Sorry, you need to enable JavaScript to visit this website.

സൈബര്‍ തട്ടിപ്പ്; 14 ലക്ഷം മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തു, 500 ലേറെ പേരെ അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി- രാജ്യത്ത് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചതിനു പിന്നാലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഏകദേശം 14 ലക്ഷം മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക മേഖലയിലെ സൈബര്‍ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ ധനകാര്യ സേവന സെക്രട്ടറി വിവേക് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
പലതരത്തിലുള്ള മെസേജുകള്‍ അയച്ചും കോളുകള്‍ വിളിച്ചുമാണ് ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങളും ഒ.ടി.പികളും കരസ്ഥമാക്കി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നത്.
വിച്ഛേദിക്കപ്പെട്ട മൊബൈല്‍ കണക്ഷനുകളുമായി ബന്ധിപ്പിച്ചതോ സൈബര്‍ കുറ്റകൃത്യങ്ങളിലോ സാമ്പത്തിക തട്ടിപ്പുകളിലോ ദുരുപയോഗം ചെയ്തതോ ആയ 14 ലക്ഷം മൊബൈല്‍ നമ്പറുകള്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുവരെ, 500 ലധികം അറസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. 2023 ഏപ്രില്‍ മുതല്‍ 3.08 ലക്ഷം സിമ്മുകളും ബ്ലോക്കുചെയ്യപ്പെട്ടു. ഏകദേശം 50,000 ഐ.എം.ഇ.ഐ നമ്പറുകള്‍ തടഞ്ഞു, 2023 ഏപ്രില്‍ മുതല്‍ 592 വ്യാജ ലിങ്കുകള്‍ ബ്ലോക്ക് ചെയ്തു. 2194 യു.ആര്‍.എല്ലും നിരോധിച്ചിട്ടുണ്ട്.
ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വിവിധ സേവനങ്ങള്‍ക്കായി പൊതുവേയുള്ള 10 അക്ക നമ്പറുകളുടെ ഉപയോഗം ക്രമേണ നിര്‍ത്തണമെന്നും ട്രായ് നിര്‍ദ്ദേശിച്ചതനുസരിച്ച് വാണിജ്യാവശ്യങ്ങള്‍ക്കും  പ്രമോഷനുകള്‍ക്കും '140ഃഃഃ' പോലുള്ള നിര്‍ദ്ദിഷ്ട നമ്പര്‍ ശ്രേണികള്‍ ഉപയോഗിക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.

 

Latest News