Sorry, you need to enable JavaScript to visit this website.

സെൽഫിയെടുക്കാനെത്തിയ യുവാവിന്റെ ഫോൺ വലിച്ചെറിഞ്ഞ് ശിഹാബ് ചോറ്റൂർ, മാപ്പു പറഞ്ഞെന്ന് ശിഹാബ്

കോഴിക്കോട്- വേദിയിൽ സ്വീകരണം നടന്നുകൊണ്ടിരിക്കെ തനിക്കൊപ്പമെത്തി സെൽഫി ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിന്റെ ഫോൺ വലിച്ചെറിഞ്ഞ് ശിഹാബ് ചോറ്റൂർ. അതേസമയം, വിവാദത്തിൽ ഒരു കാര്യവുമില്ലെന്നും ആ യുവാവിനോട് മാപ്പു പറഞ്ഞിട്ടുണ്ടെന്നും ശിഹാബ് ചോറ്റൂർ പറഞ്ഞു. കേരളത്തിൽനിന്ന് മക്കയിലേക്ക് നടന്ന് ഹജ് ചെയ്ത് ശ്രദ്ധേയനായ ശിഹാബ് ചോറ്റൂർ നിലവിൽ ബംഗാളിൽ വിവിധ പരിപാടികളിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ഇവിടെ നടന്ന ഒരു പരിപാടിയിലാണ് തനിക്കൊപ്പമെത്തി സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫോൺ പിടിച്ചുവാങ്ങി ശിഹാബ് ചോറ്റൂർ വലിച്ചെറിഞ്ഞത്. വേദിയിൽ മറ്റുള്ളവർക്കൊപ്പം നിൽക്കവെയാണ് ഇയാൾ ഫോണുമായി എത്തിയത്. 
മറ്റൊരു വീഡിയോയിൽ ശിഹാബിന്റെ അടുത്തേക്ക് വരാൻ ശ്രമിക്കുന്നവരെ ഒരു സഹായി ആട്ടിയോടിക്കുന്നതും കാണാം. ഹജ് നിർവഹിച്ച് തിരിച്ചെത്തിയ ശേഷം കേരളത്തിൽ വിവിധ പരിപാടികളിൽ ശിഹാബ് പങ്കെടുത്തിരുന്നു. ഇതിന്് ശേഷമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശിഹാബ് സന്ദർശനം നടത്തുന്നത്. വൻ ജനക്കൂട്ടം ശിഹാബ് സംബന്ധിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. 
അതേസമയം, വിവാദത്തിൽ അടിസ്ഥാനമില്ലെന്ന് ശിഹാബ് ചോറ്റൂർ പറഞ്ഞു. ബംഗ്ലാദേശ് അതിർത്തിക്ക് സമീപത്തുള്ള ആദിവാസി മേഖലയിലാണ് പരിപാടി നടന്നതെന്നും ഒരാൾ ഉസ്താദുമാരെ തള്ളിയിട്ട് ഓടിവന്ന് സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ തടയുകയായിരുന്നുവെന്നും ശിഹാബ് പറഞ്ഞു. അയാളോട് മാപ്പു പറഞ്ഞിട്ടുണ്ടെന്നും ശിഹാബ് പറഞ്ഞു. അതിന്റെ വീഡിയോയും ഉണ്ട്. അയാളുടെ ഫോൺ കേടായിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. ഇതൊന്നും ആരും അറിയില്ല. ഇക്കാലം വരെ ആരെയും പറ്റിച്ചിട്ടില്ലെന്നും അത്തരത്തിൽ ചെയ്യില്ലെന്നും ശിഹാബ് പറഞ്ഞു. ഞാനൊരു പണ്ഡിതനോ ആലിമോ അല്ലെന്നും ഞാൻ വരുന്ന സ്ഥലത്ത് ആളുകൾ കൂടുന്നുണ്ടെന്നും അവർക്ക് ഭക്ഷണത്തിന് പണം നൽകുന്നുണ്ടെന്നും ശിഹാബ് പറഞ്ഞു. 
സാധാരണക്കാരനായതുകൊണ്ട് എന്റെ കയ്യിൽ സംഭവിക്കുന്ന തെറ്റുകൾ തിരുത്തുന്നുണ്ടെന്നും ശിഹാബ് പറഞ്ഞു. ചിലർ തന്നെ ബി.ജെ.പി പ്രവർത്തകനാക്കാൻ ശ്രമിച്ചിരുന്നു. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് നന്ദി പറയുക മാത്രമാണ് ചെയ്തത്. അസ്തിത്വം പണയം വെച്ച് ആരുമായും ധാരണയില്ലെന്നും ശിഹാബ് ചോറ്റൂർ പറഞ്ഞു.
 

Latest News