ലഖ്‌നൗ- കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ സംഭവമായിരുന്നു കാണാതായ മകൻ 22 വർഷത്തിന് ശേഷം സന്യാസിയായി തിരിച്ചെത്തി അമ്മയിൽനിന്ന് ഭിക്ഷ സ്വീകരിച്ചു മടങ്ങി എന്നത്. എന്നാൽ, ആ കഥക്ക് ഇപ്പോൾ ഒരു ട്വിസ്റ്റ് ഉണ്ടായിരിക്കുന്നു. കുട്ടികളെ കാണാതായ വീടുകളിൽ വർഷങ്ങൾക്ക് ശേഷം എത്തി അവരുടെ മകനായി അഭിനയിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ ഒരാളാണ് ഈ കള്ള സന്യാസി എന്നാണ് തെളിഞ്ഞിരിക്കുന്നത്.
പതിന്നൊന്നാമത്തെ വയസിൽ വീടുവിട്ടുപോയ മകൻ പിങ്കുവാണ് താനെന്നും അമ്മയിൽനിന്ന് ഭിക്ഷ സ്വീകരിച്ച് ഉടൻ മടങ്ങിപ്പോകും എന്നുമായിരുന്നു ഇയാൾ പറഞ്ഞത്. അമ്മ ശകാരിച്ചതിനെ തുടർന്ന് പതിനൊന്നാമത്തെ വയസിലാണ് പിങ്കു വീടുവിട്ടിറങ്ങിയത്. രണ്ടു പതിറ്റാണ്ടിന് ശേഷം മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലായിരുന്നു ദൽഹി നിവാസിയായ ഭാനുമതി സിംഗ്.
കഴിഞ്ഞ മാസമാണ് തന്റെ മകന്റെ ഛായയുള്ള ഒരാൾ തന്റെ ഗ്രാമമായ അമേഠിയിൽ എത്തിയിട്ടുണ്ടെന്ന് ഭാനുമതിക്കും ഭർത്താവ് രതിപാലിനും വിവരം ലഭിച്ചത്. പിങ്കുവിന്റെ ദേഹത്തുണ്ടായിരുന്ന അതേ അടയാളങ്ങൾ ഇയാൾക്കുമുണ്ടായിരുന്നു. ജനുവരി 27ന് ഭാനുമതിയും രതിപാലും ഗ്രാമത്തിൽ എത്തുകയും പിങ്കുവിനെ കാണുകയും ചെയ്തു. അമ്മയെ കണ്ടതോടെ പിങ്കു പാട്ടുപാടാൻ തുടങ്ങി. സന്യാസിയാകാൻ രാജ്യം വിട്ട രാജാവിനെക്കുറിച്ചുള്ള നാടൻ പാട്ടുകളായിരുന്നു ഇത്. ഭാനുമതിയുടെ കവിളിലൂടെ ആനന്ദാശ്രുക്കൾ ഒഴുകി.
താൻ സന്യാസം സ്വീകരിച്ചിട്ടുണ്ടെന്നും ജാർഖണ്ഡിലെ തന്റെ ആശ്രമമായ പരസ്‌നാഥ് മഠത്തിലേക്ക് മടങ്ങണമെന്നും പിങ്കു അവരോട് പറഞ്ഞു. അയോധ്യ സന്ദർശിച്ച് കുടുംബാംഗങ്ങളിൽ നിന്ന് ഭിക്ഷ സ്വീകരിച്ചതിന് ശേഷം മാത്രമേ തന്റെ ദീക്ഷ പൂർണമാകൂ എന്ന് തന്റെ ഗുരു പറഞ്ഞതായും വ്യക്തമാക്കി.
പിങ്കുവിനെ ഗ്രാമം വിട്ടുപോകാൻ മാതാപിതാക്കൾ ആദ്യം സമ്മതിച്ചില്ല. പക്ഷേ, അവന്റെ മനസ്സ് സന്യാസത്തിലാണെന്ന് അവർ മനസിലാക്കി. ഒടുവിൽ ഗ്രാമവാസികൾ ഒത്തുചേർന്ന് 13 ക്വിന്റൽ ഭക്ഷ്യധാന്യം ഭിക്ഷയായി നൽകി. രതിപാലിന്റെ സഹോദരി 11,000 രൂപയും നൽകി. പിങ്കുവിന് രതിപാൽ ഒരു ഫോൺ സമ്മാനിച്ചു. ആവശ്യമുള്ളപ്പോഴെല്ലാം തന്നെ വിളിക്കാനും പറഞ്ഞു. ഫെബ്രുവരി ഒന്നിനാണ് പിങ്കു ഗ്രാമം വിട്ടത്.
അധികം വൈകാതെ പിങ്കു രതിപാലിനെ വിളിച്ചു. തനിക്ക് സന്യാസം മടുത്തുവെന്നും അച്ഛനെയും അമ്മയെയും മതിയെന്നും പറഞ്ഞു. എന്നാൽ ആശ്രമത്തിലെ ആളുകൾ തന്നോട് 10 ലക്ഷം രൂപ നൽകുന്നതുവരെ ഇവിടം വിട്ടുപോകാൻ കഴിയില്ലെന്നാണ് പറയുന്നതെന്നും ഇയാൾ വ്യക്തമാക്കി. കുടുംബജീവിതത്തിലേക്ക് മടങ്ങിവരാൻ ഒരു സന്യാസിക്ക് നൽകേണ്ടിവരുന്ന വിലയാണിതെന്ന് അദ്ദേഹം രതിപാലിനോട് പറഞ്ഞു.
സൗദിയിൽ സന്ദർശക വിസയിൽ എത്തുന്നവർ ഡിജിറ്റൽ പ്രിന്റ് എടുക്കുന്നത് എങ്ങിനെ
തന്റെ മകനെ തിരികെ ലഭിക്കാൻ രതിപാൽ എന്തും ചെയ്യാൻ ഒരുക്കമായിരുന്നു. അതിനായി ഗ്രാമത്തിലെ തന്റെ സ്ഥലം 11.2 ലക്ഷത്തിന് വിറ്റു, തുടർന്ന് ആ പണം മഠത്തിലേക്ക് നൽകാൻ ജാർഖണ്ഡിലേക്ക് വരാമെന്ന് പിങ്കുവിനോട് പറഞ്ഞു. എന്നാൽ ആശ്രമത്തിലേക്ക് വരരുതെന്ന് പിങ്കു പറഞ്ഞു. യു.പി.ഐ വഴി പണം അയക്കാൻ നിർബന്ധിച്ചു. സംശയം തോന്നിയ രതിപാൽ ഇക്കാര്യം പോലീസിനെ അറിയിച്ചു. അന്വേഷണത്തിൽ പിങ്കു പറഞ്ഞ പരസ്‌നാഥ് മഠം എന്ന പേരിൽ ജാർഖണ്ഡിൽ ഒരു ഹിന്ദു മഠം ഇല്ലെന്ന് കണ്ടെത്തി. പോലീസ് അന്വേഷണത്തിൽ പിങ്കുവിന്റെ യഥാർഥ പേര് നഫീസ് എന്നാണെന്നും ഇയാൾ ഗോണ്ട ഗ്രാമത്തിൽ നിന്നുള്ളയാളാണെന്നും കണ്ടെത്തി. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്.
2021 ജൂലായിൽ ഇതേ തിരക്കഥയിൽ നഫീസിന്റെ സഹോദരൻ റാഷിദ് സന്യാസിയായി വേഷമിട്ട് ലക്ഷങ്ങൾ മറ്റൊരു കുടുംബത്തിൽനിന്ന് ലക്ഷങ്ങൾ വഞ്ചിച്ചിരുന്നു. സഹസ്പുര ഗ്രാമത്തിൽനിന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ ബുദ്ധിറാം വിശ്വകർമ എന്ന വ്യക്തിയുടെ മകനായ രവിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സന്യാസിയായി അഭിനയിച്ച് എത്തിയ റാഷിദ് ബുദ്ധിറാമിന്റെ ഭാര്യയോട് ഭിക്ഷ ചോദിച്ചു. രവിയാണെന്ന് കരുതി വീട്ടുകാർ റാഷിദിനെ കൂടെ താമസിപ്പിച്ചു. തുടർന്ന് ലക്ഷങ്ങളുടെ പണവുമായി റഷീദ് മുങ്ങി. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ഇയാളുടെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെട്ടത്.
ഈ സംഭവത്തിനും മുമ്പ് റഷീദിന്റെ ഒരു ബന്ധു, വാരണാസിയിലെ ഹാജിപൂർ ഗ്രാമത്തിലെ കല്ലു രാജ്ഭറിന്റെ വീട്ടിൽ പ്രത്യക്ഷപ്പെട്ട്, 15 വർഷം മുമ്പ് കാണാതായ കല്ലുവിന്റെ മകനായി സന്യാസി വേഷം ധരിച്ച് അവരെ വഞ്ചിരിച്ചിരുന്നു.