കേന്ദ്ര സേനയിലെ കോണ്‍സ്റ്റബിള്‍ പരീക്ഷ ഇനി മലയാളത്തിലും എഴുതാം

ന്യൂദല്‍ഹി - സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) നടത്തുന്ന പ്രധാന പരീക്ഷകളിലൊന്നാണ് കേന്ദ്ര സായുധ പോലീസ് സേനയിലെ കോണ്‍സ്റ്റബിള്‍ ജിഡി പരീക്ഷ. ഇനി മുതല്‍ ഈ പരീക്ഷ മാതൃഭാഷയില്‍ എഴുതാം. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ, ഇതാദ്യമായി 13 പ്രാദേശിക ഭാഷകളിലായാണ് പരീക്ഷ നടത്തുന്നത്. 2024 ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 7 വരെ രാജ്യത്തെ 128 നഗരങ്ങളിലായി 48 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.

2024 ജനുവരി 1 മുതല്‍ 13 പ്രാദേശിക ഭാഷകളില്‍ കോണ്‍സ്റ്റബിള്‍ പരീക്ഷ നടത്താന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. കേന്ദ്ര സായുധ പോലീസ് സേനയില്‍ പ്രാദേശിക യുവാക്കളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി ഭാഷകളിലായാണ് പരീക്ഷ എഴുതാന്‍ കഴിയുക.

13 പ്രാദേശിക ഭാഷകളില്‍ പരീക്ഷ നടത്തുന്നതിനുള്ള ധാരണാപത്രത്തില്‍ ആഭ്യന്തര മന്ത്രാലയവും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും ഒപ്പുവച്ചിരുന്നു.

 

Latest News