തിനായി കർഷകർ ദൽഹിയിലേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇന്നലെ ദൽഹിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച നൂറുകണക്കിന് കർഷകരെ പോലീസ് ഉത്തർപ്രദേശ് ദൽഹി അതിർത്തിയിലുള്ള നോയിഡയിൽ തടഞ്ഞു. സമരക്കാരിൽ ചിലർ പോലീസ് ബാരിക്കേഡുകൾ മറികടന്ന് ദൽഹിയിലേക്ക് നീങ്ങി. ഇന്ന് കൂടുതൽ സമരക്കാർ ദൽഹിയിലേക്ക് എത്തുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

അതേസമയം, സമരം ശക്തമാകുമെന്ന് ഉറപ്പായതോടെ അനുനയ നീക്കവുമായെത്തിയ കേന്ദ്ര സർക്കാർ രംഗത്തെത്തി.  കർഷക നേതാക്കളുമായി നാളെ കേന്ദ്രസർക്കാർ ചർച്ച നടത്തും. നേരത്തെ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ റായ് എന്നിവർ ചണ്ഡിഗഡിലെത്തുകയും കർഷകരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് ദൽഹിയിൽ ചർച്ചക്ക് അവസരമൊരുക്കിയിരിക്കുന്നത്. നേരത്തെ നടത്തിയ ചർച്ചയിൽ ചില വിഷയങ്ങളിൽ തീരുമാനം ആയിരുന്നെങ്കിലും കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നാണ് ചർച്ചക്ക് ശേഷം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ന് വീണ്ടും കർഷക സംഘടനാ നേതാക്കളെ കേന്ദ്രം ചർച്ചക്ക് വിളിച്ചിരിക്കുന്നത്.അതിനിടെ, അതിർത്തികൾ അടച്ചവെച്ച്, കർഷകരെ തടഞ്ഞുകൊണ്ടുള്ള ചർച്ചകൾ ഫലപ്രദമാകില്ലെന്ന് കർഷക സംഘടന നേതാക്കൾ പറഞ്ഞു.  ദൽഹി അതിർത്തികൾ അടച്ചൂ പൂട്ടുകയും 144 പാസാക്കുകളും ഇന്റർനെറ്റ് റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്ന് കർഷക നേതാവ് ജഗ്ജിത് സിങ് ധാലിവാൾ പറഞ്ഞു. ഈ സാഹചര്യത്തിൽ ഫലപ്രദമായ ചർച്ച നടക്കുക പ്രയാസമാണെന്നും ധാലിവാൾ കൂട്ടിച്ചേർത്തു. നേരത്തെ കാർഷിക രംഗം കോർപറേറ്റ് വത്കരിക്കുന്ന മൂന്ന് കർഷക നിയമങ്ങൾക്കെതിരെ ദൽഹി അതിർത്തിയിൽ മാസങ്ങൾ നീണ്ടപ്രക്ഷോഭത്തിന് കർഷക സംഘടനകൾ നേതൃത്വം നൽകിയിരുന്നു. കർഷക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. അന്ന് ഉറപ്പുനൽകിയ താങ്ങുവില നിയമം ഉൾപ്പെടെയുള്ളവക്കാണ്  നിലവിൽ കർഷകർ പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുന്നത്.

Latest News