ഗാസ- ഏതുനിമിഷവും കേള്‍ക്കാം ഒരു കൂട്ടക്കുരുതിയുടെ വാര്‍ത്ത. കാതോര്‍ക്കാം മരണ നഗരത്തില്‍നിന്നുള്ള നിലവിളികള്‍. തെക്കന്‍ ഗാസയിലെ റഫ നഗരം ഏതുനിമിഷവും യുദ്ധക്കൊതിയുമായി കടന്നെത്തുന്ന ഇസ്രായില്‍ സേനയെ പ്രതീക്ഷിക്കുകയാണ്.
ലോകം പറയുന്നു, അരുതെന്ന്.. സമാധാനപ്രേമികള്‍ ആര്‍ത്തുവിളിക്കുന്നു, ആ കടുംകൈ ചെയ്യരുതെന്ന്... എന്നാല്‍ കേട്ട ഭാവമില്ല ഇസ്രായിലിനും അതിന്റെ യുദ്ധക്കുറ്റവാളിയായ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും. ദശലക്ഷക്കണക്കിന് ഫലസ്തീനികള്‍ അഭയം പ്രാപിച്ചിരിക്കുന്ന റഫ നഗരം വിജനഭൂമിയായി മാറ്റാനുള്ള നെതന്യാഹുവിന്റെ ദുഷ്ടലാക്ക് ഏതു നിമിഷവും നടപ്പാക്കപ്പെടും.
ശനിയാഴ്ച വൈകി സംപ്രേഷണം ചെയ്ത അഭിമുഖത്തില്‍ സൈനിക നടപടി നീട്ടാനുള്ള തന്റെ ഉദ്ദേശ്യം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. 'ഞങ്ങള്‍ അത് ചെയ്യാന്‍ പോകുകയാണ്... അദ്ദേഹം പ്രഖ്യാപിച്ചു. ടാങ്കുകളും സൈനികരും ഏതു നിമിഷവും റഫയില്‍ എത്താം.
കൂട്ടക്കൊലയുടെ സാധ്യതയെക്കുറിച്ച് രാജ്യാന്തര തലത്തില്‍ ആശങ്ക നിലനില്‍ക്കെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. ഗാസ മുനമ്പിലെ മറ്റ് ഭാഗങ്ങളില്‍നിന്നെല്ലാം വീടുകള്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടതിന് ശേഷം ഏകദേശം 1.4 ദശലക്ഷം ഫലസ്തീനികള്‍ റഫയില്‍ തിങ്ങിക്കൂടുകയും ഈജിപ്തിന്റെ അതിര്‍ത്തിയില്‍ തമ്പടിക്കുകയും ചെയ്യുന്നു.
മാസങ്ങളായി ദിവസേനയുള്ള വ്യോമാക്രമണത്തിന് വിധേയമായ നഗരത്തിലേക്ക് കര ആക്രമണം വ്യാപിപ്പിക്കാനുള്ള പദ്ധതിക്കെതിരെ ഇസ്രായിലിന്റെ പ്രധാന പിന്തുണക്കാരനായ അമേരിക്ക പോലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, എന്നാല്‍ ഇസ്രായില്‍ കേള്‍ക്കാന്‍ ഭാവമില്ല.
ഇസ്രായില്‍ സൈന്യം ഈ ആഴ്ച ആക്രമണം ശക്തമാക്കുന്നതിനിടെ, അല്‍ ജസീറ പറയുന്നതനുസരിച്ച്, റഫയില്‍ രാത്രിയുണ്ടായ ആക്രമണത്തില്‍ 25 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഒക്‌ടോബര്‍ ഏഴിന് ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 28,000 ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

എങ്ങോട്ടും പോകാനില്ല
കര അധിനിവേശത്തിന് മുമ്പ് സിവിലിയന്മാരെ റഫയില്‍ നിന്ന് ഒഴിപ്പിക്കേണ്ടതുണ്ടെന്ന അമേരിക്കയുടെ അഭിപ്രായത്തോട് താന്‍ യോജിക്കുന്നുവെന്ന് എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.
'സിവിലിയന്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായ വഴി നല്‍കിക്കൊണ്ട് ഞങ്ങള്‍ അത് ചെയ്യാന്‍ പോകുന്നു, അതിനാല്‍ അവര്‍ക്ക് പോകാന്‍ പറ്റും- അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈജിപ്തിന്റെ അതിര്‍ത്തി അടച്ചിരിക്കുകയാണ്, വേറെങ്ങോട്ടും പോകാനുമില്ല. താല്‍ക്കാലിക കൂടാരങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്ന ഇത്രയധികം ആളുകള്‍ക്ക് എവിടെ പോകാനാകുമെന്ന് വ്യക്തമല്ല.
ചോദിക്കുമ്പോള്‍, 'വിശദമായ ഒരു പദ്ധതി തയ്യാറാക്കുകയാണെന്ന്' മാത്രമാണ് നെതന്യാഹു പറയുന്നു.
'റഫയുടെ വടക്ക് ഞങ്ങള്‍ വൃത്തിയാക്കിയ പ്രദേശങ്ങള്‍ ധാരാളമുണ്ട് - അദ്ദേഹം പറഞ്ഞു.
ഒരു സാഹചര്യത്തിലും റഫയില്‍ പ്രവേശിക്കരുതെന്ന് പറയുന്നവര്‍ അടിസ്ഥാനപരമായി പറയുന്നത് 'യുദ്ധം തോല്‍ക്കൂ, ഹമാസിനെ അവിടെ നിര്‍ത്തൂ' എന്നാണ് പറയുന്നതെന്നാണ് നെതന്യാഹുവിന്റെ വ്യാഖ്യാനം.
നിരാശരായ ഫലസ്തീനികള്‍ തങ്ങള്‍ക്ക് മറ്റ് വഴികളൊന്നുമില്ലെന്നും എല്ലാം അടഞ്ഞിരിക്കുകയാണെന്നും പറയുന്നു. ഇനി മരണത്തിന് കീഴ്‌പെടുക മാത്രമേ വഴിയുള്ളു.
ഇസ്രായില്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗം ആളുകളും പലായനം ചെയ്ത ആളുകളും റഫയിലാണ് കഴിയുന്നത്.






