തലവേദനയ്ക്ക് ഡോക്ടറെ കാണാന്‍ ഏഴ് മണിക്കൂര്‍ കാത്തിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു

ലണ്ടന്‍-തലവേദനയ്ക്ക് ഡോക്ടറെ കാണാന്‍ മണിക്കൂറുകള്‍  കാത്തിരുന്ന യുവതി ആശുപത്രയില്‍ മരിച്ചു. തലവേദനയ്ക്കായി ഡോക്ടറെ കാണാനെത്തിയ രണ്ട് മക്കളുടെ അമ്മയായ 39-കാരിയ്ക്കാണ് നോട്ടിംഗ്ഹാം ക്യൂന്‍സ് മെഡിക്കല്‍ സെന്ററില്‍ ദാരുണാന്ത്യം.  കട്ടിലിന് താഴെ നിന്നും അബോധാവസ്ഥയില്‍ കണ്ടെത്തുമ്പോഴേക്കും ഈ സ്ത്രീ മരിച്ചിരുന്നു. ജനുവരി 19-നായിരുന്നു സംഭവം. നഴ്സുമാര്‍ ഇവരെ മൂന്ന് തവണ നിരീക്ഷിച്ചിരുന്നുവെന്നാണ് വിവരം.
എന്നാല്‍ പേര് വിളിക്കുമ്പോഴേക്കും കാത്തിരിപ്പ് ഏഴ് മണിക്കൂറോളം നീണ്ടിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാതെ വന്നതോടെ കാത്തിരുന്ന് മടുത്ത് രോഗി മടങ്ങിപ്പോയിരിക്കുമെന്നാണ് ആശുപത്രി ജീവനക്കാര്‍ കരുതിയത്. പിന്നീട് വെയ്റ്റിംഗ് റൂമിലെ കസേരയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്ത്രീയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 22-ന് മരണത്തിന് കീഴടങ്ങി.
നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് നടത്തുന്ന ആശുപത്രി ദുരന്തത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'ബുദ്ധിമുട്ടേറിയ ഈ സമയത്ത് കുടുംബത്തിന് അഗാധമായ അനുശോചനങ്ങള്‍ നേരുന്നു. കുടുംബത്തെ കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണം നടത്തുക. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത് വരെ പ്രതികരിക്കില്ല', എന്‍യുഎച്ച് ട്രസ്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കീത്ത് ഗിര്‍ലിംഗ് പറഞ്ഞു.
ആശുപത്രിയിലെ എ ആന്റ് ഇ വിഭാഗത്തില്‍ കാത്തിരിപ്പ് സമയം വളരെ ദൈര്‍ഘ്യമേറിയതാണെന്ന് ശ്രോതസ്സുകള്‍ പറയുന്നു. 80 രോഗികള്‍ 14 മണിക്കൂര്‍ വരെ കാത്തിരിക്കുന്ന അവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ മാസം 25 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

Latest News