Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് ഇമ്രാന്റെ പാര്‍ട്ടി, രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങി

ഇസ്‌ലാമാബാദ്- തൂക്കുസഭക്ക് വഴിയൊരുക്കിയ പാകിസ്ഥാന്‍ ദേശീയ തെരഞ്ഞെടുപ്പില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ പാര്‍ട്ടികള്‍ പരക്കം പായുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഇമ്രാന്‍ഖാന്റെ  പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് രംഗത്തെത്തി. പാക് തെരഞ്ഞെടുപ്പ് കമീഷനെ പുറത്താക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത് ഇമ്രാന്‍ ഖാന്റെ പിന്തുണയുള്ള സ്വതന്ത്രരാണ്. സര്‍ക്കാര്‍ രൂപീകരണത്തില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കും വോട്ടെടുപ്പിലെ കൃത്രിമങ്ങള്‍ക്കുമെതിരെ തെഹ്‌രീകെ ഇന്‍സാഫ് രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചു.

മറ്റ് പാര്‍ട്ടികളുമായി സര്‍ക്കാര്‍ രൂപീകരണത്തിന് ആലോചന ആരംഭിക്കാന്‍ നവാസ് ഷെരീഫ് തന്റെ സഹോദരന്‍ ഷെഹ്ബാസ് ഷെരീഫിനെ ചുമതലപ്പെടുത്തിയതായും ബിലാവല്‍ ഭുട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ലാഹോറിലും ഇസ്ലാമാബാദിലും പ്രധാന യോഗങ്ങള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആരു സര്‍ക്കാര്‍ രൂപീകരിക്കുമെന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനിടയില്‍, നവാസ് ഷെരീഫിന്റെ വിജയം പാക്കിസ്ഥാനികള്‍ക്കുള്ള അപമാനമാണെന്ന് ഇമ്രാന്‍ ഖാന്റെ സഹോദരി പറഞ്ഞു. പ്രസിഡന്റ് ആരിഫ് അല്‍വി തന്റെ പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്ന് ഇമ്രാന്റെ വിശ്വസ്തനായ ഗോഹര്‍ അലി ഖാന്‍ പ്രത്യാശിച്ചു. വോട്ടെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ച് പി.ടി.ഐ പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടന്ന മൊത്തം 265 ദേശീയ അസംബ്ലി മണ്ഡലങ്ങളിലേക്കുള്ള ഫലങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പിടി.ഐ അനുകൂലികള്‍ 101 സീറ്റുകള്‍ നേടി. നവാസ് ഷെരീഫിന്റെ പിഎംഎല്‍എന്‍, ബിലാവല്‍ ഭൂട്ടോയുടെ പിപിപി എന്നിവര്‍ യഥാക്രമം 75, 54 സീറ്റുകള്‍ നേടി.

 

Latest News