റിയാദ്- റിയാദ് മേഖലയിൽ ഒരു പൗരനെ കൊന്നതിനും മറ്റൊരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിനും രണ്ട് സ്ത്രീകൾ ഉൾപ്പെടെ സൗദി പൗരൻമാരായ അഞ്ചു പേർക്ക് വധശിക്ഷ നടപ്പാക്കി. മിഷാൽ ബിൻ അലി ബിൻ മുഹമ്മദ് വാൽബി, ഇബ്രാഹിം ബിൻ അബ്ദുല്ല ബിൻ അലി ബിൻ സയ്യിദ് അൽ മസാവി, സുൽത്താൻ ബിൻ മുഹമ്മദ് ബിൻ ഗരാമ അൽ അസ്മരി, അബീർ ബിൻത് അലി ബിൻ ദാഫർ അൽ മുഹമ്മദ് അൽ അമ്രി, ബയാൻ ബിൻത് ഹഫീസ് ബിൻ എന്നിവർക്കാണ് വധശിക്ഷ നടപ്പാക്കിയത്. അലി സിദ്ദിഖ് എന്ന സൗദി പൗരനെ വധിച്ചതിനും ഖാലിദ് ബിൻ ദലക് ബിൻ മുഹമ്മദ് ഹംസിയെ കൊല്ലാൻ ശ്രമിച്ചതിനുമാണ് ശിക്ഷ നടപ്പാക്കിയത്.
അക്രമികൾ ഇരയെ വീട്ടിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുവന്നു തോക്കിൻ മുനയിൽ നിർത്തി കെട്ടിയിട്ട് കൊള്ളയടിക്കുകയായിരുന്നു. ഇരയെ വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തു. ഇരുമ്പു കമ്പികൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. മറ്റൊരാളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കൊള്ളയടിക്കുകയും ചെയ്തു. ആളുകളെ വശീകരിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന സംഘമായിരുന്നു ഇത്. മയക്കുമരുന്ന് കഴിക്കുകയും മറ്റുള്ളവരെ കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഘത്തെ സുരക്ഷാസൈന്യം പിടികൂടിയാണ് നിയമനടപടികൾക്ക് വിധേയമാക്കിയത്. മെഡിക്കൽ നിയന്ത്രണത്തിന് വിധേയമായ അനസ്‌തെറ്റിക്‌സ്, സാനാക്‌സ്, ലിറിക്ക ഗുളികകളും ഇവർ ഉപയോഗിച്ചിരുന്നു.