Sorry, you need to enable JavaScript to visit this website.

സൗദി പറയുന്നു; ബഹിരാകാശമാണ് ഞങ്ങളുടെ ലക്ഷ്യം

റിയാദ്-ബഹിരാകാശ പ്രതിരോധ ഗവേഷണ രംഗത്തേക്ക് രാജ്യം ശ്രദ്ധ തിരിച്ചതായി പ്രിൻസ് സുൽത്താൻ സെന്റർ ഫോർ ഡിഫൻസ് സ്റ്റഡീസ് ആന്റ് റിസർച്ച് ഡയറക്ടർ ജനറൽ ഡോ. സാമി അൽ ഹുമൈദി വെളിപ്പെടുത്തി. കൃത്രിമോപഗ്രഹ, ബഹിരാകാശ ഗവേഷണത്തിൽ ശ്രദ്ധയൂന്നാനാണ് സെന്റർ ലക്ഷ്യമിടുന്നത്. റിയാദിലെ ലോക പ്രതിരോധ എക്‌സിബിഷനോടനുബന്ധിച്ചുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞതുപോലെ, ഞങ്ങളുടെ അഭിലാഷം 'ആകാശം മുട്ടെ ഉയർന്നു നിൽക്കുന്നതാണ്. ഞങ്ങൾ മധ്യത്തിലാണ്, ഞങ്ങളുടെ വിമാനങ്ങളിപ്പോൾ ആകാശത്തുണ്ട്. ഞങ്ങൾ ബഹിരാകാശ ഗവേഷണത്തിലൂടെ മുന്നേറും.  എയർക്രാഫ്റ്റ് ഗാർഡിയൻ  പോലുള്ള മൂന്നു  ബഹിരാകാശ പേടകങ്ങൾ നിർമ്മിക്കുന്നതിന് ദേശീയ കമ്പനികളുമായി  പ്രതിരോധ മന്ത്രാലയം കരാറിലെത്തിയിട്ടുണ്ട്. 

അന്താരാഷ്ട്ര പ്രതിരോധ എക്‌സിബിഷനിൽ 22 ബഹിരാകാശ പ്രതിരോധ പേടകങ്ങൾ രാജ്യം പ്രദർശിപ്പിക്കുന്നുണ്ട്. 'സാമി' കമ്പനിയുമായി ചേർന്ന് അവയുടെ നിർമ്മാണം ഉടൻ തന്നെ ആരംഭിക്കും, കൂടാതെ 'പാസീവ് റഡാർ' നിർമ്മിക്കുന്നതിനുള്ള മറ്റൊരു കരാറും' വൈകാതെ പൂർത്തിയാകും. ജനറൽ അതോറിറ്റി  ഫോർ ഡിഫൻസ് ഡെവലപ്‌മെന്റിനു കീഴിലാണ് പ്രിൻസ് സുൽത്താൻ സെന്റർ പ്രവർത്തിക്കുന്നത്. സൗദിയുടെ പ്രതിരോധ, സൈനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഒരു അപ്ലൈഡ് റിസർച്ച് സെന്ററാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഡ്രോൺ സംവിധാനങ്ങൾ, സ്മാർട്ട് ആയുധങ്ങളെ നിയന്ത്രക്കുന്ന ലേസർ സംവിധാനങ്ങൾ, റഡാർ സംവിധാനങ്ങൾ, ആന്റി ഡ്രോൺ സംവിധാനങ്ങൾ എന്നിങ്ങനെ നിരവധി നൂതന പ്രതിരോധ സംവിധാനങ്ങളാണ് സെന്റർ വികസിപ്പിച്ചെടുത്തിട്ടുള്ളത്. സെന്റർ സ്ഥാപിച്ച് 8 വർഷമായപ്പോഴേക്കും സെന്ററിലെ അതിസങ്കീർണ്ണമായ എഞ്ചിനീയറിംഗ് സ്‌പെഷ്യാലിറ്റികളിൽ 266ലധികം സ്വദേശി  പുരുഷന്മാരും സ്ത്രീകളും ജോലിചെയ്യുന്നത് അഭിമാനാർഹമായ നേട്ടമാണ്. വലിയ താൽപര്യവും ആത്മാർത്ഥതയുമുള്ള കേഡറുകളാണവരെല്ലാം. ഈ മേഖലകളിലേക്കെല്ലാം സ്വദേശികൾ എത്തിച്ചേർന്നതിൽ എല്ലാവരും ആശ്ചര്യപ്പെടുകയാണെന്നും ഡോ. സാമി അൽ ഹുമൈദി പറഞ്ഞു.
 

Latest News