Sorry, you need to enable JavaScript to visit this website.

'സി.പി.എം വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു'; മോഡിയുടെ വിരുന്നിൽ വിശദീകരണവുമായി എൻ.കെ പ്രേമചന്ദ്രൻ 

കൊല്ലം - പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിരുന്നിൽ പങ്കെടുത്തത് മാരക കുറ്റമായി ചിത്രീകരിക്കാൻ സി.പി.എം ശ്രമിക്കുകയാണെന്നും ഇത് വിലപ്പോവില്ലെന്നും ആർ.എസ്. പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ എം.പി. തനിക്കെതിരെ ഉന്നയിക്കുന്നത് വിലകുറഞ്ഞ ആരോപണമാണ്.
 പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് ഞങ്ങളെ വിളിച്ചത്. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നിൽ പങ്കെടുത്തത്. അവിടെ ചെന്നപ്പോൾ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നാണത്. താൻ ആർ.എസ്.പിയായി തന്നെ തുടരും, സംശയം വേണ്ട. രാഷ്ട്രീയ മുതലെടുപ്പിനാണ് സി.പി.എം ശ്രമിക്കുന്നത്. സൗഹൃദ വിരുന്നിൽ പ്രധാനമന്ത്രി രാഷ്ട്രീയം പറഞ്ഞാൽ വിയോജിച്ചേനെ. അല്ലാതെ സൗഹൃദ വിരുന്നിൽ നിന്ന് ഭക്ഷണം കഴിക്കാതെ പോകാനുള്ള രാഷ്ട്രീയ മര്യാദകേട് തനിക്കില്ല. പാർലമെന്റിനുള്ളിൽ എൻ.ഡി.എ സർക്കാറിനെതിരെ അന്നും ഇന്നും എന്നും ശക്തമായ നിലപാടെടുത്ത വ്യക്തിയും പാർട്ടിയുമാണ് എന്റേത്. എളമരം കരീമിന് സംശയമുണ്ടെങ്കിൽ പാർലമെന്റിലെ പ്രസംഗം പരിശോധിക്കണം. എളമരത്തിന്റെ പ്രസ്താവന വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമാണെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സി.പി.എം ശ്രമിക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചുു.
 പിണറായിയുടെ ഇഫ്താർ വിരുന്നിൽ ആർ.എസ്.എസുകാരും ബി.ജെ.പിക്കാരുമെല്ലാം പങ്കെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിന് രാജിവെക്കണമെന്ന ആവശ്യം പരിഹാസ്യമാണ്. താനും ശശി തരൂരും കെ മുരളീധരനും കെ സുധാകരനും ബി.ജെ.പിയിൽ പോകുന്നുവെന്ന് സി.പി.എം വ്യാജപ്രചാരണം നടത്തുകയാണെന്നും എൻ.കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
 പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്നായിരുന്നു സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ആരോപിച്ചത്. പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ പ്രേമചന്ദ്രൻ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ സംശയങ്ങളുണ്ട്. കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും എളമരം കരീം ചോദിച്ചിരുന്നു.

Latest News