Sorry, you need to enable JavaScript to visit this website.

റഫാ ആക്രമിച്ചാൽ ചർച്ചയില്ല; ഹമാസ്, ബന്ദി മോചനം അവതാളത്തിലാവും

ഗാസ- ഫലസ്തീൻ അഭയാർഥികൾ തിങ്ങിഞെരുങ്ങി കഴിയുന്ന റഫായിലേക്ക് ഇസ്രായിൽ സൈന്യം ആക്രമണം നടത്തിയാൽ പിന്നെ ബന്ദി മോചന ചർച്ചകൾ ഉണ്ടാവില്ലെന്ന് ഹമാസിന്റെ മുന്നറിയിപ്പ്. റഫാ ആക്രമണത്തിന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതിന് പിന്നാലെയാണ് ഒരു മുതിർന്ന ഹമാസ് നേതാവ് ഇക്കാര്യം പറഞ്ഞതെന്നെ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

അധിനിവേശ സൈന്യം റഫായിലേക്ക് നടത്തുന്ന ആക്രമണം ബന്ദികളെ കൈമാറുന്നതിനള്ള അനുരഞ്ജന നീക്കങ്ങളെ അവതാളത്തിലാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ ആക്രമണം തുടരാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തിലൂടെ ബന്ദികളുടെ ജീവൻ തന്നെ അപകടത്തിലാവുന്ന സ്ഥിതിയായി. 12 ലക്ഷത്തിലേറെ പേർ തിങ്ങിഞെരുങ്ങി കഴിയുന്ന റഫാ അതിർത്തി മേഖലയിലേക്ക് ആക്രമണം നടത്തുന്നതിൽനിന്ന് ഇസ്രായിലിനെ പിന്തിരിപ്പിക്കാൻ അമേരിക്കയും, ബ്രിട്ടനും, യൂറോപ്യൻ യൂനിയനും ശ്രമം തുടരുകയാണ്. ഇത്തരമൊരു ആക്രമണം സമാനതകളില്ലാത്ത മാനുഷിക ദുരന്തത്തിനിടയാക്കുമെന്നും എങ്ങനെയും അത് തടയണമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. റഫാ ആക്രമിക്കുന്നതിനെതിരെ സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളും ഇസ്രായിലിന് താക്കീത് നൽകിയിരുന്നു. 

 ഗാസയിലെ റഫ നഗരത്തിനു നേരെ ഇസ്രായിൽ ആക്രമണം നടത്തിയാൽ അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. ക്രൂരമായ ഇസ്രായിലി ആക്രമണം കാരണം പലായനം ചെയ്യാൻ നിർബന്ധിതരായ ലക്ഷണക്കിന് സാധാരണക്കാരുടെ അവസാന അഭയകേന്ദ്രമായ റഫക്കെതിരായ ആക്രമണ പദ്ധതിയെ പൂർണമായും തിരസ്‌കരിക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നതായി സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 
ഗാസയിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കണം. അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും തുടർച്ചയായ ലംഘനം ആസന്നമായ മാനുഷിക ദുരന്തത്തിൽ നിന്ന് ഇസ്രായിലിനെ തടയാൻ യു.എൻ രക്ഷാസമിതി അടിയന്തിരമായി വിളിച്ചുകൂട്ടേണ്ടതിന്റെ ആവശ്യകത സ്ഥിരീകരിക്കുന്നു. റഫ ആക്രമണം കാരണമായ മാനുഷിക ദുരന്തത്തിന്റെ ഉത്തരവാദിത്തം ഇസ്രായിലി ആക്രമണത്തെ പിന്തുണക്കുന്ന എല്ലാവരും വഹിക്കേണ്ടിവരുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു.
 

Latest News