Sorry, you need to enable JavaScript to visit this website.

സൗദിയിലെ ബിസിനസ് സാധ്യതകളും സാമ്പത്തിക ഭദ്രതയും; മലയാളികള്‍ക്കായി ഒരുക്കിയ ചര്‍ച്ച ശ്രദ്ധേയമായി

സിജി ജിദ്ദ ചാപ്റ്ററിനു കീഴിലെ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് സംഘടിപ്പിച്ച ബിഗ് കോണ്‍ക്ലേവിലെ വിഷയാവതാരകര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

ജിദ്ദ- സൗദി അറേബ്യയുടെ ബജറ്റിനെക്കുറിച്ചും നിക്ഷേപാവസരങ്ങളെക്കുറിച്ചും വിശകലനം ചെയ്ത് സിജി ജിദ്ദ ചാപ്റ്ററിനു കീഴിലെ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ് (ബിഗ്) സംഘടിപ്പിച്ച ബ്രീസ് ബിഗ് കോണ്‍ക്ലേവ് മലയാളി സംരംഭകര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും നവ്യാനുഭവം പകര്‍ന്നു. മലയാളി സമൂഹത്തിനിടയില്‍ സംരംഭകര്‍ ഏറെയുണ്ടെങ്കിലും സൗദി ബജറ്റിനെക്കുറിച്ച് വിശകലം ചെയ്യാനോ, അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുവാനോ മലയാളി കൂട്ടായ്മകള്‍ ആരും തന്നെ ഇതുവരെ ശ്രമിച്ചിരുന്നില്ല. അതിനു മാറ്റം കുറിച്ചു കൊണ്ടാണ് ജിദ്ദ റമാദ ഹോട്ടലില്‍ പ്രമുഖ വിശകലന വിദഗ്ധരെ ഉള്‍പ്പെടുത്തി ബിഗ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. പരിമിത സമയത്തിനകം അതിവിപുലമായി ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യാനാവില്ലെങ്കിലും തുടക്കമെന്ന നിലയില്‍ പരിപാടി മികവു പുലര്‍ത്തുന്നതും സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും പുത്തനാശയങ്ങള്‍ പകര്‍ന്നു നല്‍കുന്നതുമായിരുന്നുവെന്ന് കോണ്‍ക്ലേവില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

കെ.ടി അബൂബക്കറിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടി പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനും ഇമേജ് ഡയറക്ടറുമായ അഡ്വ. എസ്.  മമ്മു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സൗദി വാര്‍ഷിക ബജറ്റിന്റെ വിശദാംശങ്ങള്‍ ഹീലിയോണ്‍ റീജനല്‍ സപ്ലൈ പ്ലാനിംഗ് മാനേജര്‍ ഫസ്‌ലിന്‍ അബ്ദുല്‍ ഖാദര്‍ അവതരിപ്പിച്ചു. സാമ്പത്തിക രംഗത്ത് സൗദി കൈവരിച്ച നേട്ടങ്ങളും 2030 ലക്ഷ്യമിട്ട് സൗദി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തിക ഭദ്രതയില്‍ സൗദി അറേബ്യ എത്രമാത്രം മുന്നിലാണെന്നും എണ്ണ ഉല്‍പാദന രാജ്യമായിരുന്നിട്ടും ഹരിതോര്‍ജത്തെ പ്രോത്സാഹിപ്പിക്കാനും എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാനും ഭര്‍ണകര്‍ത്താക്കള്‍ കാണിക്കുന്ന താല്‍പര്യം എത്രമാണന്ന് വിശദീകരിക്കുന്നതായിരുന്നു ഫസ്്‌ലിന്റെ പ്രസന്റേഷന്‍. ഐടി, എഐ രംഗത്ത് സൗദി  അറേബ്യ കൈവരിച്ച നേട്ടങ്ങളും ഈ രംഗത്ത് രാജ്യത്ത്  ഉണ്ടാകാന്‍ പോകുന്ന വിപ്ലവാത്മക പരിവര്‍ത്തനത്തെക്കുറിച്ചും വിശദീകരിക്കുന്നതായിരുന്നു ജോട്ടന്‍ പെയിന്റ് ഐടി വിഭാഗം മേധാവി അഷ്‌റഫ് കുന്നത്ത് അവതരിപ്പിച്ച ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്ന വിഷയം.  ഏതു ചെറിയ സംരംഭകനായാലും നൂതന സാങ്കേതികവിദ്യ കരകതമാക്കുകയും അതിനനുസരിച്ച് ഇടപാടുകള്‍ നടത്തുകയും ചെയ്താല്‍ മാത്രമാണ് വിജയിക്കാനാവുകയെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ബജറ്റില്‍ ഒരു തുക മാറ്റിവെക്കുകയും അതുപ്രയോജനപ്പെടുത്തി സേവനങ്ങളും പ്രവര്‍ത്തനങ്ങളും പുതുക്കിക്കൊണ്ടിരിക്കുകയും വേണം. എഐ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക വിപ്ലവത്തിന്റെ പ്രയോജനം ഫലവത്താക്കാനുള്ള അറിവും അതിനനുസരിച്ച നിക്ഷേപങ്ങളും ഏതു സംരംഭകനും ആവശ്യമാണെന്നും അഷ്‌റഫ് അഭിപ്രായപ്പെട്ടു.

ബിഗ് ഭാരവാഹികളും വിഷയാവതാരകരും ഉദ്ഘാടന്‍ അഡ്വ. എസ്. മമ്മുവിനൊപ്പം

ഏതു വികസനവും സാധ്യമാകണമെങ്കില്‍ അതില്‍ ലോജിസ്റ്റിക് ഇന്‍ഡസ്ട്രിക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്നും അതിന്റെ നേട്ടങ്ങള്‍ കൊയ്യുന്നനിടത്തായിരിക്കണം ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ശദ്ധയെന്നും ലോജിസ്റ്റിക് ഇന്‍ഡസ്ട്രി എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഫാല്‍ക്കണ്‍ െ്രെഫറ്റ് ലോജിസ്റ്റിക്‌സ് ആന്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ അബ്ദുല്‍ മജീദ് പറഞ്ഞു. ജല, വ്യോമ, കര മാര്‍ഗങ്ങളിലൂടെ ചരക്കു ഗതാഗത രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഈ രംഗത്തെ സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സാംസ്‌കാരിക പൈതൃകത്തെയും പാരമ്പര്യത്തെയും തുറന്നുകാട്ടി വിനോദ സഞ്ചാര മേഖലയെ എങ്ങനെ പരിപോഷിപ്പിക്കാമെന്നും അതിലേക്ക് ലോക വിനോദ സഞ്ചാരികളെ എങ്ങനെ ആകര്‍ഷിക്കാമെന്നുമുള്ളതിനു മാതൃകയായി സൗദി അറേബ്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട മീഡിയ വണ്‍ ടിവി ബ്യൂറോ ചീഫ്  അഫ്താബു റഹ്മാന്‍ പറഞ്ഞു. ഏതു സംരംഭകരനും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പുത്തനാശയങ്ങള്‍ക്കും യാത്രകള്‍ അനിവാര്യമാണെന്നും വിനോദ സഞ്ചാര രംഗത്ത് സൗദി അറേബ്യയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച അടുത്തറിയാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ രംഗത്തെ നിക്ഷേപ സാധ്യതകള്‍ അനവധിയാണെന്നും അഫ്താബ് ചൂണ്ടിക്കാട്ടി. വ്യക്തമായ പ്ലാനിംഗോടും അവബോധത്തോടും കൂടിയായിരിക്കണം ഏതു സംരംഭകനും മാറ്റങ്ങള്‍ വരുത്തേണ്ടതെന്ന് ഗ്ലോബല്‍ ബ്രിഡ്ജിംഗ് എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് അനലിറ്റിക്‌സ് അറേബ്യ കോഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ നിഷാദ് അബ്ദുറഹിമാനും മാനേജിംഗ് ഡയറക്ടറും ടാക്‌സ് ഏജന്റുമായ ഷിഹാബ് തങ്ങളും പറഞ്ഞു. രാജ്യത്തിലെ മാറ്റങ്ങളെ ഉല്‍കൊണ്ടുകൊണ്ടുള്ള പരിവര്‍ത്തനത്തിനു മുതിരുന്നവര്‍ക്കു മാത്രമേ പിടിച്ചു നില്‍ക്കാനാവൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നു വിഷയ വദഗ്ധരുടെ പാനല്‍ കാണികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
വിഷയാവതാകര്‍ക്ക് അബ്ദുറഹിമാന്‍ പട്ടര്‍കടവന്‍, ഡോ. ജംഷീദ്, എ.എം അഷ്‌റഫ്, അമീര്‍ അലി, മുഹമ്മദലി ഓവിങ്ങല്‍ എന്നിവര്‍ ഉപഹാരം നല്‍കി. പരിപാടി വിജയകരമാക്കുന്നതിന് സഹകരിച്ചവരെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. സിജി ജിദ്ദ ചാപ്റ്റര്‍ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി,  പ്രോഗ്രാം കണ്‍വീനര്‍ കെ.എം റിയാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റഷീദ് അമീര്‍ പരിപാടി നിയന്ത്രിച്ചു. ബിഗ് ഹെഡ് മുഹമ്മദ് ബൈജു സ്വാഗതവും സിജി ജിദ്ദ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദലി ഓവിങ്ങള്‍ നന്ദിയും പറഞ്ഞു. അക്മല മുഹമ്മദ് ബൈജു അവതാരകയായിരുന്നു. വിഷയാവതാരകരെ പരിയപ്പെടുത്തിയുള്ള ഹൃസ്വചിത്രത്തിന് നജീബ് വെഞ്ഞാറന്‍മൂട് ശബ്ദം നല്‍കി. ജെ.സി.ഡബ്ലിയു.സിയുടെ ഭാരവാഹികളും  ജിദ്ദയിലെ പൗരപ്രമുഖരും ബിസിനസ് സംരംഭകരും പരിപാടിയില്‍ പങ്കെടുത്തു.

VIDEO വൈറല്‍ വീഡിയോ; വാഹനം ഓടിക്കുന്ന നിങ്ങളും കാണണം

19 കാരി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കുറ്റം സമ്മതിച്ചു, കാരണം അയാള്‍ക്ക് മാത്രമേ അറിയൂ

VIDEO വൈറല്‍ വീഡിയോ; വാഹനം ഓടിക്കുന്ന നിങ്ങളും കാണണം

 

Latest News