'വിദ്വേഷ പ്രസംഗ' കേസില്‍ മുഫ്തി സല്‍മാന്‍ അസ്ഹരിക്ക് ജാമ്യം, പക്ഷെ പുറത്തുപോകാനാവില്ല

ഭുജ് - രണ്ടാഴ്ച മുമ്പ് ജില്ലയിലെ സമഖിയാലി പട്ടണത്തില്‍ സംഘടിപ്പിച്ച മത പരിപാടിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ 'വിദ്വേഷ പ്രസംഗ' കേസില്‍ മുംബൈ ആസ്ഥാനമായുള്ള ഇസ്‌ലാമിക പ്രഭാഷകന്‍ മുഫ്തി സല്‍മാന്‍ അസ്ഹരിക്ക് ഗുജറാത്തിലെ കച്ച് ജില്ലയിലെ കോടതി ജാമ്യം അനുവദിച്ചു.

ബചൗവിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (ജെഎംഎഫ്‌സി) വൈ ശര്‍മയുടെ കോടതിയാണ് ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചതെന്ന് സമഖിയാലി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിശാല്‍ പട്ടേല്‍ പറഞ്ഞു.

ജാമ്യം ലഭിച്ചതിന് ശേഷം, അസ്ഹരിയെ രാജ്‌കോട്ട് സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി, അവിടെനിന്ന് വെള്ളിയാഴ്ച മൊഡാസ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ 'വിദ്വേഷ പ്രസംഗ' കേസില്‍ അര്‍വല്ലി പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പട്ടേല്‍ പറഞ്ഞു.

ഫെബ്രുവരി എട്ടിന് ഭചൗ കോടതി അസ്ഹരിയെ ഞായറാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അസ്ഹരിയുടെ അഭിഭാഷകന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇരുഭാഗവും കേട്ട ശേഷം കോടതി ഇയാളുടെ ജാമ്യാപേക്ഷ അനുവദിച്ചു.

ജനുവരി 31 ന് ജുനഗഡിലെ ബി ഡിവിഷന്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് അസ്ഹരിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ആദ്യ എഫ്‌ഐആറില്‍ ഫെബ്രുവരി 7 ന് ജാമ്യം ലഭിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 5 ന് അദ്ദേഹത്തെ മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ജനുവരി 31 ന് സമഖിയാരിയില്‍ നടന്ന മതപരമായ ചടങ്ങിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഭചൗ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിന് ഒരു ദിവസത്തിന് ശേഷം കച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഫെബ്രുവരി 8 ന് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസില്‍ ഞായറാഴ്ച ജാമ്യം നേടി.

 

Latest News