'സ്റ്റാലിന്റെ കാല്‍ക്കല്‍ വീഴേണ്ട, വണക്കം മതി'; അണികളോട് ഡി.എം.കെ

ചെന്നൈ- പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ കാലില്‍ തൊട്ടു വന്ദിക്കരുതെന്നും 'വണക്കം' പറഞ്ഞാല്‍ മതിയെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ഡി.എം.കെ. കാല്‍ തൊട്ടു വന്ദിക്കുന്ന രീതി ആത്മാഭിമാനത്തിനെതിരാണെന്നും അണികള്‍ സ്റ്റാലിന്റെ കാലില്‍ തൊട്ട് പ്രയാസമുണ്ടാക്കരുതെന്നും കര്‍ത്തവ്യം, അഭിമാനം, അച്ചടക്കം എന്നീ തത്വങ്ങളെ സംരക്ഷിക്കണമെന്നും പാര്‍ട്ടി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ അണികളോട് ആഹ്വാനം ചെയ്തു. ശ്രദ്ധകിട്ടാന്‍ വേണ്ടി ചെയ്യുന്ന ഈ ദാസ്യ വൃത്തി ഇനി ഉപേക്ഷിക്കാമെന്നും അണികള്‍ക്ക് നിര്‍ദേശം നല്‍കി. രാഷ്ട്രീയ എതിരാളികളായ അണ്ണാ ഡി.എം.കെ നേതാക്കള്‍ മുന്‍ നേതാവ് ജയലളിതയുടെ കാല്‍ക്കല്‍ വീഴുന്ന രീതിക്കെതിരെ നേരത്തെ തന്നെ വിമര്‍ശനമുന്നയിക്കുന്ന പാര്‍ട്ടിയാണ് ഡി.എം.കെ.

'പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്റെ കാലില്‍ തൊട്ട് അപമാനിക്കരുതെന്ന് 2017 ജനുവരിയില്‍ സ്റ്റാലിന്‍ ഡി.എം.കെ അണികളോട് പറഞ്ഞിരുന്നു. ഒരു നേതാവിനെ അഭിവാദ്യം ചെയ്യുന്ന നമ്മുടെ സംസ്‌കാരം കാല്‍ തൊടലല്ല, നെഞ്ചു വിരിച്ച് വണക്കം പറയലാണ്,' ഡി.എം.കെ വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനേയും മറ്റു മുതിര്‍ന്ന നേതാക്കളേയും പകിട്ടാര്‍ന്ന പൂമാലകളും ഷോളുകളും ചാര്‍ത്തരുതെന്നും പാര്‍ട്ടി അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമ്മാനങ്ങളായി പുസ്തകങ്ങള്‍ ലൈബ്രറികള്‍ക്കു നല്‍കാമെന്നും പാര്‍ട്ടി നിര്‍ദേശിച്ചു.
 

Latest News